| Friday, 28th January 2022, 11:33 am

നയതന്ത്ര ചാനല്‍ വഴി ഈന്തപ്പഴവും മതഗ്രന്ഥവും എത്തിച്ച സംഭവം; മുന്‍ അറ്റാഷേക്കും കോണ്‍സുലേറ്റ് ജനറലിനും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാന്‍ അനുമതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: നയതന്ത്ര ചാനല്‍ വഴി ഈന്തപ്പഴവും മതഗ്രന്ഥവും എത്തിച്ച സംഭവത്തില്‍ തുടര്‍നടപടിക്ക് കസ്റ്റംസിന് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി. യു.എ.ഇ കോണ്‍സുലേറ്റ് ജനറലിനും അറ്റാഷേക്കും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാനാണ് അനുമതി നല്‍കിയിരിക്കുന്നത്.

നയതന്ത്ര പരിരക്ഷയുള്ള അറ്റാഷേയും കോണ്‍സുലേറ്റ് ജനറലും കേസില്‍ ഉള്‍പ്പെട്ട സാഹചര്യത്തിലാണ് കസ്റ്റംസ് തുടര്‍നടപടികള്‍ക്കായി അനുമതി തേടി കേന്ദ്രത്തിന് കത്തയച്ചത്.

നയതന്ത്ര ചാനല്‍ വഴി പാഴ്‌സലായി മതഗ്രന്ഥവും ഈന്തപ്പഴവും കൊണ്ടുവന്നതിന് രണ്ട് കേസുകളാണ് കസ്റ്റംസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

നയതന്ത്ര ചാനല്‍ വഴി എത്തിക്കുന്ന സാധനങ്ങള്‍ കോണ്‍സുലേറ്റിന് പുറത്ത് വിതരണം ചെയ്യാന്‍ കഴിയില്ല. നികുതി ഇളവോടെയുള്‍പ്പെടെ എത്തുന്നതല്ലെന്നും ഇത്തരം വസ്തുക്കള്‍ ചട്ടവിരുദ്ധവും നിയമലംഘനവുമാണെന്ന് കസ്റ്റംസ് പറയുന്നു.

തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്ത് കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെയാണ് ഈ കേസും ഒപ്പം ഡോളര്‍ കടത്ത് കേസും രജിസ്റ്റര്‍ ചെയ്തത്. ഇത്തരം സാധനങ്ങള്‍ക്കൊപ്പം സ്വര്‍ണം കടത്തിയിരുന്നോ എന്നും കസ്റ്റംസ് നേരത്തെ പരിശോധിച്ചിരുന്നു.

2017 ലാണ് യു.എ.ഇ കോണ്‍സുലേറ്റിലേക്ക് 17,000 കിലോ ഈന്തപ്പഴമെത്തിയത്. നയതന്ത്രചാനലിലൂടെ എത്തിയ ഇന്തപ്പഴത്തിന് നികുതി ഒഴിവാക്കിയിരുന്നു. കോണ്‍സുലേറ്റ് ആവശ്യത്തിനല്ലാതെ പുറത്തുവിതരണം ചെയ്യാന്‍ ധാരണയോ കരാറോ ഉണ്ടായിരുന്നില്ല.

എന്നാല്‍ ഇത്തരത്തില്‍ എത്തിച്ച ഈന്തപ്പഴം അനാഥാലയങ്ങള്‍ക്കും സ്പെഷ്യല്‍ സ്‌കൂളുകളിലും വിതരണം ചെയ്യുകയാണ് ഉണ്ടായത്. ഇത്തരം ഒരു നിര്‍ദേശം മുന്നോട്ട് വെച്ചത് അന്ന് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കറാണെന്ന് സാമൂഹ്യനീതി വകുപ്പ് ഡയറക്ടറായിരുന്ന ടി.വി.അനുപമ കസ്റ്റംസിന് നേരത്തെ മൊഴി നല്‍കിയിരുന്നു.

ഡിപ്ലോമാറ്റിക് കാര്‍ഗോയെന്ന് രേഖപ്പെടുത്തി, 250 പാക്കറ്റുകളിലായി മതഗ്രന്ഥമെന്ന പേരില്‍ 4479 കിലോ കാര്‍ഗോ യു.എ.ഇ കോണ്‍സുലേറ്റ് ജനറലിന്റെ പേരില്‍ തിരുവനന്തപുരത്തെത്തിയെന്നതാണ് നടപടിയ്ക്ക് കാരണമായ രണ്ടാമത്തെ സംഭവം. ഇതില്‍ 32 പാക്കറ്റുകള്‍ അന്നത്തെ മന്ത്രി കെ.ടി. ജലീല്‍ ചെയര്‍മാനായ സിആപ്റ്റിന്റെ അടച്ചുമൂടിയ വാഹനത്തില്‍ മലപ്പുറത്തെത്തിച്ചെന്നും കണ്ടെത്തിയിരുന്നു.


Content Highlights:  dates and religious scriptures were delivered through a diplomatic channel; Permission to issue show cause notice

We use cookies to give you the best possible experience. Learn more