അമേരിക്കന്‍ ലീഗ് സോക്കര്‍ ക്ലബ്ബായ ഇന്റര്‍ മയാമിയില്‍ കഴിഞ്ഞ ദിവസമായിരുന്നു അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസിയുടെ അരങ്ങേറ്റ മത്സരം നടന്നത്. അമേരിക്കന്‍ ക്ലബ്ബിനായി കളിച്ച ആദ്യ മത്സരത്തില്‍ തന്നെ ഗോള്‍ നേടിയ മെസിയെ പുകഴ്ത്തി നിരവധിയാളുകളാണ് രംഗത്തെത്തിയത്.
മെസിയുടെയും ബുസ്‌ക്വെറ്റ്‌സിന്റെയും അരങ്ങേറ്റ മത്സരത്തില്‍ ഇന്റര്‍ മയാമി വിജയിച്ചപ്പോള്‍ ക്ലബ്ബിന്റെ ഉടമകളില്‍ ഒരാളായ ഡേവിഡ് ബെക്കാമിന് സന്തോഷം അടക്കാനായിരുന്നില്ല. അദ്ദേഹം വികാരാധീനനായിരിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇരുതാരങ്ങളുടെയും ഇന്റര്‍ മയാമിയിലെ ആദ്യ മത്സരത്തില്‍ അത്തരത്തിലൊരു ജയം പ്രതീക്ഷിച്ചിരുന്നെന്നാണ് മാച്ചിന് ശേഷം ബെക്കാം മാധ്യമങ്ങളോട് പറഞ്ഞത്.
‘ഫ്രീ കിക്ക് കിട്ടിയപ്പോള്‍ തന്നെ ഞാന്‍ ചിന്തിച്ചിരുന്നു ഇതിങ്ങനെ അവസാനിക്കുമെന്ന്. പ്രത്യേകിച്ച് ലിയോയെയും ബുസ്‌ക്വെറ്റ്‌സിനെയും പോലുള്ള താരങ്ങളെ കളത്തില്‍ ലഭിക്കുമ്പോള്‍ അതങ്ങനെയേ സംഭവിക്കൂ.
ഞങ്ങളുടെ ആരാധകരെ ആകാംക്ഷാഭരിതരാക്കിയ രാത്രിയായിരുന്നു അത്. ലിയോയുടെ ചുവടുവെപ്പുകള്‍ കാണാന്‍ ആളുകള്‍ തിങ്ങിക്കൂടുകയായിരുന്നു. ഇത് ഈ ലീഗിന് മാത്രമല്ല ഈ രാജ്യത്തിന് തന്നെ സന്തോഷം നല്‍കുന്ന കാര്യമായിരുന്നു. ഇത് ഞങ്ങള്‍ക്കെല്ലാവര്‍ക്കും അഭിമാനം നല്‍കുന്ന നിമിഷമാണ്,’ ബെക്കാം പറഞ്ഞു.
ലീഗ് കപ്പിലെ ആദ്യ മത്സരത്തില്‍ ക്രൂസ് അസൂളിനെതിരെയായിരുന്നു മെസി കളത്തിലിറങ്ങിയത്. 1-1ന്റെ സമനിലയില്‍ പിരിയാനൊരുങ്ങിയ മത്സരത്തിന്റെ 94ാം മിനിട്ടില്‍ മെസിയുടെ ഫ്രീ കിക്കിലൂടെ ഇന്റര്‍ മയാമി ജയിക്കുകയായിരുന്നു. മയാമിയുടെ വിജയത്തിന് പിന്നാലെ മെസിയെ വാനോളം പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ആരാധകര്‍.
എം.എല്‍.എസില്‍ ഒറ്റയാള്‍ പോരാട്ടമാണ് മെസി നടത്തിയതെന്നും ലിയോക്ക് മാത്രമെ അതിന് സാധിക്കൂ എന്നും ആരാധകരില്‍ ചിലര്‍ ട്വീറ്റ് ചെയ്തു. മെസിയെ പ്രശംസിക്കുന്നതോടൊപ്പം ക്രിസ്റ്റ്യാനോയെ വിമര്‍ശിച്ചും ചിലര്‍ രംഗത്തെത്തി. മത്സരത്തിന്റെ ആദ്യ ഇലവനില്‍ മെസി ഉണ്ടായിരുന്നില്ല. ആദ്യ പകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ ബാക്കി നില്‍ക്കെ റോബേര്‍ട്ട് ടെയ്ലറിലൂടെ മയാമി ലീഡെടുക്കുകയായിരുന്നു. രണ്ടാം പകുതിയുടെ 54ാം മിനിട്ടില്‍ ബെഞ്ചമിന്‍ ക്രെമാസ്ചിക്ക് പകരക്കാരനായാണ് പത്താം നമ്പര്‍ കുപ്പായത്തില്‍ ഇതിഹാസം ഇറങ്ങിയത്.
മെസി ഇറങ്ങി പത്ത് മിനിട്ട് കഴിഞ്ഞപ്പോഴേക്കും യൂറിയല്‍ അന്റൂന ക്രൂസ് അസൂളിനായി സമനില പിടിച്ചു. മികച്ച വരവേല്‍പ്പായിരുന്നു ലോക ചാമ്പ്യന് അമേരിക്കന്‍ ലീഗിലെ തന്റെ ആദ്യ മത്സരത്തില്‍ ലഭിച്ചത്. ഓരോ തവണ താരം പന്ത് തൊടുമ്പോഴും ഗ്യാലറിയില്‍ മെസി ചാന്റുകള്‍ മുഴങ്ങി.
ടെന്നീസ് ഇതിഹാസം സെറീന വില്യംസ് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ മെസിയുടെ മേജര്‍ ലീഗ് സോക്കര്‍ അരങ്ങേറ്റം കാണാനെത്തിയിരുന്നു. അതേസമയം, മത്സരത്തില്‍ ജയിക്കാനായെങ്കിലും പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്ത് തുടരുകയാണ് മയാമി. ഇതുവരെ കളിച്ച 22 മത്സരങ്ങളില്‍ അഞ്ച് തവണ മാത്രമാണ് ഇന്റര്‍ മയാമിക്ക് ജയിക്കാനായത്. മത്സരത്തില്‍ ജയിച്ചെങ്കിലും പോയിന്റ് പട്ടികയില്‍ ഇന്റര്‍ മയാമി ഇപ്പോഴും അവസാന സ്ഥാനത്ത് തന്നെയാണ്.