| Friday, 9th December 2022, 6:55 pm

ലോകകപ്പിലെ ഭിന്നശേഷിക്കാർക്ക് നൽകുന്ന സേവനങ്ങളിൽ ഖത്തറിനെ പ്രകീർത്തിച്ച് ഡേവിഡ് ബെക്കാം

സ്പോര്‍ട്സ് ഡെസ്‌ക്

ലോകകപ്പ് ഫുട്ബോൾ ആരവം അവസാനിക്കാൻ ഇനി നാളുകൾ മാത്രം ബാക്കി. ലോകകപ്പിന് വേദിയായ ഖത്തർ വലിയ തോതിലുള്ള അടിസ്ഥാന സൗകര്യങ്ങളായിരുന്നു കാണികൾക്കായി ഒരുക്കിയിരുന്നത്.

ഖത്തറിന്റെ സംഘാടനത്തെ പ്രകീർത്തിച്ച് നിരവധി പ്രമുഖർ രംഗത്തെത്തിയിരുന്നു. ഇപ്പോൾ ഖത്തറിന്റെ ലോകകപ്പ് സംഘാടനത്തെയും അടിസ്ഥാനസൗകര്യ വികസനങ്ങളെയും പ്രകീർത്തിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇംഗ്ലീഷ് ഫുട്ബോൾ താരം ഡേവിഡ് ബെക്കാം.

ഭിന്നശേഷിക്കാര്‍ക്കായി ലോകകപ്പില്‍ ഖത്തര്‍ നടപ്പാക്കിയ സേവനങ്ങളെയാണ് ഇംഗ്ലീഷ് ഫുട്‌ബോൾ താരം പ്രകീർത്തിച്ചത്. ലോകകപ്പിന്റെ സംഘാടകരായ സുപ്രിം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി ലോകകപ്പ് ആസ്വദിക്കാനായി ഭിന്നശേഷിക്കാരായ ആരാധകർക്ക് വിവിധ സൗകര്യങ്ങൾ ഒരുക്കിയിരുന്നു.

അതിലൊന്നായ ഖത്തറിലെ സെന്‍സറി അസിസ്റ്റന്‍സ് മൊബൈല്‍ ട്രെയിലര്‍ സംവിധാനം സന്ദര്‍ശിച്ച ശേഷമായിരുന്നു ബെക്കാമിന്റെ ഖത്തർ പ്രശംസ.

“സെൻസറി അസിസ്റ്റന്റ് സംവിധാനത്തിനുള്ളിലെ സൗകര്യങ്ങൾ സഹായം ആവശ്യമുള്ള കുട്ടികൾക്ക് വലിയ നേട്ടമാണ്.നമ്മളെല്ലാം സാഹചര്യങ്ങളോട് പല തരത്തിലാണ് പ്രതികരിക്കുന്നത്. കളിക്കളത്തിലെ ബഹളത്തിൽ നിന്നും ആരവത്തിൽ നിന്നും കാണികൾക്ക് ഒരു ആശ്വാസമാണ് സെൻസറി മൊബൈൽ ട്രൈലർ,’ അദ്ദേഹം പറഞ്ഞു.

ഖത്തര്‍ ലോകകപ്പില്‍ പങ്കെടുക്കുന്ന ഭിന്നശേഷിക്കാരായ ആരാധകർക്കും കുട്ടികൾക്കും സ്റ്റേഡിയത്തില്‍ ലഭ്യമായ സേവനങ്ങളെക്കുറിച്ചും ബെക്കാം പരാമര്‍ശിച്ചു. “ഇത് കായിക മത്സരങ്ങളുടെയും ഈ ടൂർണമെന്റിന്റെയും ശക്തിയെ മനസ്സിലാക്കുന്നതിന് ഏറ്റവും മികച്ച ഉദാഹരണമാണ്.

അവര്‍ക്ക് ഫുട്‌ബോള്‍ സ്റ്റേഡിയങ്ങളിലെ കളികളില്‍ സുഖമായി പങ്കെടുക്കാന്‍ അവസരമുണ്ട്, കൂടാതെ അവരുടെ കുടുംബങ്ങളുമൊത്ത് കളി കാണാനും ഫുട്‌ബോള്‍ മത്സരത്തിന്റെ തിരക്കില്‍ നിന്ന് രക്ഷപ്പെടാനും പ്രത്യേകം സൗകര്യങ്ങളും സംഘാടകർ ഒരുക്കിയിട്ടുണ്ട്,’ ബെക്കാം കൂട്ടിച്ചേര്‍ത്തു.

ഖത്തർ ഫൗണ്ടഷനും എഡ്യൂക്കേഷൻ സിറ്റി സ്റ്റേഡിയവും സന്ദർശിച്ച അദ്ദേഹം അവിടെ കാണികൾക്കായി ഒരുക്കിയിരിക്കുന്ന വിവിധ സൗകര്യങ്ങൾ കണ്ട് മനസ്സിലാക്കുകയും ഖത്തർ ഒരുക്കിയിരിക്കുന്ന സൗകര്യങ്ങൾ ഉപയോഗിച്ച് അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തു.

കൂടാതെ ഖത്തറിലെ വിർജീനിയ കോമൺവെൽത്ത് യൂണിവേഴ്സിറ്റിയിലെ സ്കൂൾ ഓഫ് ഡിസൈൻ ആർട്സ് സന്ദർശിച്ച ബെക്കാം, ഖത്തറിനെ ലോകകപ്പിന് ഒരുക്കാൻ സഹായിച്ച വ്യക്തികളുടെ വീഡിയോകളും , ഫോട്ടോകളും ഉപയോഗിച്ച് തയാറാക്കിയ ആർട്ട്‌ ഇൻസ്റ്റലേഷനും കണ്ട് മനസ്സിലാക്കി.

നിലവിൽ പ്രൊഫഷണൽ ഫുട്ബോളിൽ നിന്നും വിരമിച്ച 47 കാരനായ ബെക്കാം ബിസിനസ് മേഖലയിലാണ് പ്രവർത്തിക്കുന്നത്. കൂടാതെ ഇന്റർ മിയാമി, സാൽഫോർഡ് സിറ്റി മുതലായ ഫുട്ബോൾ ക്ലബ്ബുകളുടെ സഹ ഉടമ കൂടിയാണ് ബെക്കാം.

Content Highlights: David Beckham has praised Qatar for its services to the differentlyabled peoples at the World Cup

We use cookies to give you the best possible experience. Learn more