വഡോദര: യുവതീ യുവാക്കള്‍ക്കായി കോഫി ഷോപ്പടക്കമുള്ള ഡേറ്റിങ് ഡെസ്റ്റിനേഷന്‍ വാഗ്ദാനം ചെയ്തുകൊണ്ടുള്ള കോണ്‍ഗ്രസിന്റെ പ്രകടന പത്രിക വിവാദത്തില്‍.
ഞായറാഴ്ച നടക്കാനിരിക്കുന്ന വഡോദര മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിനു മുന്നോടിയായി കോണ്‍ഗ്രസ് തയ്യാറാക്കിയ പ്രകടന പത്രികയിലാണ് യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും പ്രണയിതാക്കള്‍ക്കുമായി കോഫി ഷോപ്പടക്കമുള്ള ഡേറ്റിങ് ഡെസ്റ്റിനേഷന്‍ കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തിരിക്കുന്നത്.
ഇതിന് പുറമെ, ഓരോ സോണിലും ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളും സൗജന്യ വിദ്യാഭ്യാസം നല്‍കുന്ന ആധുനിക സ്‌കൂളുകളും സ്ത്രീകള്‍ക്കായി പാര്‍ട്ടി ഹാളുകളും കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തിട്ടുണ്ട്. മികച്ച ആരോഗ്യ സംവിധാനങ്ങളും, കുറഞ്ഞ കെട്ടിട നികുതി നിരക്കുമെല്ലാമാണ് മറ്റ് ചില പ്രധാന വാഗ്ദാനങ്ങള്‍.
അതേസമയം, ഈ പ്രകടന പത്രിക സാംസ്‌കാരിക നഗരമായ വഡോദരയിലെ ജനങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തിയെന്നും ഇത് ലവ് ജിഹാദിനെ സഹായിക്കുമെന്നുമാണ് വഡോദര ബി.ജെ.പി അധ്യക്ഷന്‍ വിജയ് ഷാ ആരോപിച്ചത്. ഇറ്റാലിയന്‍ സ്വാധീനമാണ് കോണ്‍ഗ്രസിനെ കൊണ്ട് ഇത്തരമൊരു പ്രകടന പത്രിക ഇറക്കിച്ചതെന്നും ബി.ജെ.പി ആരോപിച്ചു.
ഡേറ്റിങ് എന്നത് വെറും ശാരീരിക ആകര്‍ഷണവുമായി ബന്ധപ്പെട്ടതാണെന്നും അതില്‍ വൈകാരിക തലങ്ങള്‍ ഒന്നുമില്ലെന്നും ഷാ പറഞ്ഞു.
കോണ്‍ഗ്രസിന്റെ പ്രകടന പത്രിക യുവാക്കളെ തെറ്റിദ്ധരിപ്പിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.
‘ഡേറ്റിങ്ങിന് ശേഷം അവര്‍ മദ്യവും മയക്കുമരുന്നും പ്രോത്സാഹിപ്പിച്ചേക്കാം. ചെറുപ്പക്കാരായ ഹിന്ദു പെണ്‍കുട്ടികളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്ന ഒരു സമൂഹമുണ്ട്. ഡേറ്റിങ്ങിന് ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കാന്‍ കഴിയും. അടുത്ത നിയമസഭാ സമ്മേളനത്തില്‍ ലവ് ജിഹാദിനെതിരെ ഞങ്ങള്‍ ഒരു നിയമം കൊണ്ടുവരും,’ ഷാ പറഞ്ഞു.
അതേസമയം ബി.ജെ.പി അവരുടെ പ്രകടന പത്രിക ഇതുവരെ പുറത്തുവിട്ടിട്ടില്ലെന്നാണ് വഡോദര യൂണിറ്റ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സുനില്‍ സോളങ്കി പ്രതികരിച്ചത്.
‘തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ ചിന്താശൂന്യമായ പരാമര്‍ശങ്ങള്‍ നടത്തുന്നതില്‍ കോണ്‍ഗ്രസ് പ്രസിദ്ധമാണ്. പക്ഷേ വോട്ടര്‍മാര്‍ക്ക് തെറ്റും ശരിയും എന്തെന്ന് അറിയാം. ഇന്ത്യന്‍ സമൂഹത്തിന്റെ മൂല്യങ്ങളോട് കോണ്‍ഗ്രസിന് ബഹുമാനമില്ല, ഡേറ്റിങ് നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാണോ’ എന്നും സോളങ്കി ചോദിച്ചു.
അതേസമയം മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളുള്ളവര്‍ക്ക് കോഫി ഷോപ്പും മറ്റു സൗകര്യങ്ങളും അനുഭവിക്കാന്‍ കഴിയുമ്പോള്‍ താഴെക്കിടയിലെ ജനങ്ങള്‍ക്ക് അവയെല്ലാം അപ്രാപ്യമാണെന്നും അവര്‍ക്ക് കൂടി അവസരമൊരുക്കാനാണ് തങ്ങള്‍ ഇത്തരമൊരാശയം മുന്നോട്ടുവെച്ചതെന്നും കോണ്‍ഗ്രസ് നേതൃത്വം പ്രതികരിച്ചു.
കൂട്ടുകുടുംബത്തില്‍ ജീവിക്കുന്ന താഴെക്കിടയിലെ കുടുംബങ്ങളിലെ പല ഭാര്യാഭര്‍ത്താക്കന്‍മാര്‍ക്കും തങ്ങളുടേതായ സമയം ലഭിക്കുന്നില്ലെന്നും സ്വകാര്യമായി വല്ലതും പറയാനും മിണ്ടാനും സൗകര്യമൊരുക്കാനാണ് കോണ്‍ഗ്രസ്സ് ആഗ്രഹിക്കുന്നതെന്നും അതിനായി വലിയ ചിലവില്ലാത്ത കോഫി ഷോപ്പുകളാണ് വിഭാവനം ചെയ്യുന്നതെന്നും കോണ്‍ഗ്രസ് നേതൃത്വം പ്രതികരിച്ചു.
ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്നു നടത്തിയ ‘ഹലോ ഗുജറാത്ത്’ കാമ്പയിനില്‍ യുവാക്കളാണ് ഇത്തരമൊരാവശ്യം മുന്നോട്ടു വെച്ചതെന്നും വഡോദര കോണ്‍ഗ്രസ് പ്രസിഡന്റ് പ്രശാന്ത് പട്ടേല്‍ വിശദീകരിച്ചു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Dating Destinations With Coffee Shops: Row Over A Congress Poll Promise