| Thursday, 23rd November 2023, 8:10 pm

അത് മെസി തന്നെയായിരിക്കണം, ഒരുപാട് കാരണങ്ങളാല്‍ അവനെയെനിക്ക് ഇഷ്ടമാണ്: റോണോയുടെ മുന്‍ സഹതാരം

സ്പോര്‍ട്സ് ഡെസ്‌ക്

സൂപ്പര്‍ താരം ലയണല്‍ മെസിയുടെ മത്സരങ്ങള്‍ കാണാനാണ് താന്‍ ഏറെ ഇഷ്ടപ്പെടുന്നതെന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇതിഹാസ താരം ഡേവിഡ് ബെക്കാം. മെസി നിലവില്‍ ബൂട്ട് കെട്ടുന്ന ഇന്റര്‍ മയാമിയുടെ സഹ ഉടമ കൂടിയാണ് ബെക്കാം.

തനിക്കൊപ്പം മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ പന്തുതട്ടിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ മറികടന്നുകൊണ്ടാണ് ബെക്കാം മെസിയെ തെരഞ്ഞെടുത്തത്.

ഇ.എസ്.പി.എന്‍ അര്‍ജന്റീനക്ക് നല്‍കിയ അഭിമുഖത്തില്‍ ആരുടെ മത്സരം കാണുന്നതാണ് കൂടുതലിഷ്ടം എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ബെക്കാം.

‘അത് മെസി തന്നെ ആയിരിക്കണം. പല കാരണങ്ങള്‍ കൊണ്ടും എനിക്ക് മെസിയെ ഒരുപാട് ഇഷ്ടമാണ്. ഒരു നല്ല അച്ഛന്‍ എന്ന നിലയില്‍ എനിക്ക് മെസിയെ ഒരുപാട് ഇഷ്ടമാണ്. മികച്ച വ്യക്തിത്വമാണെന്നതുകൊണ്ട് അവനെയെനിക്ക് ഇഷ്ടമാണ്.

അവന്‍ വളരെ മികച്ച ഒരു മനുഷ്യനാണ്. എന്നാല്‍ ഗ്രൗണ്ടിലെ അവന്റെ കളിശൈലിയാണ് എല്ലാവരും മെസിയെ ഇഷ്ടപ്പെടാന്‍ കാരണമെന്നാണ് ഞാന്‍ കരുതുന്നത്,’ ബെക്കാം പറഞ്ഞു.

അര്‍ജന്റീനയുടെ 2022 ലോകകപ്പ് വിജയത്തെ കുറിച്ചും മെസിയുടെ പ്രകടനത്തെ കുറിച്ചും ബെക്കാം സംസാരിച്ചു.

‘അവന്‍ അത്യധികം പാഷനോടെയാണ് ഗെയിം കളിക്കുന്നത്. വളരെ ഫ്രീയായാണ് അവന്‍ കളിക്കുന്നത്. ഈ കഴിഞ്ഞ ലോകകപ്പിനെ കുറിച്ചാണ് വീണ്ടും ഞാന്‍ ചിന്തിക്കുന്നത്. തന്റെ ടീമിന് വേണ്ടിയും രാജ്യത്തിന് വേണ്ടിയും ആ ലോകകപ്പ് നേടുന്നതിനും അദ്ദേഹം കളിച്ച രീതി അവിശ്വസനീയമാണെന്നാണ് ഞാന്‍ കരുതുന്നത്. അവനെ പോലുള്ള താരങ്ങളുടെ മത്സരം കാണാന്‍ ഞാന്‍ ഏറെ ഇഷ്ടപ്പെടുന്നു,’ ബെക്കാം കൂട്ടിച്ചേര്‍ത്തു.

അതേസമയം, കഴിഞ്ഞ ദിവസം നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ അര്‍ജന്റീന ചിരവൈരികളായ ബ്രസീലിനെ പരാജയപ്പെടുത്തിയിരുന്നു.

മാരക്കാന സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് മെസിപ്പട ബ്രസീലിനെ പരാജയപ്പെടുത്തിയത്. 61ാം മിനിട്ടില്‍ നിക്കോളാസ് ഒട്ടമെന്‍ഡിയാണ് അര്‍ജന്റീനക്കായി വിജയഗോള്‍ നേടിയത്.

Content highlight: David Beckham praises Lionel Messi

Latest Stories

We use cookies to give you the best possible experience. Learn more