ആരാടെ ഈ കളിയുടെ ഷെഡ്യൂൾ ഇടുന്നത്;പരാജയപ്പെട്ടതിന് പിന്നാലെ മത്സരക്രമത്തിനെ വിമർശിച്ച് യുണൈറ്റഡ് താരം
football news
ആരാടെ ഈ കളിയുടെ ഷെഡ്യൂൾ ഇടുന്നത്;പരാജയപ്പെട്ടതിന് പിന്നാലെ മത്സരക്രമത്തിനെ വിമർശിച്ച് യുണൈറ്റഡ് താരം
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 13th March 2023, 10:56 am

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വലിയ തിരിച്ചു വരവ് നടത്തും എന്ന പ്രതീക്ഷകൾ ആരാധകർക്ക് നൽകിയ മാഞ്ചസ്റ്റർ യുണൈറ്റഡിന് വീണ്ടും തിരിച്ചടികൾ ലഭിക്കുകയാണ്.

ലിവർപൂളിനെതിരെ ഏഴ് ഗോളിന്റെ പരാജയം ഏറ്റുവാങ്ങിയ ക്ലബ്ബ്‌ ഞായറാഴ്ച നടന്ന മത്സരത്തിൽ റെലിഗേഷൻ സോണിലുള്ള ക്ലബ്ബായ സതാംപ്ടണിനോട് ഗോൾരഹിത സമനില വഴങ്ങിയിരുന്നു.

ഇതോടെ പത്ത് വർഷത്തിന് ശേഷം ഒരു പ്രീമിയർ ലീഗ് കിരീടം എന്ന ക്ലബ്ബിന്റെ മോഹങ്ങൾക്ക് തിരിച്ചടിയേറ്റിരിക്കുകയാണ്.
നിലവിൽ പ്രീമിയർ ലീഗ് ടേബിൾ ടോപ്പർമാരായ ആഴ്സണലിനെക്കാളും മാഞ്ചസ്റ്റർ സിറ്റിയെക്കാളും പത്തിലേറെ പോയിന്റുകൾക്ക് താഴെയാണ് യുണൈറ്റഡിന്റെ നിലവിലെ സ്ഥാനം.

എന്നാലിപ്പോൾ സതാംപ്ടണിനോട് സമനില വഴങ്ങേണ്ടി വന്നതിന് പിന്നാലെ യുണൈറ്റഡിന്റെ മത്സരക്രമത്തെ വിമർശിച്ച് രംഗത്ത് വന്നിരിക്കുകയാണ് യുണൈറ്റഡ് ഗോൾ കീപ്പറായ ഡേവിഡ് ഡെഹയ.

മാഞ്ചാസ്റ്റർ യുണൈറ്റഡ് ടി.വിക്ക് നൽകിയ അഭിമുഖത്തിലാണ് തുടരെയുള്ള മത്സരക്രമത്തെ വിമർശിച്ച് ഡെഹയ രംഗത്ത് വന്നത്.

“ഞങ്ങൾ കളിക്കുന്ന മത്സരങ്ങളുടെ എണ്ണം ശരിക്കും ഭ്രാന്ത് പിടിപ്പിക്കുന്നത്ര കൂടുതലാണ്. എല്ലാ രണ്ട് മൂന്ന് ദിവസത്തിനിടയിലും മത്സരിക്കേണ്ടി വരുന്നത് വലിയ പ്രയാസമാണ് ഞങ്ങൾക്കുണ്ടാക്കുന്നത്.

പ്ലെയേഴ്സിന് ഒരുപാട് ഓടിക്കളിക്കേണ്ടി വരുന്നുണ്ട്. അതിൽ നിന്നും റിക്കവറാകാനുള്ള സമയം പ്ലെയേഴ്സിന് ലഭിക്കണം. പക്ഷെ എല്ലാ മത്സരങ്ങളിലും ഞങ്ങൾക്ക് ആകുന്ന വിധത്തിൽ മികവോടെ കളിക്കാൻ എല്ലാ പ്ലെയേഴ്സും ശ്രമിക്കുന്നുണ്ട്.

പക്ഷെ ചില മത്സരങ്ങളിൽ കാര്യങ്ങൾ നമ്മൾ വിചാരിച്ചത് പോലെ നടന്നെന്ന് വരില്ല. സതാംപ്ടണിനെതിരേയും സംഭവിച്ചത് അതാണ്,’ ഡെഹയ പറഞ്ഞു.

അതേസമയം രണ്ട് മത്സരങ്ങളിൽ തുടർച്ചയായി വിജയിക്കാൻ സാധിച്ചില്ലെങ്കിലും ലീഗിൽ മൂന്നാം സ്ഥാനത്ത് തുടരാൻ മാഞ്ചസ്റ്റർ യുണൈറ്റഡിന് സാധിച്ചിട്ടുണ്ട്. നിലവിൽ 26 മത്സരങ്ങളിൽ നിന്നും 15 വിജയങ്ങളോടെ 50 പോയിന്റാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കിയിട്ടുള്ളത്.

മാർച്ച് 16ന് റയൽ ബെറ്റിസിനെതിരെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അടുത്ത മത്സരം.

Content Highlights: david de gea criticize match shedule