|

'എന്റെ വേദന കേരളം ഏറ്റെടുക്കണം, പത്ത് പവന്‍ കൂടി നല്‍കാതെ മകളെ വേണ്ടെന്ന് ഭര്‍ത്താവ് പറയുന്നു'; ആത്മഹത്യയ്ക്ക് മുന്‍പ് വീഡിയോ ചിത്രീകരിച്ച് പിതാവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: സ്ത്രീധനത്തിന്റെ പേരില്‍ മകളെ ഭര്‍ത്താവും വീട്ടുകാരും പീഡിപ്പിച്ചതിലുള്ള മനോവിഷമത്തില്‍ പിതാവ് ആത്മഹത്യ ചെയ്തു.

കഴിഞ്ഞ മാസം 23ന് റബര്‍ തോട്ടത്തില്‍ തൂങ്ങിമരിച്ച മൂസക്കുട്ടിയുടെ ഫോണ്‍ പരിശോധിച്ചപ്പോഴാണ് ആത്മഹത്യക്ക് പിന്നിലെ കാരണം വ്യക്തമായത്. മകളെ ഉപദ്രവിക്കുന്നതിലുള്ള ദുഃഖം വിഡിയോയായി ചിത്രീകരിച്ച ശേഷമായിരുന്നു ഇദ്ദേഹം ആത്മഹത്യ ചെയ്തത്.

”മകളെ ഭര്‍ത്താവ് അബ്ദുള്‍ ഹമീദ് ക്രൂരമായി പീഡിപ്പിക്കുന്നു. എന്റെ വേദന കേരളം ഏറ്റെടുക്കണം. പത്ത് പവന്‍ നല്‍കാതെ മകളെ വേണ്ടെന്ന് ഭര്‍ത്താവ് പറയുന്നു” എന്നാണ് മൂസക്കുട്ടി വീഡിയോയില്‍ പറയുന്നത്. വീഡിയോ ചിത്രീകരിച്ചശേഷം വീടിനു സമീപത്തെ റബര്‍ തോട്ടത്തില്‍ മൂസക്കുട്ടി തൂങ്ങിമരിക്കുകയായിരുന്നു.

2020 ജനുവരി 12നാണ് മൂസക്കുട്ടിയുടെ മകള്‍ ഹിബയും ഒതായി തെഞ്ചേരി സ്വദേശി അബ്ദുള്‍ ഹമീദും വിവാഹിതരായത്. അന്നുമുതല്‍ സ്ത്രീധനം കുറഞ്ഞെന്നു പറഞ്ഞുള്ള പീഡനം താന്‍ നേരിടേണ്ടി വന്നിരുന്നുവെന്ന് ഹിബ പറഞ്ഞു.

വിവാഹ സമയത്തുള്ള 18 പവന്‍ സ്വര്‍ണാഭരണങ്ങള്‍ പോരെന്ന് പറഞ്ഞപ്പോള്‍ ആറ് പവന്‍ വീണ്ടും മൂസക്കുട്ടി നല്‍കി. അതും പോരെന്നും പത്ത് പവന്‍ സ്വര്‍ണാഭരണങ്ങള്‍ കൂടി കൊടുത്താലേ പ്രസവിച്ചു കിടക്കുന്ന ഹിബയേയും കുഞ്ഞിനേയും വീട്ടിലേക്ക് കൊണ്ടുപോകുകയുള്ളൂവെന്ന് പറഞ്ഞ് അബ്ദുള്‍ ഹമീദ് ഹിബയുടെ വീട്ടിലെത്തി വഴക്കുണ്ടാക്കുകയും ചെയ്തിരുന്നു. ഹിബയുടെ പരാതിയില്‍ നിലമ്പൂര്‍ പൊലീസ് അബ്ദുള്‍ ഹമീദിനും മാതാപിതാക്കള്‍ക്കുമെതിരെ കേസെടുത്തിട്ടുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം