ഡേവിഡ് ഫിഞ്ചറിന്‍റെ 'ദി കില്ലർ',ട്രെയിലർ പുറത്ത് വിട്ടു
Trending
ഡേവിഡ് ഫിഞ്ചറിന്‍റെ 'ദി കില്ലർ',ട്രെയിലർ പുറത്ത് വിട്ടു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 28th October 2023, 9:45 am

ഡേവിഡ് ഫിഞ്ചർ ഒരുക്കുന്ന നിയോ -നോയർ ആക്ഷൻ ത്രില്ലർ ചിത്രം ‘ദി കില്ലർ’ ന്റെ ട്രെയിലർ പുറത്തിറങ്ങി. അലക്സിസ് മാറ്റ്സ് നോലന്റ് എഴുതിയ അതേ പേരിലുള്ള ഫ്രഞ്ച് ഗ്രാഫിക് നോവൽ പരമ്പരയെ അടിസ്ഥാനമാക്കി ആൻഡ്യൂ കെവിൻ വാക്കറാണ് ദി കില്ലറിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ലുക്ക്‌ ജാകമോൻ ആണ് ചിത്രീകരിച്ചിരിക്കുന്നത്.

ആർലിസ് ഹോവാർഡ്, ചാൾസ് പാർനെൽ, കെറി ഒമാലി, സാല ബേക്കർ, ടിൽഡ സ്വിന്റൺ തുടങ്ങിയവർക്കൊപ്പം മൈക്കൽ ഫാസ്ബെൻഡറും പ്രധാന വേഷത്തിൽ ചിത്രത്തിൽ എത്തുന്നുണ്ട്.

2007ൽ തന്നെ സംവിധായകൻ ഡേവിഡ് ഫിഞ്ചർ കോമിക് പുസ്തകമായ ദി കില്ലറിന്റെ ഒരു അഡാപ്റ്റേഷൻ ഒരുക്കുമെന്ന് പറഞ്ഞിരുന്നു. ബ്രാഡ് പിറ്റിന്റെ പ്ലാൻ ബി എന്റർടൈൻമെന്റ് നിർമ്മിക്കുന്ന ചിത്രം പാരാമൗണ്ട് പിക്ചേഴ്സാണ് വിതരണം ചെയ്യുന്നത്. 2021 ൽ കില്ലർ പ്രമുഖ ഓൺലൈൻ സ്ട്രീമിംഗ് പ്ലാറ്റ്ഫോം ആയ നെറ്റ് ഫ്ലിക്സിന്റെ ഭാഗമായി.

കഴിഞ്ഞ സെപ്റ്റംബറിൽ എൺപതാം വെനീസ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ദി കില്ലർ പ്രദർശിപ്പിച്ചിരുന്നു. സാൻ സെബാസ്റ്റ്യൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ സർപ്രൈസ് സ്ക്രീനിങിനായി ചിത്രത്തെ തിരഞ്ഞെടുത്തിരുന്നു.

നവംബർ പത്തിന് നെറ്റ് ഫ്ലിക്സിലൂടെ ദി കില്ലർ സ്ക്രീനിങ് ആരംഭിക്കും. കഴിഞ്ഞദിവസം തെരഞ്ഞെടുക്കപ്പെട്ട ചില തീയേറ്ററുകളിൽ സിനിമ പ്രദർശനം ആരംഭിച്ചിരുന്നു.

ആക്ഷൻ രംഗങ്ങൾ കൊണ്ട് സമ്പന്നമാണ് ചിത്രമെന്ന് ട്രെയിലറിൽ നിന്ന് തന്നെ വ്യക്തമാണ്. ഫൈറ്റ് ക്ലബ്‌, സെവൻ, സോഡിയാക് തുടങ്ങിയ ശ്രദ്ധേയമായ ചിത്രങ്ങൾ ഒരുക്കിയ ഡേവിഡ് ഫിഞ്ചറിൽ നിന്നും ഒരു ഗംഭീര ചലച്ചിത്ര ആവിഷ്കാരം തന്നെ ലഭിക്കുമെന്നാണ് സിനിമ പ്രേമികളുടെ പ്രതീക്ഷ.

Content Highlight: David Fincher’s Movie The Killer Trailer Release