| Tuesday, 21st April 2020, 9:26 pm

കൈവിട്ടുപോയ വിവരങ്ങളെ കുറിച്ച് വലിയ വായില്‍ കരയുന്നവരോട്; ആധാര്‍ നടപ്പാക്കിയപ്പോള്‍ നിങ്ങളെവിടെയായിരുന്നു?

വി.പി റജീന

ഡാറ്റ ചോര്‍ച്ച ഇന്നോ ഇന്നലെയോ തുടങ്ങിയ ഒരു പ്രതിഭാസമാണോ? അല്ലേയല്ല. നമ്മുടെ വ്യക്തിഗത വിവരങ്ങള്‍ നേരത്തെ തന്നെ ചോര്‍ന്ന് കഴിഞ്ഞിട്ടുണ്ടോ? തീര്‍ച്ചയായും ഉണ്ട്. ഡാറ്റ ചോര്‍ച്ചയെ ചോദ്യം ചെയ്യുന്നതില്‍ എന്താണ് തെറ്റ്? ഒരു തെറ്റുമില്ല. എന്തുകൊണ്ട് ഇപ്പോള്‍ ഒരു ഘട്ടത്തില്‍ മാത്രം അത് ചര്‍ച്ചയാവുന്നു എന്ന ചോദ്യത്തിന് പ്രസക്തിയില്ലേ? തീര്‍ച്ചയായും ഉണ്ട്. അപ്പോള്‍ സ്പ്രിംങ്‌ളറുമായുള്ള ഇടപാടില്‍ ഇടതുപക്ഷം തന്നെയല്ലേ പ്രതി? ഇതിന്റെ ഉത്തരത്തില്‍ ചെറിയ പ്രശ്‌നമുണ്ട്. ഇടതുപക്ഷം പ്രതിയാണ്. എന്നാലോ ഇടതുപക്ഷം മാത്രമല്ല പ്രതി. ഇതിനെതിരെ ഉറഞ്ഞുതുള്ളുന്ന എല്ലാ സംഘടനകളും പ്രതികളാണ്.

അതെങ്ങനെയാണെന്നോ? പ്രത്യക്ഷത്തില്‍ തന്നെയുള്ള ഡാറ്റ സര്‍വലൈന്‍സിന് ഇന്ത്യയില്‍ അടിത്തറയിട്ട ‘ആധാര്‍’വന്നു. പൗരന്റെ സ്വകാര്യതക്കുമേല്‍ കരിനിഴല്‍ വീഴ്ത്തി ആധാര്‍ വ്യവസ്ഥാപിതമായി നടപ്പാക്കി. ഏതു പാര്‍ട്ടിയാണ് ആധാറിനെതിരെ ഇത്ര കടുപ്പത്തില്‍ ശബ്ദിച്ചത്? ഈ കൂട്ടത്തിലെ ഏതു പ്രമുഖരാണ് ഡാറ്റ ചോരണത്തെക്കുറിച്ച് ഉത്കണ്ഠപ്പെട്ടത്? ഏത് അനുയായി വൃന്ദമാണ് ഇത്ര ചടുലമായ സംവാദങ്ങള്‍ നടത്തിയത്?

