| Friday, 29th October 2021, 10:52 am

സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ കുടുംബത്തെ വേട്ടയാടുന്നു; ജയിലിലുള്ള ബന്ധുക്കളെ പുറത്തിറക്കാന്‍ ബൈഡനോട് സഹായമഭ്യര്‍ത്ഥിച്ച് മുന്‍ സൗദി ചാരന്റെ മകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

റിയാദ്: സൗദി അറേബ്യയില്‍ ജയിലിലുള്ള കുടുംബാംഗങ്ങളെ പുറത്തിറക്കാന്‍ സഹായിക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനോട് അഭ്യര്‍ത്ഥിച്ച് മുന്‍ സൗദി ചാരന്റെ മകള്‍. മുന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥന്‍ സാദ് അല്‍-ജബ്രിയുടെ മകള്‍ ഹിസ അല്‍-മുസെയ്‌നിയാണ് ബൈഡനോട് സഹായമഭ്യര്‍ത്ഥിച്ചത്.

ഭര്‍ത്താവ് സലെം, സഹോദരങ്ങളായ സാറ, ഒമര്‍ എന്നിവര്‍ സൗദിയില്‍ ജയിലിലാണെന്നും സൗദി കിരീടാവകാശിയായ മുഹമ്മദ് ബിന്‍ സല്‍മാന്‍ (എം.ബി.എസ്) തന്റെ കുടുംബത്തെ പ്രതികാര ബുദ്ധിയോടെ വേട്ടയാടുകയാണെന്നും അതിനാല്‍ കുടുംബാംഗങ്ങളുടെ കാര്യത്തില്‍ ജോ ബൈഡന്‍ ഇടപെടണമെന്നുമാണ് ഹിസ അല്‍-മുസെയ്‌നി പറഞ്ഞത്.

സി.എന്‍.എന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെയായിരുന്നു പ്രതികരണം.
യു.എസ് സെനറ്റര്‍മാരുടെ ഒരു സംഘം മാസങ്ങള്‍ക്ക് മുന്‍പെ ഇക്കാര്യത്തില്‍ ബൈഡന്റെ ഇടപെടലാവശ്യപ്പെട്ട് കത്തയച്ചിരുന്നു.

മക്കളെ ജയിലിലടച്ച് അല്‍ജബ്രിയെ ബ്ലാക്ക്‌മെയില്‍ ചെയ്യാനാണ് സൗദി സര്‍ക്കാരിന്റെ ഉദ്ദേശമെന്ന് കത്തില്‍ പറഞ്ഞിരുന്നു.

മുഹമ്മദ് ബിന്‍ സല്‍മാന്‍ തന്നെ വധിക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന ആരോപണവുമായി നേരത്തെ അല്‍ജബ്രി രംഗത്തെത്തിയിരുന്നു. 2014ല്‍ അന്നത്തെ സൗദി രാജാവായിരുന്ന അബ്ദുല്ല ബിന്‍ അബ്ദുലസീസിനെ വധിക്കണമെന്ന് മുഹമ്മദ് ബിന്‍ സല്‍മാന്‍ പറയുന്ന വീഡിയോ തന്റെ പക്കലുണ്ടെന്നും അത് അറിയാവുന്നത് കൊണ്ടാണ് തന്നെ വധിക്കാന്‍ ശ്രമിക്കുന്നതെന്നുമായിരുന്നു അല്‍ജബ്രി പറഞ്ഞത്.

”എം.ബി.എസ് ഇപ്പോള്‍ എന്താണോ ചെയ്തുകൊണ്ടിരിക്കുന്നത് അത് ചെയ്യുന്നതില്‍ നിന്നും അവരെ തടഞ്ഞാല്‍ മാത്രമേ ഞങ്ങള്‍ സുരക്ഷിതരാകൂ.

ഭയത്തിലാണ് ഞങ്ങള്‍ ജീവിക്കുന്നത്. ഇത്തരം ആളുകള്‍ കുടുംബാംഗങ്ങളെ വേട്ടയാടുകയും വധിക്കാന്‍ സംഘങ്ങളെ അയയ്ക്കുകയും എംബസികളിലും കോണ്‍സുലേറ്റിലും വെച്ച് ആളുകളെ കൊല്ലുകയും ചെയ്യുമ്പോള്‍ എങ്ങനെയാണ് സുരക്ഷിതത്വം തോന്നുക” മുസെയ്‌നി പറഞ്ഞു.

2017ലാണ് റിയാദില്‍ വെച്ച് മുസെയ്‌നിയുടെ ഭര്‍ത്താവ് സലെം അറസ്റ്റിലായത്. പുറത്തുവിടണമെങ്കില്‍ സ്വത്തുക്കളെല്ലാം കൈമാറ്റം ചെയ്യണമെന്ന് നിര്‍ബന്ധിച്ച് സലെമിനെ ഉപദ്രവിച്ചിരുന്നതായും മുസെയ്‌നി കൂട്ടിച്ചേര്‍ത്തു.

തന്റെ അച്ഛന് അറിയാവുന്ന കാര്യങ്ങള്‍ എം.ബി.എസിനെ ഭയപ്പെടുത്തുന്നുണ്ടെന്ന് മുസെയ്‌നിയും പ്രതികരിച്ചു.

നിയമവിരുദ്ധമായി സാമ്പത്തിക കുറ്റകൃത്യങ്ങള്‍ നടത്തിയ ചരിത്രമുള്ളയാളാണ് സാദ് അല്‍ജബ്രിയെന്നായിരുന്നു ആരോപണങ്ങളോടുള്ള സൗദി ഭരണകൂടത്തിന്റെ പ്രതികരണം.

നിലവില്‍ സൗദി അറേബ്യയുടെ ഡെപ്യൂട്ടി പ്രൈംമിനിസ്റ്ററും പ്രതിരോധ വകുപ്പ് മന്ത്രിയുമാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍.

സൗദി മുന്‍ കിരീടാവകാശിയും ആഭ്യന്തരമന്ത്രിയുമായ മുഹമ്മദ് ബിന്‍ നയഫിന്റെ ഏറ്റവും അടുത്ത ആളായിരുന്നു സാദ് അല്‍ജബ്രി. 2017ല്‍ നയഫ് പുറത്താക്കപ്പെട്ടതിനെത്തുടര്‍ന്നാണ് എം.ബി.എസ് കിരീടാവകാശിയായത്.

നയഫ് അധികാരത്തിലിരുന്ന സമയത്ത് രാജ്യം വിട്ട അല്‍ജബ്രി ഇപ്പോള്‍ കാനഡയിലാണ് താമസിക്കുന്നത്. ഇദ്ദേഹത്തെ സൗദിയിലേയ്ക്ക് തിരിച്ചെത്തിക്കാനാണ് കുടുംബാംഗങ്ങളെ ജയിലിലടച്ചതെന്നാണ് ഉയരുന്ന ആരോപണം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Daughter of Ex Saudi spy seek help from Biden to save her family

We use cookies to give you the best possible experience. Learn more