| Tuesday, 12th April 2016, 5:18 pm

ഡാറ്റ്‌സണ്‍ റെഡി ഗോ 14ന് എത്തും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജാപ്പനീസ് വാഹന നിര്‍മ്മാതാക്കള്‍ നിസ്സാന്റെ ബജറ്റ് ബ്രാന്റായ ഡാറ്റ്‌സണ്‍ ശ്രേണിയിലെ മൂന്നാമത് മോഡല്‍ റെഡി ഗോ ഈ മാസം 14ന് വിപണിയില്‍ അവതരിപ്പിക്കും.

നിലവില്‍ ഹാച്ച്ബാക്കായ ഗോയും, ഗോ പ്ലസ് എം.പി.വിയുമാണ് ഡാറ്റ്‌സണ്‍ പുറത്തിറക്കിയ മറ്റു മോഡലുകള്‍. നിസ്സാന്റെ ഫ്രഞ്ച് പങ്കാളികളായ റെനോയുടെ ജനപ്രീതി നേടിയ എന്‍ട്രി ലവല്‍ ഹാച്ച്ബാക്കായ “ക്വിഡി”ന്റെ പ്ലാറ്റ്‌ഫോമിലാണ്. ഡാറ്റ്‌സന്‍ റെഡി ഗോയും നിര്‍മ്മിച്ചിരിക്കുന്നത്. ക്വിഡിനെ കൂടാതെ മാരുതി സുസുക്കി ഓള്‍ട്ടോ, ഹ്യുണ്ടായ് ഇയോണ്‍ എന്നിവയാകും റെഡിഗോയുടെ എതിരാളികള്‍.

ദല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ നിസ്സാന്‍, റെഡി ഗോ പ്രദര്‍ശിപ്പിച്ചിരുന്നില്ല. പകരം റെഡി ഗോ അടിസ്ഥാനമാക്കുന്ന ക്രോസ് ഓവറായ “ഗോ ക്രോസ്” ആയിരുന്നു നിസ്സാന്റെ പവിലിയനിലുണ്ടായിരുന്നത്. ക്വിഡിനെ അപേക്ഷിച്ച് സൗകര്യങ്ങളും സംവിധാനങ്ങളും കുറവാണെന്ന കാരണത്താലാണ് നിസ്സാന്‍ റെഡിഗോയെ ഓട്ടോ എക്‌സ്‌പോയില്‍ നിന്നു പിന്‍വലിച്ചതെന്നാണ് അഭ്യൂഹം. ഡാറ്റ്‌സന്‍ ഗോയിലും ഗോ പ്ലസിലുമുള്ള 1.2 ലീറ്റര്‍ പെട്രോള്‍ എന്‍ജിന്‍ തന്നെയാവും റെഡി ഗോയ്ക്കും കരുത്തേകുക. പരമാവധി 68 പി.എസ് വരെ കരുത്ത് സൃഷ്ടിക്കുന്ന എന്‍ജിന് ലീറ്ററിന് 20.63 കിലോമീറ്റര്‍ ഇന്ധനക്ഷമത കമ്പനി വാഗ്ദാനം ചെയ്യുന്നു.

മൂന്നു പതിറ്റാണ്ടിലേറെ നീണ്ട ഇടവേളയ്ക്കുശേഷം 2014ലാണ് നിസ്സാന്‍ ബജറ്റ് ബ്രാന്‍ഡായി ഡാറ്റ്‌സനെ ഇന്ത്യയില്‍ അവതരിപ്പിച്ചത്. ഗോയുമായി വിപണിയിലെത്തിയ ഡാറ്റ്‌സനു പക്ഷേ വില്‍പ്പന കണക്കെടുപ്പില്‍ പ്രതീക്ഷിച്ച മുന്നേറ്റം സൃഷ്ടിക്കാനായില്ല. നടപ്പു സാമ്പത്തിക വര്‍ഷമാവട്ടെ ജനുവരി വരെയുള്ള കണക്കനുസരിച്ച് 7,156 യൂണിറ്റായിരുന്നു ഡാറ്റ്‌സന്റെ വില്‍പ്പന. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലത്തെ 11,600 കാറുകള്‍ വിറ്റ സ്ഥാനത്താണിത്. 2015 ജനുവരിയില്‍ അവതരിപ്പിച്ച ഗോ പ്ലസിന്റെ ഏപ്രില്‍ ജനുവരി കാലത്തെ വില്‍പ്പന 8,627 യൂണിറ്റായിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more