ഫോളോവേഴ്‌സിന് മുന്നില്‍ 'പെണ്ണാകാന്‍' പ്രതിഭയുടെയും അമ്മയുടെയും നഗ്ന ചിത്രങ്ങള്‍; ബെംഗളൂരു ഡോ. വികാസ് കൊലക്കേസില്‍ വഴിത്തിരിവ്
national news
ഫോളോവേഴ്‌സിന് മുന്നില്‍ 'പെണ്ണാകാന്‍' പ്രതിഭയുടെയും അമ്മയുടെയും നഗ്ന ചിത്രങ്ങള്‍; ബെംഗളൂരു ഡോ. വികാസ് കൊലക്കേസില്‍ വഴിത്തിരിവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 22nd September 2022, 2:11 pm

ബെംഗളൂരു: നഗ്‌നചിത്രം പങ്കുവെച്ചതിന് ബെംഗളൂരുവില്‍ പ്രതിശ്രുത വരനെ കൊലപ്പെടുത്തിയ യുവതിയുടെ വാര്‍ത്ത കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു. ഡോ. വികാസ് രാജന്‍ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതിഭ എന്ന യുവതിയുള്‍പ്പെടെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഡേറ്റിങ് വെബ്സൈറ്റിലൂടെയാണ് ഡോക്ടറായ വികാസ് രാജനും ആര്‍ക്കിടെക്ടായ പ്രതിഭയും പരിചയപ്പെടുന്നത്. ഇരുവരും പ്രണയത്തിലാകുന്നതും അവിടെ നിന്ന് തന്നെയായിരുന്നു. പ്രണയത്തിലായതിന് പിന്നാലെ വിവാഹം കഴിക്കാന്നും ഇവര‍ തീരുമാനിച്ചിരുന്നു.

ഇവിടെ നിന്നാണ് വികാസ്-പ്രതിഭ പ്രണയകഥയില്‍ വലിയ വഴിത്തിരിവുകള്‍ ഉണ്ടാകുന്നത്. വിവാഹത്തിനുള്ള തീരുമാനം വന്നതിന് പിന്നാലെ ഇരുവരും ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചു.

എന്നാല്‍ ഒരുമിച്ചുള്ള ജീവിതത്തിലാണ് വികാസ് സ്ത്രീകളുടെ പേരില്‍ സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍ ഉണ്ടാക്കുകയും അതിലൂടെ ലൈംഗികചുവയുള്ള സംഭാഷണങ്ങള്‍ നടത്തുന്നതായും പ്രതിഭ മനസിലാക്കുന്നത്.

ഉക്രൈനില്‍ നിന്നും എം.ബി.ബി.എസ് പൂര്‍ത്തിയാക്കിയ വ്യക്തിയാണ് വികാസ്. ബെംഗളൂരുവിലേക്ക് താമസം മാറുന്നതിന് മുന്‍പ് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ഡോക്ടറായി സേവനം നടത്തിയിരുന്നു.

താന്‍ ‘സ്ത്രീയാണെന്ന് ഉറപ്പുവരുത്താന്‍’ സമൂഹമാധ്യമങ്ങളിലൂടെ വികാസ് പങ്കുവെച്ച നഗ്‌ന ചിത്രങ്ങള്‍ പ്രതിഭയുടേതായിരുന്നു എന്നും പിന്നീടാണ് ഇവര്‍ മനസിലാക്കുന്നത്.

വിവരം അറിഞ്ഞതോടെ പ്രതിഭ തന്റെ ഏതാനും സുഹൃത്തുക്കളോട് സംഭവത്തെക്കുറിച്ച് പങ്കുവെച്ചു. ചെയ്ത തെറ്റിന് വികാസ് കഠിനമായി ശിക്ഷ തന്നെ അനുഭവിക്കണമെന്നായിരുന്നു സുഹൃത്തുക്കളുടെ മറുപടി. തുടര്‍ന്ന് സംഘം ചേര്‍ന്ന് ഇവര്‍ നടത്തിയ കയ്യേറ്റത്തിനിടെയാണ് വികാസ് കൊല്ലപ്പെട്ടതെന്നാണ് നിഗമനം.

