| Thursday, 7th January 2016, 1:20 pm

വെളുത്ത നിറമുള്ളവര്‍ക്ക് മാത്രമായി ഒരു ഡേറ്റിങ് സൈറ്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഡേറ്റിങ് വെബ്‌സൈറ്റുകള്‍ നിരവധിയുണ്ട്. ലോകമെമ്പാടും ഇത്തരം സൈറ്റുകള്‍ക്ക് നിരവധി ഉപയോക്താക്കളുമുണ്ട്. ഇന്ത്യയിലടക്കം. ഇവയിലൊക്കെത്തന്നെ പ്രായപൂര്‍ത്തിയായ ജാതി, മത, വംശ, ലിംഗ, വര്‍ണ്ണ വ്യത്യാസങ്ങളില്ലാതെ എല്ലാവര്‍ക്കും അംഗങ്ങളാവുകയും ചെയ്യാം. എന്നാല്‍ ഇപ്പോഴിതാ വെളുത്തി നിറമുള്ളവര്‍ക്ക് മാത്രമായി ഒരു ഡേറ്റിങ് വെബ്‌സൈറ്റ്. വേര്‍വൈറ്റ് പീപ്പിള്‍മീറ്റ് എന്നാണ് ഈ സൈറ്റിന് പേര്. അമേരിക്കക്കാരായ സാം റസ്സലും അദ്ദേഹത്തിന്റെ ഭാര്യയുമാണ് ഈ സൈറ്റ് ആരംഭിച്ചിരിക്കുന്നത്.

എന്നാല്‍ നിരവധി വിമര്‍ശനങ്ങളാണ് ഇതിനെതിരെ ഉയര്‍ന്നിരിക്കുന്നത്. തീര്‍ത്തും വംശീയമാണ് ഈ വെബ്‌സൈറ്റിന്റെ ആശയമെന്ന് വിമര്‍ശകര്‍ കുറ്റപ്പെടുത്തുന്നു. എന്നാല്‍ എന്തുകൊണ്ട് ഇത്തരം ഒരു സൈറ്റ് ഉണ്ടാക്കിക്കൂടാ എന്നാണ് ഇതിന്റെ നിര്‍മ്മാതാക്കള്‍ ചോദിക്കുന്നത്.

“ഇത് ഒരു രീതിയിലും വംശീയമല്ല. എവിടെ ജനിച്ചവര്‍ക്കും ഏല്ലാ വംശത്തില്‍പ്പെട്ടവര്‍ക്കും മതത്തില്‍പെട്ടവര്‍ക്കും ജീവിതരീതികള്‍ പിന്തപടരുന്നവര്‍ക്കും അവര്‍ക്കുവേണ്ടയാളെ കണ്ടെത്താം. അത് വെളുത്ത നിറമുള്ളവര്‍ക്കും സാധ്യമാണ്. ഇത് തുല്യമായ അവസരത്തിന് വേണ്ടിയാണ്.” റസല്‍ പറയുന്നു.

ക്രിസ്ത്യന്‍ മിംഗിള്‍, ഫാര്‍മേഴ്‌സ് ഓണ്‍ലി തുടങ്ങിയ വെബ്‌സൈറ്റുകളുമായാണ് റസ്സല്‍ വേര്‍വൈറ്റപീപ്പിള്‍മീറ്റിനെ താരതമ്യപ്പെടുത്തുന്നത്. സമാന താല്പര്യമുള്ളവര്‍ക്ക് വേണ്ടിയുള്ള മറ്റ് സൈറ്റുകളും അവര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

എന്നാല്‍ നിലവിലുള്ള എല്ലാ ഡേറ്റിങ് വെബ്‌സൈറ്റുകളിലും വെളുത്തനിറമുള്ളവര്‍ക്ക് അവര്‍ക്ക് താല്‍പര്യമുള്ളവരെ തെരഞ്ഞെടുക്കാനുള്ള സൗകര്യമുണ്ട് എന്നുള്ളതാണ് റസലിന്റെ വാദങ്ങളെ പൊളിക്കുന്നത്. യഥാര്‍ത്ഥ ജീവിതത്തില്‍ പോലും അത് സാധ്യമാണ് താനും പ്രത്യേകിച്ച് റസിലിന്റെ നാടായ അമേരിക്കയിലെ ഉത്തായില്‍. കാരണം അവിടെ 91 ശതമാനം ആളുകളും വെളുത്തവരാണ്. അമേരിക്കയില്‍ ആകമാനം 77 ശതമാനവും വെളുത്തവരാണ്.

അമേരിക്കയില്‍ നിലനില്‍ക്കുന്ന വംശീയതയുടെ ഫലമാണ് ഇത്തരത്തില്‍ ഒരു വെബസൈറ്റ് എന്നും വിമര്‍ശകര്‍ ആരോപിക്കുന്നുണ്ട്. യൂറോപ്യന്‍ രാജ്യങ്ങളിലാണ് ഡേറ്റിങ് വെബ്‌സൈറ്റുകള്‍ സജീവമെങ്കിലും ഇന്ത്യയെ പോലുള്ള രാജ്യങ്ങളില്‍ നിന്നുള്ള നിരവധി പേര്‍ ഇത്തരം സൈറ്റുകള്‍ ഉപയോഗിക്കുന്നവരാണ്.

We use cookies to give you the best possible experience. Learn more