സൂപ്പര്‍ താരം ലയണല്‍ മെസിയെ പുകഴ്ത്തി ഫുട്‌ബോള്‍ ഇതിഹാസവും മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റനുമായ ഡേവിഡ് ബെക്കാം. താരത്തിന്റെ വിനയം അമേരിക്കയെ ഒന്നാകെ അമ്പരപ്പിച്ചെന്നും അസാധാരണ കഴിവുകളുള്ള സാധാരണക്കാരന്‍ മാത്രമാണ് മെസിയെന്നുമാണ് ബെക്കാം പറഞ്ഞത്.
സ്‌കൈ സ്‌പോര്‍ട്‌സിന്റെ സ്റ്റിക് ടു ഫുട്‌ബോള്‍ പോഡ്കാസ്റ്റിലായിരുന്നു ബെക്കാം മെസിയെ പുകഴ്ത്തിയത്.
‘അവന്‍ വളരെയധികം വിനയാന്വിതനായ വ്യക്തയാണ്. അവന്‍ ഒരിക്കലും ഒറ്റക്കാകാറില്ല. എല്ലായിടത്തും ആരാധകര്‍ അവന്‍ പിന്തുടരുകയാണ്. അവന്‍ കാറില്‍ കയറുന്നതും കാറോടിച്ച് പോകുന്നതും കാണുന്നതിന് ദിവസവും ആയിരക്കണക്കിന് ആളുകളാണ് ട്രെയ്‌നിങ് ഗ്രൗണ്ടില്‍ എത്താറുള്ളത്.
മയാമിയിലെത്തിയപ്പോള്‍ മുതല്‍ക്കുതന്നെ അവന്‍ സ്വയം കാറോടിച്ച് പോയി സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് മടങ്ങുകയാണ് ചെയ്യാറുള്ളത്. ഇതുകണ്ട് എല്ലാവരും ഒന്നടങ്കം ഞെട്ടിപ്പോയി, പക്ഷേ അത് മെസിയാണ്. അവനങ്ങനെ തന്നെയാണ്.
അവന്‍ വളരെയധികം വിനയമുള്ളവനാണ്. കഠിനാധ്വാനിയാണ്. മികച്ച കുടുംബമാണ് അവനുള്ളത്. അവന്റെ പങ്കാളിയും കുട്ടികളുമെല്ലാം വളരെ മികച്ചതാണ്. അസാധാരണമാംവിധം കഴിവുകളുള്ള സാധാരണക്കാരന്‍ മാത്രമാണ് മെസി,’ ബെക്കാം പറഞ്ഞു.
ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിച്ച സൈനിങ്ങായിരുന്നു ലയണല്‍ മെസിയുടേത്. തന്റെ യൂറോപ്യന്‍ അധ്യായങ്ങള്‍ക്ക് വിരാമമിട്ടാണ് മെസി മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബായ ഇന്റര്‍ മയാമിയിലേക്ക് ചേക്കേറിയത്.
പി.എസ്.ജിയുമായി കരാര്‍ അവസാനിപ്പിച്ച മെസി ബാഴ്‌സയിലേക്ക് മടങ്ങുമെന്നും അതല്ല മറ്റേതെങ്കിലും യൂറോപ്യന്‍ ക്ലബ്ബുകളിലേക്ക് ചേക്കേറുമെന്നുമായിരുന്നു അഭ്യൂഹങ്ങളുണ്ടായിരുന്നത്.
സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അല്‍ നസറുമായി കരാറിലെത്തിയപ്പോള്‍ അല്‍ നസറിന്റെ ചിരവൈരികളായ അല്‍ ഹിലാല്‍ മെസിയെ സ്വന്തമാക്കാനൊരുങ്ങുകയാണെന്നും കോടിക്കണക്കിന് രൂപയുടെ ഓഫറുകള്‍ മുമ്പോട്ട് വെച്ചെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
എന്നാല്‍ മെസി ഹെറോണ്‍സിന്റെ തട്ടകമായ ഡി.ആര്‍.വി പി.എന്‍.കെ സ്റ്റേഡിയത്തിലേക്ക് ചുവടുമാറ്റുകയായിരുന്നു. മെസിയുടെ വരവിന് പിന്നാലെ സ്വപ്നതുല്യമായ കുതിപ്പാണ് മയാമി നടത്തുന്നത്. തോല്‍വി മാത്രം ശീലമാക്കിയ മയാമിയെ അവരുടെ ആദ്യ കിരീടത്തിലേക്കും മെസി നയിച്ചിരുന്നു.
Content Highlight: David Beckham praises Lionel Messi