കൊല്ലപ്പെട്ട വികാസിന്റെ സഹോദരന്‍ വിജയ് രാജന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നിലവില്‍ ഇവര്‍ക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. തിങ്കളാഴ്ച ബെംഗളൂരു പൊലീസ് കേസുമായി ബന്ധപ്പെട്ട് പ്രതിഭയുള്‍പ്പെടെ മൂന്ന് പേരെ അറസ്റ്റ് ചെയ്തിരുന്നു. പ്രതിഭയുടെ സുഹൃത്തുക്കളായ ഗൗതം, സുശീല്‍ എന്നിവരാണ് അറസ്റ്റിലായത്.

പ്രതികളുടെ ഉദ്ദേശം എന്തായിരുന്നു എന്ന് വ്യക്തമല്ല എന്നാണ് പൊലീസിന്റെ പ്രതികരണം.

‘കയ്യേറ്റം ചെയ്യാനായിരുന്നോ കൊലപ്പെടുത്താനായിരുന്നോ അവരുടെ ഉദ്ദേശം എന്ന് വ്യക്തമല്ല. സംഭവം നടക്കുന്ന സമയത്ത് പ്രതിഭ വീട്ടിലുണ്ടായിരുന്നില്ല എന്ന് മൊഴി നല്‍കിയിരുന്നു. ആ സമയത്ത് താന്‍ ഫോണില്‍ സുഹൃത്തുമായി സംസാരിക്കുകയായിരുന്നു എന്നാണ് പ്രതിഭ പറഞ്ഞത്. എന്നാല്‍ ഇത് വിശ്വസിനീയമല്ലായിരുന്നു. വികാസ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച പ്രതിഭയുടെ നഗ്‌ന ചിത്രങ്ങള്‍ ഡിലീറ്റ് ചെയ്തിട്ടുണ്ട്,’ അന്വേഷണ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

എം.ഡി എന്‍ട്രന്‍സ് പരീക്ഷക്ക് വേണ്ടി തയ്യാറെടുക്കുകയായിരുന്നു വികാസ്. ഇതിനായി വികാസ് ജോലിയുപേക്ഷിച്ചിരുന്നു. പ്രതിഭയുടെ ഫ്ളാറ്റിലായിരുന്നു ഇരുവരും താമസിച്ചിരുന്നത്. ജിം ഫീസ് ഉള്‍പ്പെടെ വികാസിന്റെ എല്ലാ ചിലവുകളും വഹിച്ചിരുന്നത് പ്രതിഭ തന്നെയായിരുന്നു എന്നും പൊലീസ് കൂട്ടിച്ചേര്‍ക്കുന്നു.

രമ്യ എന്ന പേരിലായിരുന്നു വികാസ് ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് തുടങ്ങിയത്. 772 ഫോളേവേഴ്സ് ഈ അക്കൗണ്ടിനുണ്ടായിരുന്നു.

രമ്യ എന്ന അക്കൗണ്ടിലൂടെ വികാസ് പ്രതിഭയുടെയും പ്രതിഭയുടെ അമ്മയുടെയും ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നു. താന്‍ സ്ത്രീയാണെന്ന് തെളിയിക്കാന്‍ വേണ്ടിയായിരുന്നു വികാസ് ചിത്രങ്ങള്‍ പങ്കുവെച്ചത്. വിവരമറിഞ്ഞതോടെ പ്രതിഭ വികാസിനെ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ തമാശക്ക് ചെയ്തതായിരുന്നു എന്നാണ് വികാസ് പ്രതികരിച്ചത്.

ഇതോടെയാണ് പ്രതിഭ തന്റെ സുഹൃത്തുക്കളോട് വിവരം പങ്കുവെക്കുന്നത്. ഇതിന് പിന്നാലെ രാത്രി 12 മണിയോടെ പ്രതികള്‍ വികാസിനെ പ്രതികളിലൊരാളായ സുശീലിന്റെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഇവിടെവെച്ചാണ് വികാസിനെ പ്രതികള്‍ ക്രീരമായി മര്‍ദിച്ചത്. തുടര്‍ന്ന് അബോധാവസ്ഥയിലായ വികാസിനെ പ്രതികള്‍ ചേര്‍ന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ വികാസ് മരണപ്പെടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത്.

Content Highlight: Dating through a dating site followed by love and murder; Information on the Bengaluru murder