ഫുട്‌ബോള്‍ ലോകത്തെ ഏറ്റവും ചൂടേറിയ ചര്‍ച്ചകളിലൊന്നായിരുന്നു ലയണല്‍ മെസിയുടെ ഇന്റര്‍ മയാമി പ്രവേശം. പി.എസ്.ജിയില്‍ കരാര്‍ അവസാനിച്ച മെസി ഏത് ടീമിലേക്ക് ചേക്കേറുമെന്നറിയാനായി ഫുട്‌ബോള്‍ ലോകമാകെ കണ്ണുനട്ടിരുന്നു.
തന്നെ താനാക്കിയ ബാഴ്‌സയിലേക്ക് മെസി വീണ്ടും കൂടുമാറുമോ അതോ എണ്ണപ്പണത്തിന്റെ കിലുക്കത്തില്‍ താരം അല്‍ ഹിലാലിലേക്ക് ചുവടുമാറ്റുമോ എന്നറിയാനായിരുന്നു ആരാധകര്‍ കാത്തിരുന്നത്.
എന്നാല്‍ ഫുട്‌ബോള്‍ ലോകത്തെ ഒന്നാകെ അമ്പരപ്പിച്ച മെസി മേജര്‍ ലീഗ് സോക്കറിലൂടെ അമേരിക്കന്‍ മണ്ണിലേക്ക് കാലെടുത്ത് വെക്കുകയായിരുന്നു. ഡേവിഡ് ബെക്കാം സഹ ഉടമസ്ഥനായ ഇന്റര്‍ മയമായിലേക്കാണ് മെസി കളിത്തട്ടകം മാറ്റിയത്.
ഇപ്പോള്‍ മെസിയുടെ സൈനിങ്ങിന് പിന്നാലെ താന്‍ എത്രത്തോളം വികാരാധീനനായി എന്ന് വിശദീകരിക്കുകയാണ് ഡേവിഡ് ബെക്കാം. ലോക ചാമ്പ്യന്റെ ടീമിലേക്കുള്ള വരവ് തന്റെ ജീവിതത്തിലെ തന്നെ ഏറ്റവും മികച്ച മുഹൂര്‍ത്തങ്ങളില്‍ ഒന്നാണെന്ന് ബെക്കാം പറയുന്നു.
ജേണലിസ്റ്റ് ഡേവിഡ് ഓണ്‍സ്‌റ്റൈനുമായുള്ള അഭിമുഖത്തിലാണ് ബെക്കാം മെസിയുടെ വരവിനെ കുറിച്ച് വ്യക്തമാക്കിയത്.
‘അതിനെ കുറിച്ച് സംസാരിക്കുമ്പോഴെല്ലാം തന്നെ എനിക്ക് രോമാഞ്ചമുണ്ടാവുകയാണ്. ഞാന്‍ ഇമോഷണലായി നേരെ ജോര്‍ജിനെ വിളിക്കുകയായിരുന്നു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഞങ്ങള്‍ എങ്ങനെയാണ് പോയ്‌ക്കൊണ്ടിരിക്കുന്നത് എന്നതിനെ കുറിച്ച് എനിക്ക് വ്യക്തമായ ബോധ്യമുണ്ട്.
ഈ ക്ലബ്ബിനെ വളര്‍ത്തിയെടുക്കാന്‍ പാടുപെടുകയായിരുന്നു. അതിന് നേരിടേണ്ടി വന്ന തടസങ്ങളും ഞങ്ങള്‍ നേരിടേണ്ടി വന്ന വെല്ലുവിളികളും, സ്റ്റേഡിയം പണിയാനായി സ്ഥലം കണ്ടെത്താനുള്ള ശ്രമം, നിയമപോരാട്ടങ്ങള്‍ അങ്ങനെ ഒരുപാട് പ്രശ്‌നങ്ങളുണ്ടായിരുന്നു.
ഞങ്ങള്‍ക്കുണ്ടായിരുന്ന എല്ലാ പ്രശ്‌നങ്ങളും ആ ഒരു നിമിഷത്തില്‍ അവസാനിച്ചു. ഇത് ഞങ്ങളുടെ ക്ലബ്ബിനെ ഒന്നാകെ മാറ്റിമറിച്ചു. ഒരിക്കല്‍ വിക്ടോറിയ എന്നെ കെട്ടിപ്പിടിച്ചു. അപ്പോഴാണ് ഞാന്‍ വീണ്ടും ഇമോഷണലായത്,’ ബെക്കാം പറഞ്ഞു.
‘ഇത് യാഥാര്‍ത്ഥ്യമാണെന്ന് ഉറപ്പാക്കാന്‍ എല്ലാ ദിവസവും രാവിലെ 7.30 അവനെ കാണാന്‍ വരുമായിരുന്നു,’ ബെക്കാം കൂട്ടിച്ചേര്‍ത്തു.
ഇതാണോ ജീവിതത്തിലെ ഏറ്റവും മികച്ച മുഹൂര്‍ത്തമെന്ന ചോദ്യത്തിന് നിസ്സംശയം അതെയെന്ന് ഉറപ്പിച്ച് പറയാം എന്നായിരുന്നു ബെക്കാമിന്റെ മറുപടി.
അതേസമയം, മെസിയുടെ വരവിന് പിന്നാലെ കളിച്ച രണ്ട് മത്സരത്തിലും മയാമി വിജയിച്ചിരുന്നു. ഈ രണ്ട് മത്സരത്തിലും മെസി സ്‌കോര്‍ ചെയ്യുകയും ചെയ്തിരുന്നു.
ക്രൂസ് അസൂളിനെതിരായ മത്സരത്തില്‍ പകരക്കാരന്റെ റോളിലെത്തിയ മെസി ടീമിന്റെ വിജയ ഗോള്‍ നേടിയിരുന്നു. ലീഗ്‌സ് കപ്പിലെ രണ്ടാം മത്സരത്തില്‍ അറ്റ്‌ലാന്റ യുണൈറ്റഡിനെതിരെ ഇരട്ട ഗോള്‍ നേടിയ മെസി റോബര്‍ട് ടെയ്‌ലറിന്റെ ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്തിരുന്നു.
Content Highlight: David Beckham about Lionel Messi