മുംബൈ ഭീകരാക്രമണം:ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിക്ക് 35 വര്‍ഷം തടവ് ശിക്ഷ
World
മുംബൈ ഭീകരാക്രമണം:ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിക്ക് 35 വര്‍ഷം തടവ് ശിക്ഷ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 16th February 2013, 5:42 pm

ഷിക്കാഗോ: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍  ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി (52) ക്ക് യു.എസ്. കോടതി 35 വര്‍ഷം തടവുശിക്ഷ വിധിച്ചു.

കുറ്റം സമ്മതിച്ച് അന്വേഷണവുമായി സഹകരിച്ചതുകൊണ്ടാണ് വധശിക്ഷയില്‍ നിന്നും ഹെഡ്‌ലിയെ  ഒഴിവാക്കിയത്. ഹെഡ്‌ലിക്ക് 30 മുതല്‍ 35 വര്‍ഷം വരെ തടവ് വിധിക്കണമെന്നാണ് ഷിക്കാഗോയിലെ ജില്ലാ കോടതിയില്‍ പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്.[]

കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പരമാവധി ശിക്ഷതന്നെ ജഡ്ജി ഹാരി ലീബന്‍വീവറിന്റെ ബഞ്ച്  വിധിക്കുകയായിരുന്നു. മുംബൈഭീകരാക്രമണത്തില്‍ ഹെഡ്‌ലി നിര്‍ണായകപങ്കുവഹിച്ചുവെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു.

ഇയാളുടെ ഇടപെടലാണ് സ്‌ഫോടനത്തില്‍ മരണസംഖ്യ വര്‍ധിപ്പിച്ചതെന്നും അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. യു.എസ്. പൗരത്വമുള്ള പാകിസ്താന്‍കാരനായ ഹെഡ്‌ലി ആക്രമണം നടത്തേണ്ട സ്ഥലങ്ങളെ സംബന്ധിച്ച വിവരങ്ങളും അവയുടെ വീഡിയോ ദൃശ്യങ്ങളും ഭീകരര്‍ക്ക് കൈമാറിയിരുന്നുവെന്നും  അന്വേഷണഉദ്യോഗസ്ഥര്‍ പറഞ്ഞു.

മറ്റൊരു ഭീകരാക്രമണം ആസൂത്രണം ചെയ്യാനായി ഡെന്‍മാര്‍ക്കിലേക്കു പോകുന്നതിനിടയിലാണ് ഹെഡ്‌ലി പിടിയിലായത്. എന്നാല്‍ ഇയാള്‍ക്കൊപ്പം അറസ്റ്റിലായ മുംബൈ ആക്രമണക്കേസിലെ പ്രതി തഹാവുര്‍ റാണയെ നേരത്തേ കുറ്റമുക്തനാക്കിയിരുന്നുവെങ്കിലും കോപ്പന്‍ഹേഗനിലെ ഡാനിഷ് ദിനപത്രം ജിലാന്‍ഡ്‌സ് പോസ്റ്റണെതിരെയുള്ള ആക്രമണത്തിന് ലഷ്‌കറെ തോയ്ബയെ സഹായിച്ചുവെന്ന കണ്ടെത്തലിനെ തുടര്‍ന്ന്  14 വര്‍ഷത്തെ തടവിനു ശിക്ഷിച്ചിരുന്നു.

ഹെഡ്‌ലിയെ പിടികൂടാന്‍ കഴിഞ്ഞതില്‍ അമേരിക്ക അഭിമാനിക്കുന്നുവെന്നും അദ്ദേഹത്തെ കൂടാതെ മന്‍സൂര്‍ അര്‍ബാബ്‌സിയര്‍, നജിബുള്ള സാസി, ഫൈസല്‍ സഹ്‌സാദ്, ഉമര്‍ ഫറൂഖ് അബ്ദുല്‍മുത്തലബ് എന്നിവരെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞതും അഭിമാനകരമാണെന്നും യു.എസ് സര്‍ക്കാരിന്റെ ഭീകരവിരുദ്ധപദ്ധതികളുടെ ഉപദേഷ്ടാവ് ജോണ്‍ ബ്രണ്ണന്‍ അറിയിച്ചു.