ഡി ഗിയ ഇന്റര്‍ മയാമിയിലേക്കോ, റാഞ്ചാനൊരുങ്ങി ബെക്കാം? റിപ്പോര്‍ട്ടുകള്‍
Football
ഡി ഗിയ ഇന്റര്‍ മയാമിയിലേക്കോ, റാഞ്ചാനൊരുങ്ങി ബെക്കാം? റിപ്പോര്‍ട്ടുകള്‍
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 19th November 2023, 1:05 pm

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മുന്‍ സ്പാനിഷ് ഗോള്‍ കീപ്പര്‍ ഡേവിഡ് ഡി ഗിയയെ ഇന്റര്‍ മയാമിയില്‍ എത്തിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഇന്റര്‍ മയാമി സഹഉടമയായ ഇംഗ്ലണ്ട് ഇതിഹാസം ഡേവിഡ് ബെക്കാം ഡിഗിയയെ ടീമില്‍ എത്തിക്കാന്‍ ആഗ്രഹിക്കുന്നുവെന്നാണ് ഡെയ്ലി സ്റ്റാര്‍ റിപ്പോര്‍ട്ട് ചെയ്തത്.

മാഞ്ചസ്റ്റര്‍ യൂണൈറ്റഡുമായുള്ള ഡി ഗിയയുടെ കരാര്‍ ഈ സമ്മറില്‍ അവസാനിച്ചിരുന്നു. നിലവില്‍ താരം ഒരു ക്ലബ്ബിലും കളിക്കുന്നില്ല. അതുകൊണ്ടുതന്നെ താരത്തിന് അടുത്ത ഓപ്ഷന്‍ എന്താണെന്ന് തീരുമാനിക്കുന്നതിനുള്ള അവസരങ്ങള്‍ മുന്നിലുണ്ട്.

താരത്തിന് പിന്നാലെ സൗദി ക്ലബ്ബുകള്‍ രംഗത്തുണ്ടായിരുന്നു എന്നാല്‍ ഇതിനെയെല്ലാം ഡി ഗിയ നിരാകരിക്കുകയായിരുന്നു.

ഡി ഗിയ ലാ ലിഗയിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹമുള്ളതായി റിപ്പോര്‍ട്ടുകള്‍ നിലനിന്നിരുന്നു. സ്പാനിഷ് ക്ലബ്ബുകളായ വലന്‍സിയും റയല്‍ ബെറ്റിസും സ്പാനിഷ് ഗോള്‍ കീപ്പറെ ടീമിലെത്തിക്കാന്‍ ശ്രമങ്ങള്‍ നടത്തുന്നുണ്ടെങ്കിലും ഡി ഗിയയുടെ വേതനം വളരെ വലുതായതിനാല്‍ ഈ ശ്രമങ്ങള്‍ എല്ലാം അവര്‍ ഉപേക്ഷിക്കുകയായിരുന്നു.

നിലവില്‍ ഇന്റര്‍ മയാമിയില്‍ ലയണല്‍ മെസിക്കൊപ്പം കളിക്കാനുള്ള ഓഫര്‍ ഡിഗിയ സ്വീകരിക്കുമോ എന്ന് കണ്ടു തന്നെ അറിയണം. ഫ്രഞ്ച് വമ്പന്‍മാരായ പാരീസ് സെയ്ന്റ് ജെര്‍മെനില്‍ നിന്നുമാണ് മെസി മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബ് ഇന്റര്‍ മയാമിയില്‍ എത്തുന്നത്.

മെസിക്കുപിന്നാലെ സ്പാനിഷ് താരങ്ങളായ സെര്‍ജിയോ ബസ്‌ക്വറ്റ്‌സ് ജോഡി അല്‍ബ എന്നിവരും ടീമില്‍ മയാമിയിലേക്ക് ചേക്കേറിയിരുന്നു. മെസിയുടെ വരവോടെ അമേരിക്കന്‍ ഫുട്‌ബോളിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. അരങ്ങേറ്റ സീസണ്‍ തന്നെ അവിസ്മരണീയമാക്കാന്‍ മെസിക്ക് സാധിച്ചിരുന്നു. മയാമിയുടെ ചരിത്രത്തില്‍ ഇതുവരെ ഇല്ലാതിരുന്ന ലീഗ്സ് കപ്പ് നേടാനും മെസിക്ക് സാധിച്ചു.

ഓള്‍ഡ് ട്രഫോഡില്‍ ഏഴ് വര്‍ഷത്തെ നീണ്ട കരിയര്‍ കെട്ടിപ്പടുത്തുയര്‍ത്തിയതിനുശേഷമാണ് സ്പാനിഷ് ഗോള്‍ കീപ്പര്‍ ക്ലബ്ബ് വിട്ടത്. റെഡ് ഡെവിള്‍സിനൊപ്പം 147 ക്ലീന്‍ ഷീറ്റുകളാണ് താരത്തിന്റെ പേരിലുള്ളത്. ഡി ഗിയക്ക് പകരക്കാരനായി ആന്ദ്രേ ഒനാനയെയാണ് ടെന്‍ ഹാഗ് ടീമിലെത്തിച്ചത്.

Content Highlight: David Beckham interest to sign David de Gea in Inter Miami.