അര്‍ജന്റീനന്‍ ഇതിഹാസം ലയണല്‍ മെസിയെ പ്രശംസിച്ച് ഇംഗ്ലണ്ട് ഇതിഹാസം ഡേവിഡ് ബെക്കാം. മെസിയുടെ ഇന്റര്‍ മയാമിയിലേക്കുള്ള വരവിനെകുറിച്ചായിരുന്നു ബെക്കാം പങ്കുവെച്ചത്.
മെസി അമേരിക്കയ്ക്കും എം.എല്‍.എസിനുമുള്ള ഞങ്ങളുടെ സമ്മാനമാണെന്നാണ് ഇംഗ്ലീഷ് ഇതിഹാസം പറഞ്ഞത്.
‘മെസി അമേരിക്കയിലേക്ക് വന്നത് മയാമിയിലേക്ക് മാത്രമല്ല. പകരം അമേരിക്കയ്ക്കും എം.എല്‍.എസിനുമുള്ള ഞങ്ങളുടെ സമ്മാനമായിരുന്നു അത്. കാരണം മെസിയെ പോലുള്ള ഒരാള്‍ക്ക് കളി തന്നെ മാറ്റി മറിക്കാന്‍ സാധിക്കും. മെസി പുതിയ തലമുറയിലെ ഫുട്‌ബോള്‍ കളിക്കാരെ വളരെയധികം പ്രചോദിപ്പിക്കുന്നുണ്ട്. അതുകൊണ്ടാണ് ലിയോയെ ടീമിലേക്ക് കൊണ്ടുവരാന്‍ ഞങ്ങള്‍ ആഗ്രഹിച്ചത്. ഞങ്ങള്‍ ചാമ്പ്യന്‍ഷിപ്പുകള്‍ നേടിക്കൊണ്ട് ലീഗിലെ ഏറ്റവും മികച്ച ടീമാവാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ ഞങ്ങള്‍ അവനെ ഇങ്ങോട്ട് കൊണ്ടുവന്നതിന്റെ ഒരു കാരണം അമേരിക്കയിലെ അടുത്ത തലമുറയിലെ ഫുട്‌ബോള്‍ കളിക്കാരെ പ്രചോദിപ്പിക്കുക എന്നതായിരുന്നു. ഫുട്‌ബോള്‍ കളിക്കാരാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവന്‍ ഒരു പ്രചോദനമായിരിക്കും,’ ബെക്കാം എ.എഫ്.പിയോട് പറഞ്ഞു.
മെസിയുടെ വരവോടെ എം.എല്‍.എസ്സിന് പ്രത്യേകമായൊരു സ്വീകാര്യത ലഭിച്ചു. ഇന്റര്‍ മയാമിക്ക് പുറമെ അമേരിക്കയിലെ ഫുട്‌ബോള്‍ ആരാധകരെ മുഴുവന്‍ ആകര്‍ഷിക്കാന്‍ അര്‍ജന്റീനന്‍ ഇതിഹാസത്തിന് സാധിച്ചു. കൂടുതല്‍ താരങ്ങളെയും പുതിയ പ്രേക്ഷകരെയും അമേരിക്കന്‍ ഫുട്‌ബോളിലേക്ക് ആകര്‍ഷിക്കപ്പെടാന്‍ മെസിയുടെ വരവ് ഒരു വലിയ കാരണമായി. യു.എസ് ഫുട്‌ബോളിന്റെ പ്രൊഫൈല്‍ വന്‍തോതില്‍ വര്‍ദ്ധിപ്പിക്കാനും അര്‍ജന്റീനന്‍ ഇതിഹാസത്തിന് സാധിച്ചു.
മെസിക്ക് പിന്നാലെ ബാഴ്‌സലോണ താരങ്ങളായ ജോഡി ആല്‍ബ സെര്‍ജിയോ ബസ്‌ക്വറ്റ്‌സ് എന്നീ താരങ്ങളും മയാമിയിലേക്ക് ചേക്കേറിയിരുന്നു.
ഈ സമ്മറില്‍ ഫ്രഞ്ച് വമ്പന്‍മാരായ പാരീസ് സെയ്ന്റ് ജെര്‍മെനില്‍ നിന്നുമാണ് മെസി ഇന്റര്‍ മയാമിയില്‍ എത്തുന്നത്. തന്റെ അരങ്ങേറ്റ സീസണ്‍ തന്നെ അവിസ്മരണീയമാക്കാന്‍ മെസിക്ക് സാധിച്ചു.
സൂപ്പര്‍താരത്തിന്റെ വരവോടുകൂടി ഇന്റര്‍ മയാമി മികച്ച വിജയ കുതിപ്പാണ് മേജര്‍ ലീഗ് സോക്കറില്‍ കാഴ്ചവെച്ചത്. 11 ഗോളുകളും അഞ്ച് അസിസ്റ്റുകളുമാണ് മെസി മയാമിക്കായി നേടിയത്. ക്ലബ്ബിന്റെ ചരിത്രത്തില്‍ ഇതുവരെ ഇല്ലാതിരുന്ന ലീഗ്സ് കപ്പ് കിരീടം മെസിയുടെ നേതൃത്വത്തില്‍ നേടാനും ടീമിന് സാധിച്ചു.
Content Highlight: David Beckham praises Lionel Messi.