| Saturday, 12th September 2020, 11:12 pm

അവള്‍ ബംഗാളിന്റെ മകള്‍, റിയ ചക്രബര്‍ത്തിക്ക് പിന്തുണയറിയിച്ച് റാലിയുമായി കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: ലഹരി കടത്തു കേസില്‍ അറസ്റ്റിലായ നടി റിയ ചക്രബര്‍ത്തിക്ക് പിന്തുണയറിയിച്ച് പശ്ചിമ ബംഗാള്‍ കോണ്‍ഗ്രസ് പാര്‍ട്ടി. റിയക്ക് ഐക്യദാര്‍ഢ്യമറിയിച്ചു കൊണ്ട് പ്രതിഷേധ റാലി നടത്തിയിരിക്കുകയാണ് പാര്‍ട്ടി.

‘ബാംഗാളിന്റെ മകളായ റിയ ചക്രബര്‍ത്തിക്കെതിരായ ഗൂഡാലോചനും പ്രതികാര നടപടിയും അംഗീകരിക്കില്ല,’ കോണ്‍ഗ്രസ് പാര്‍ട്ടി ട്വീറ്റു ചെയ്തു. പശ്ചിമ ബംഗാള്‍ കോണ്‍ഗ്രസ് പ്രസിഡന്റ് അധിര്‍ രഞ്ജന്‍ ചൗധരിയുടെ നിര്‍ദ്ദേശ പ്രകാരമാണ് പ്രതിഷേധം നടന്നത്. കോണ്‍ഗ്രസ് ഓഫീസില്‍ നിന്ന് വെല്ലിംഗ്ടണ്‍ ജംഗ്ഷനിലേക്കായിരുന്നു പ്രതിഷേധ റാലി.

മുംബൈയില്‍ ബൈകൂള ജയിലിലാണ് റിയ ചക്രബര്‍ത്തി ഇപ്പോള്‍ ഉള്ളത്. സുശാന്തിന്റെ മരണത്തിനു പിന്നാലെ നടക്കുന്ന അന്വേഷണങ്ങള്‍ക്ക് കൂടുതല്‍ രാഷട്രീയ മുഖം കൈവരുകയാണെന്നാണ് ഇപ്പോഴത്തെ സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്.

സുശാന്താന്തിന്റെ മരണാന്വേഷണ കേസ് മുംബൈ പൊലീസില്‍ നിന്ന് സി.ബി.ഐ ഏറ്റെടുത്തതിനു പിന്നില്‍ ബീഹാര്‍ സര്‍ക്കാരിന് നിര്‍ണായക പങ്കുണ്ടായിരുന്നു. സുശാന്തിന്റെ കേസന്വേഷണത്തില്‍ ആരോപണങ്ങളുന്നയിച്ച കങ്കണയുടെ വിഷയം ബി.ജെ.പി-ശിവസേന വടംവലികളിലേക്ക് മാറിയിട്ടുമുണ്ട്.

റിയയുമായി ബന്ധപ്പെട്ട ലഹരി കടത്ത് വിഷയം അന്വേഷിക്കുന്ന നാര്‍കോട്ടിക്‌സ് ബ്യൂറോ ബോളിവുഡിലേക്ക് അന്വേഷണം കൂടുതല്‍ വ്യാപിച്ചിരിക്കുകയാണ്. ചോദ്യം ചെയ്യലില്‍ 15 പേരുടെ പേരാണ് റിയ ചക്രബര്‍ത്തി അന്വേഷണ ഏജന്‍സിയോട് വെളിപ്പെടുത്തിയത്. നടി സാറ അലി ഖാന്‍, രകുല്‍ പ്രീത് സിംഗ്, ദില്‍ ബേച്ചാര സിനിമയുടെ സംവിധായകന്‍ മുകേഷ് ചബ്ര എന്നിവര്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ബോളിവുഡിലെ പ്രമുഖ താരങ്ങളായ 25 പേരെ എന്‍.സി.ബി ഉടന്‍ ചോദ്യം ചെയ്യും.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more