| Wednesday, 11th October 2017, 6:05 pm

ധോണി എന്നത് ഇവര്‍ക്കൊരു താരം മാത്രമല്ല; ഹൃദയത്തില്‍ തൊട്ട് ഡി.എ.വി ജവഹര്‍ വിദ്യാ മന്ദിര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ പറയുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

റാഞ്ചി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ എം.എസ് ധോണി ഇന്ത്യന്‍ യുവത്വത്തിന് ഒരു പ്രചോദനമാണെന്ന കാര്യത്തില്‍ എതിര്‍ ടീം താരങ്ങള്‍ക്ക് വരെ സംശയമുണ്ടാവുകയില്ല. എന്നാല്‍ ഒരു ഗ്രാമത്തിലെ കുട്ടികള്‍ മുഴുവന്‍ ധോണിയാവാനുള്ള ശ്രമത്തിലാണെന്ന വാര്‍ത്ത ധോണിയുടെ സഹതാരങ്ങള്‍ക്ക് വരെ അത്ഭുതമായിരിക്കും.

ധോണിയെന്ന ഇന്ത്യന്‍ ക്രിക്കറ്റിന്റെ എക്കാലത്തെയും മികച്ച നായകന്‍ വളര്‍ന്നുവന്ന റാഞ്ചിയിലെ ഡി.എ.വി ജവഹര്‍ വിദ്യാ മന്ദിര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് ധോണിയാവാനുള്ള കഠിന പ്രയത്‌നത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.

ദിവസവും 3-4 മണിക്കൂര്‍ ഗ്രൗണ്ടില്‍ പരിശീലനത്തിനായി നീക്കിവെച്ചാണ് ഇവര്‍ തങ്ങളുടെ സ്വപ്‌നസാക്ഷാത്കാരത്തിന്റെ പിന്നാലെ പോകുന്നത്. ഫുട്‌ബോളിനെ ആരാധിച്ച് നടന്നിരുന്ന ധോണിയുടെ മനസ്സില്‍ ക്രിക്കറ്റിന്റെ വിത്തു പാകി ധോണിയെന്ന കുട്ടിയെ ലോകക്രിക്കറ്റിന്റെ നായകസ്ഥാനത്തേക്ക് നയിച്ച കേശവ് രഞ്ജന്‍ ബാനര്‍ജി തന്നെയാണ് വിദ്യാമന്ദിറിലെ പുതുതലമുറയെ പരിശീലിപ്പിക്കുന്നതും.

“ആദ്യകാലങ്ങളില്‍ ഞാന്‍ മുതിര്‍ന്ന കുട്ടികളെ മാത്രമെ പരിശീലിപ്പിക്കാറുണ്ടായിരുന്നുള്ളു. പക്ഷേ ഇപ്പോള്‍ ആറാം ക്ലാസ് മുതലുള്ള കുട്ടികളെപരിശീലനത്തിനായി തെരഞ്ഞെടുക്കാറുണ്ട്. നിരവധി കുട്ടികളാണ് എന്റെ മുന്നിലുള്ളത്.” ബാനര്‍ജി പറയുന്നു.

“ഞാന്‍ ഒന്നരവര്‍ഷം മുമ്പ് മഹിയെ കണ്ടിരുന്നു. ജെ.എസ്.സി.എ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ വെച്ച്. കഠിനാധ്വാനം മാത്രമാണ് സ്വപ്‌നസാക്ഷാത്കാരത്തിനുള്ള വഴിയെന്നാണ് ധോണി അന്ന് പറഞ്ഞത്.” ടീമിലെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ റാം റോഷന്‍ പറയുന്നു.


Also Read:  ജിയാക്‌സണും ധീരജുമല്ല… കൊളംബിയന്‍ കോച്ചിന്റെ മനം കവര്‍ന്ന ഇന്ത്യന്‍ താരങ്ങള്‍ ഇവരാണ്


വേള്‍ഡ് കപ്പ് ഫൈനലിലെ ധോണിയുടെ പ്രകടനത്തില്‍ ആകൃഷ്ടനായി ക്രിക്കറ്റിലേക്കിറങ്ങിയതാണ് പത്താം ക്ലാസുകാരനായ ഹര്‍ഷ് പ്രധാന്‍. ” 2011 ലോകകപ്പ് ട്രോഫി ഞങ്ങളുടെ സ്‌കൂളിലേക്ക് എത്തിയപ്പോള്‍ എനിക്കുണ്ടായ അഭിമാനം ഒന്നു വേറെ തന്നെയായിരുന്നു. ഫൈനലിലെ ധോണിയുടെ പ്രകടനം കണ്ടതോടെ ഞാന്‍ തീരുമാനിച്ചിരുന്നു, ഞാനും ആകും ധോണിയെ പോലൊരു താരം.” ഹര്‍ഷ് പറയുന്നു.

തന്റെ ഐഡലായ ധോണിയുടെ ജീവിതകഥ പറഞ്ഞ എം.എസ് ധോണി; ആന്‍ അണ്‍ടോള്‍ഡ് സ്‌റ്റോറി താന്‍ പല വട്ടം കണ്ടു കഴിഞ്ഞുവെന്നും അദ്ദേഹത്തെ പോലെയായി തീരണമെന്നുമാണ് പ്ലസ് ടുക്കാരനായ കുമാര്‍ ശിവം പറയുന്നത്. ഓള്‍ റൗണ്ടറായ കുമാര്‍ ഇന്റര്‍ സ്‌കൂള്‍ ടൂര്‍ണമെന്റുകളില്‍ നിരവധി കിരീടങ്ങള്‍ നേടിക്കഴിഞ്ഞിട്ടുണ്ട്.

“ചെറുപട്ടണങ്ങളിലെ കുട്ടികള്‍ ക്രിക്കറ്റടക്കമുള്ള തങ്ങളുടെ സ്വപ്‌നം സാക്ഷാത്കരിക്കാന്‍ ഭയപ്പെട്ടിരുന്നു. എന്നാല്‍ ധോണിയുടെ വരവോടെ കഥ മാറി. ചെറുപ്പട്ടണത്തിലെ സാധാരണ കുടുംബത്തില്‍ നിന്നും വന്ന ധോണി വിജയത്തിന്റെ പുതിയ ഗാഥ തന്നെയാണ് രചിച്ചിരിക്കുന്നത്. കഠിനാധ്വാനത്തിന് കുറുക്ക് വഴിയില്ലെന്ന് അദ്ദേഹം ഞങ്ങളെ പഠിപ്പിച്ചു”. ശിവം പറയുന്നു.

ധോണിയുടെ വിജയം കോച്ച് ബാനര്‍ജിയെ പ്രചോദിപ്പിക്കുക മാത്രമല്ല, ഉത്തരവാദിത്വം വര്‍ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. എല്ലാ രക്ഷിതാക്കള്‍ക്കും തങ്ങളുടെ മക്കളെ ഇപ്പോള്‍ എം.എസ് ധോണിയാക്കണം. ” ധോണിയെ പോലുള്ള താരങ്ങള്‍ അപൂര്‍വ്വമാണ്. ഇനിയൊരു ധോണിയെ ഉണ്ടാക്കാന്‍ എനിക്ക് കഴിയില്ല. ഈ കുട്ടികളൊക്കെ നല്ല കഴിവുള്ളവരാണ്. പക്ഷെ എല്ലാവര്‍ക്കും കുട്ടികളെ ധോണിയാക്കണം. എന്റെ കയ്യില്‍ മാ്ന്ത്രിക വടിയൊന്നുമില്ല.” ബാനര്‍ജി പറയുന്നു.

” എന്നാല്‍ ധോണിയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് കുട്ടികള്‍ കഠിനാധ്വനം ചെയ്താല്‍ അവരും വിജയിക്കും. അതെനിക്ക് അഭിമാനമായിരിക്കും.” അദ്ദേഹം അവസാനിപ്പിക്കുന്നു.

We use cookies to give you the best possible experience. Learn more