ക്ലബ്ബ് ഫുട്‌ബോളില്‍ ലയണല്‍ മെസിയുടെ ഭാവി അനിശ്ചിതത്വത്തിലാണ്. വരുന്ന ജൂണിലാണ് പി.എസ്.ജിയുമായുള്ള താരത്തിന്റെ കരാര്‍ അവസാനിക്കുക. പാരീസില്‍ തുടരാന്‍ മെസിക്ക് താത്പര്യമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഇതിനിടെ സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ ഹിലാലില്‍ നിന്ന് താരത്തിന് 400 മില്യണ്‍ യൂറോയുടെ ഓഫര്‍ ഉണ്ടായിരുന്നെന്നും എന്നാല്‍ അദ്ദേഹമത് സ്വീകരിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. മുന്‍ തട്ടകമായ ബാഴ്‌സലോണയിലേക്ക് തിരികെ പോകാനാണ് മെസി പദ്ധതിയിടുന്നതെന്നും അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്.
ഈ ക്ലബ്ബുകള്‍ക്ക് പുറമെ ഇതിഹാസ താരം ഡേവിഡ് ബെക്കാമിന്റെ ഇന്റര്‍മിയാമിയാണ് താരത്തെ സൈന്‍ ചെയ്യിക്കാന്‍ രംഗത്തുള്ളത്. ബെക്കാം മുമ്പ് തന്നെ മെസിയോടുളള തന്റെ താത്പര്യം പ്രകടിപ്പിച്ചിരുന്നെന്നും വിരമിക്കുന്നതിന് മുമ്പ് ഒരിക്കലെങ്കിലും എം.എല്‍.എസ് കളിക്കണമെന്ന് മെസി ആഗ്രഹം പ്രകടിപ്പിച്ചിരുന്നെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
മെസിയെ കൂടാതെ മറ്റ് രണ്ട് താരങ്ങളെ കൂടി സ്വന്തമാക്കാന്‍ പദ്ധതിയിട്ടിരിക്കുകയാണ് ഇന്റര്‍ മിയാമി. സൂപ്പര്‍ താരം ലൂയിസ് സുവാരസ് ആണ് ആദ്യ നോട്ടപ്പുള്ളി. ഉടന്‍ തന്നെ താരത്തെ സ്വന്തമാക്കാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് ഇന്റര്‍ മിയാമി.
സെര്‍ജിയോ ബുസെക്കറ്റ്സാണ് അടുത്തത്. താരം ഈ സീസണിന് ശേഷം ബാഴ്സ വിടാനുള്ള സാധ്യതകള്‍ ഏറെയാണ് എന്ന വാര്‍ത്ത സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അടുത്ത സീസണില്‍ മെസി, സുവാരസ്, ബുസെക്കറ്റ്സ് എന്നിവര്‍ അണിനിരക്കുന്ന താര നിരയെ സ്വന്തമാക്കുമെന്ന് ഉറച്ച് വിശ്വസിച്ചിരിക്കുകയാണ് ബെക്കാം.
ക്ലബ്ബ് ഇന്റര്‍നാഷണല്‍ ഡി ഫുട്‌ബോള്‍ മിയാമി എന്നാണ് ഇന്റര്‍മിയാമിയുടെ മുഴുവന്‍ പേര്. വലിയ ഫാന്‍ബേസ് നേടാന്‍ സാധ്യതയുണ്ടെന്ന് ബോധ്യപ്പെട്ടതോടെയാണ് ബെക്കാം മിയാമി കേന്ദ്രീകരിച്ച് ക്ലബ്ബ് തുടങ്ങിയത്. കഴിഞ്ഞ സീസണുകളില്‍ ഇന്റര്‍ മിയാമിയുടെ അണ്ടര്‍ 13, അണ്ടര്‍ 14 ടീമുകളുടെ മത്സരത്തിന് വന്‍ ജനക്കൂട്ടം എത്തിയിരുന്നു.
എന്നാല്‍ യൂറോപ്പില്‍ നിന്ന് വലിയ താരങ്ങളെ എത്തിക്കാനുള്ള ശ്രമം ഫലവത്തായിരുന്നില്ല. അര്‍ജന്റീന ടീനേജര്‍ മാതിയാസ് പെല്ലെഗ്രിനി, മെക്‌സിക്കോ ഇന്റര്‍നാഷണല്‍ മിഡ്ഫീല്‍ഡര്‍ പിസാറോ, സ്‌കോട്‌ലന്‍ഡ് വിങ്ങര്‍ മോര്‍ഗന്‍ എന്നിവരാണ് ടീമിലെ പ്രധാനികള്‍. മെക്‌സിക്കന്‍ ക്ലബ്ബുകള്‍ക്കൊപ്പം രണ്ട് തവണ കോണ്‍കകാഫ് ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിയ ഡിയഗോ അലോണ്‍സോയാണ് ഹെഡ് കോച്ച്.