ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പയുടെ മകള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. യെദിയൂരപ്പക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് മകളുടെ പരിശോധനാ ഫലവും പുറത്ത് വന്നിരിക്കുന്നത്.
ഇരുവരെയും മണിപാലിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. യെദിയൂരപ്പയുടെ നില തൃപ്തികരമാണെന്നും നിരീക്ഷിച്ച് കൊണ്ടിരിക്കുകയാണെന്നും മണിപാല്‍ ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ ദിവസം വൈകീട്ടോടെയാണ് യെദിയൂരപ്പയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. താനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട ആളുകള്‍ നിരീക്ഷണത്തില്‍ പോകണമെന്ന് യെദിയൂരപ്പ അറിയിച്ചിരുന്നു.
യെദിയൂരപ്പയുമായി സമ്പര്‍ക്കത്തില്‍ വന്നതിന് പിന്നാലെ മുന്‍ ഐ.എസ്.ആര്‍.ഒ തലവന്‍ കെ കസ്തൂരിരംഗന്‍ കൊവിഡ് ടെസ്റ്റ് നടത്താനൊരുങ്ങുകയാണ്. രണ്ട് ദിവസം മുമ്പ് യെദിയൂരപ്പ കസ്തൂരിരംഗന്റെ വസതിയില്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു.
കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. അദ്ദേഹം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.
ഉത്തര്‍പ്രദേശിലെ ബിജെപി അധ്യക്ഷന്‍ സ്വതന്ത്ര ദേവ് സിംഗിനും തമിഴ്‌നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതിനും ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
തമിഴ്‌നാട്ടില്‍ രാജ് ഭവനിലെ 87 ഓളം ജീവനക്കാര്‍ക്ക് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് 80 കാരനായ ഗവര്‍ണറെ ക്വാറന്റീനിലാക്കിയത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക