| Friday, 28th April 2023, 11:56 am

ടീമില്‍ അഴിച്ചുപണി നടത്താനൊരുങ്ങി ഡേവിഡ് ബെക്കാം😎; നോട്ടമിടുന്നത് ബാഴ്‌സലോണ താരങ്ങളെ; റിപ്പോര്‍ട്ട്

സ്പോര്‍ട്സ് ഡെസ്‌ക്

ഇതിഹാസ താരം ഡേവിഡ് ബെക്കാം തന്റെ ക്ലബ്ബായ ഇന്റര്‍മിയാമിയില്‍ അഴിച്ചുപണി നടത്താനൊരുങ്ങുന്നെന്ന് റിപ്പോര്‍ട്ട്. ലയണല്‍ മെസിയെയടക്കമുള്ള ബാഴ്‌സലോണയില്‍ മുമ്പ് കളിച്ചതും നിലവില്‍ ക്ലബ്ബില്‍ തുടരുന്നവരുമായ താരങ്ങളെ ഇന്റര്‍മിയാമിയില്‍ എത്തിക്കാനാണ് ബെക്കാം ശ്രമം നടത്തുന്നത്. ബെക്കാം നേരത്തെ തന്നെ മെസിയോടുള്ള തന്റെ താത്പര്യം പ്രകടപ്പിച്ചിരുന്നു.

വിരമിക്കുന്നതിന് മുമ്പ് ഒരിക്കലെങ്കിലും എം.എല്‍.എസ് കളിക്കണമെന്ന ആഗ്രഹം മെസി മുമ്പൊരിക്കല്‍ ഒരഭിമുഖത്തില്‍ തുറന്ന് പറയകയും ചെയ്തിരുന്നു. മെസിയെ കൂടാതെ സൂപ്പര്‍ താരം ലൂയിസ് സുവാരസ് ആണ് ബെക്കാമിന്റെ നോട്ടപ്പുള്ളികളിലൊരാള്‍. താരം നിലവില്‍ ബ്രസീലിയന്‍ സീരി എ ക്ലബ്ബിലാണ് കളിക്കുന്നത്.

സെര്‍ജിയോ ബുസ്‌കെറ്റ്‌സാണ് മറ്റൊരു താരം. ബുസ്‌ക്കെറ്റ്‌സ് ഈ സീസണിന് ശേഷം ബാഴ്സ വിടാനുള്ള സാധ്യതകള്‍ ഏറെയാണ് എന്ന വാര്‍ത്ത സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. താരത്തെയും ഉടന്‍ ടീമിലെത്തിക്കാന്‍ കഴിയുമെന്നുള്ള പ്രതീക്ഷയിലാണ് ഇന്റര്‍ മിയാമി. അടുത്ത സീസണില്‍ മെസി, സുവാരസ്, ബുസെക്കറ്റ്സ് എന്നിവര്‍ അണിനിരക്കുന്ന താര നിരയെ സ്വന്തമാക്കുമെന്ന് ഉറച്ച് വിശ്വസിച്ചിരിക്കുകയാണ് ഇന്റര്‍ മിയാമി.

ക്ലബ്ബ് ഇന്റര്‍നാഷണല്‍ ഡി ഫുട്‌ബോള്‍ മിയാമി എന്നാണ് ഇന്റര്‍മിയാമിയുടെ മുഴുവന്‍ പേര്. വലിയ ഫാന്‍ബേസ് നേടാന്‍ സാധ്യതയുണ്ടെന്ന് ബോധ്യപ്പെട്ടതോടെയാണ് ബെക്കാം മിയാമി കേന്ദ്രീകരിച്ച് ക്ലബ്ബ് തുടങ്ങിയത്. കഴിഞ്ഞ സീസണുകളില്‍ ഇന്റര്‍ മിയാമിയുടെ അണ്ടര്‍ 13, അണ്ടര്‍ 14 ടീമുകളുടെ മത്സരത്തിന് വന്‍ ജനക്കൂട്ടം എത്തിയിരുന്നു.

എന്നാല്‍ യൂറോപ്പില്‍ നിന്ന് വലിയ താരങ്ങളെ എത്തിക്കാനുള്ള ശ്രമം ഫലവത്തായിരുന്നില്ല. അര്‍ജന്റീന ടീനേജര്‍ മാതിയാസ് പെല്ലെഗ്രിനി, മെക്‌സിക്കോ ഇന്റര്‍നാഷണല്‍ മിഡ്ഫീല്‍ഡര്‍ പിസാറോ, സ്‌കോട്‌ലന്‍ഡ് വിങ്ങര്‍ മോര്‍ഗന്‍ എന്നിവരാണ് ടീമിലെ പ്രധാനികള്‍. മെക്‌സിക്കന്‍ ക്ലബ്ബുകള്‍ക്കൊപ്പം രണ്ട് തവണ കോണ്‍കകാഫ് ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിയ ഡിയഗോ അലോണ്‍സോയാണ് ഹെഡ് കോച്ച്.

വരുന്ന ജൂണില്‍ പി.എസ്.ജിയുമായുള്ള കരാര്‍ അവസാനിക്കാനിരിക്കെ ക്ലബ്ബില്‍ തുടരുമോ എന്നുള്ള കാര്യത്തില്‍ താരം വ്യക്തത നല്‍കിയിട്ടില്ല. തന്റെ പഴയ തട്ടകമായ ബാഴ്‌സലോണയിലേക്ക് തന്നെ മടങ്ങാനാണ് മെസി പദ്ധതിയിടുന്നതെന്ന് നിരവധി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ വിഷയത്തില്‍ മെസി തന്റെ തീരുമാനം അറിയിച്ചിട്ടില്ല.

ഇതിനകം സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ ഹിലാലില്‍ നിന്ന് മെസിക്ക് 400 മില്യണ്‍ ഡോളര്‍ വാഗ്ദാനം ചെയ്തിരുന്നെന്നും എന്നാല്‍ അദ്ദേഹം അത് നിരസിക്കുകയായിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്. കരിയറിന്റെ അവസാനഘട്ടത്തിലാണെന്നിരിക്കെ യൂറോപ്പില്‍ തന്നെ കളിച്ച് വിരമിക്കാനാണ് മെസി പദ്ധതിയിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

Content Highlights: David Beckham wants to sign with Lionel Messi, Luis Suarez and Sergio Busquets

We use cookies to give you the best possible experience. Learn more