national news
അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ്; തുടക്കം നവംബര്‍ ഏഴിന് മിസോറാമിലും ഛത്തീസ്ഗഡിലും; വിധി ഡിസംബര്‍ മൂന്നിന്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Oct 09, 07:14 am
Monday, 9th October 2023, 12:44 pm

ന്യൂദല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. മിസോറാമില്‍ നവംബര്‍ ഏഴിന് വോട്ടെടുപ്പ് നടത്തും. ഛത്തീസ്ഗഡില്‍ നവംബര്‍ ഏഴിനും 17നുമായി രണ്ട് ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടക്കും. മധ്യപ്രദേശില്‍ നവംബര്‍ 17നും രാജസ്ഥാനില് നവംബര്‍ 23നും തെലങ്കാനയില്‍ നവംബര്‍ 30തിനും വോട്ടെടുപ്പ് നടക്കും. ഡിസംബര്‍ മൂന്നിന് അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്ത് വരും.

നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഷെഡ്യൂള്‍ പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി രാജസ്ഥാന്‍, മിസോറാം, മധ്യപ്രദേശ്, തെലങ്കാന, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലയിരുത്തിയിരുന്നു.

16.14 കോടി വോട്ടര്‍മാരാണ് അഞ്ച് സംസ്ഥാനങ്ങളിലായി വോട്ട് ചെയ്യാനുള്ളത്. 60.2 ലക്ഷം കന്നി വോട്ടര്‍മാരുണ്ട്. 1.77 ലക്ഷം പോളിങ് സ്‌റ്റേഷനുകള്‍ തെരഞ്ഞെടുപ്പിനായി സജീകരിക്കും. 1.01 ലക്ഷം സ്റ്റേഷനുകളില്‍ വെബ് കാസ്റ്റിങ് ഏര്‍പ്പെടുത്തും.

അതേസമയം നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കെ കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി ഇന്ന് യോഗം ചേരും. തെരഞ്ഞെടുപ്പിനുള്ള തന്ത്രങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയായേക്കും. ജാതി സര്‍വേ വിവരങ്ങള്‍ ബീഹാര്‍ പുറത്ത് വിട്ടതിന് പിന്നാലെ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് ജാതി സര്‍വേ പ്രഖ്യാപിച്ചിരുന്നു. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ഛത്തീസ്ഗഡില്‍ ജാതി സര്‍വേ നടത്തുമെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി പ്രഖ്യാപിച്ചിരുന്നു.

Content Highlight: Dates for assembly elections in five states have been announced