ഭരണകൂടത്തിന്റെ ഡാറ്റ സര്‍വൈലന്‍സ് കോടതി വ്യവഹാരങ്ങള്‍ക്ക് മാത്രം വിട്ടുകൊടുത്ത് കയ്യുംകെട്ടി നോക്കിനില്‍ക്കുകയായിരുന്നില്ലേ ഈ പറഞ്ഞ കോണ്‍ഗ്രസും ലീഗും എല്ലാംതന്നെ. അന്ന് ആധാറിനെതിരെ ശബ്ദിക്കാന്‍ ഉണ്ടായിരുന്നത് സി.പി.എം ആയിരുന്നുവെന്നത് കൂടി ഓര്‍ക്കണം. വ്യക്തികളുടെ മേലുള്ള ഒളിഞ്ഞുനോട്ടമാണിതെന്നും അതോറിറ്റേറിയന്‍ സര്‍ക്കാറിന്റെ കയ്യിലെ അടിച്ചമര്‍ത്തല്‍ ആയുധമാണെന്നായിരുന്നു പാര്‍ട്ടി മുഖ പത്രമായ പീപ്പ്ള്‍സ് ഡെമോക്രസിയില്‍ ആ സമയത്ത് സി.പി.എം എഴുതിയത്. പക്ഷെ, അവിടുന്നങ്ങോട്ട് കൂടുതല്‍ ജാഗ്രത്താവേണ്ടതിന് പകരം സ്പ്രിങ്‌ളറുമായുള്ള ഇടപാടിലും അതിനെ ന്യായീകരിക്കുന്നതിലും പാര്‍ട്ടി നേതാക്കള്‍ കൈകൊണ്ട സമീപനം ഗുരുതരമായ നയവ്യതിയാനം തന്നെയാണെന്നതില്‍ തര്‍ക്കമില്ല.

ആധാറിന്റെ വരവ്

ഒരാളുടെ ബയോമെട്രിക് അടയാളങ്ങള്‍ ആ വ്യക്തിയുടെ സ്വകാര്യതയുടെ ഭാഗമാണ്. മറ്റൊരു ഏജന്‍സി അത് ഭരണകൂടമായാലും സ്വകാര്യകമ്പനിയായാലും ശേഖരിച്ചുവെക്കുന്നു എന്നത് ആ വ്യക്തിയുടെ സ്വകാര്യതക്കും ജന്മാവകാശത്തിനും മേലുള്ള ഏറ്റവും വലിയ കടന്നുകയറ്റമാണ്. കാരണം ഒരിക്കല്‍ നഷ്ടപ്പെട്ടുകഴിഞ്ഞാല്‍ ഒരുതരത്തിലും തിരിച്ചെടുത്ത് സ്വകാര്യമാക്കാന്‍ കഴിയാത്ത ഒന്നാണ് ഒരു മനുഷ്യന്റെ ജനിതക/ജൈവ അടയാളങ്ങള്‍.

അത്രമേല്‍ സൂക്ഷിച്ചും അവധാനതയോടെയും മാത്രം കൈകാര്യം ചെയ്യേണ്ട ഒരു സംഗതിയുടെ മേല്‍ സംശയങ്ങളുടെ ശൃംഖലകള്‍ തന്നെ ബലപ്പെട്ടുവരുന്നതിനിടെയാണ് തികച്ചും ഭരണഘടനാ വിരുദ്ധമായ രൂപത്തില്‍ ഒരു ഫാഷിസ്റ്റ് സര്‍ക്കാര്‍ ആധാര്‍ കൊണ്ടുവരുന്നതും പരമോന്നത നീതിപീഠത്തിലൂടെ നിയമസാധുത നേടിയെടുക്കുന്നതും. എന്നാല്‍, അത് നടപ്പാക്കുന്നതിന്റെ പിന്നിലുള്ള ഗൂഢതാല്‍പര്യങ്ങളെ ലളിത യുക്തിയോടെയും നിസ്സാരതയോടെയും സമീപിക്കുകയാണ് ഇന്നിപ്പോള്‍ വിമര്‍ശന മഹാമഹങ്ങള്‍ എയ്യുന്ന പാര്‍ട്ടികളും
നേതാക്കളുമടക്കമുള്ളവര്‍ ചെയ്തത്.

ഡാറ്റ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നടന്നുവരുന്ന ക്രിയാത്മക ചര്‍ച്ചകളും ജനകീയ ബോധവല്‍കരണവും ഒക്കെ അനിവാര്യമായതു തന്നെ. വാസ്തവത്തില്‍ അത് നടക്കേണ്ടിയിരുന്നത് ആധാറിനും മുമ്പ് ആയിരുന്നു. പക്ഷെ, സാങ്കേതിക വിദ്യയുടെ വാഴ്ത്തുപാട്ടുകളായിരുന്നു എങ്ങും മുഴങ്ങിയത്. സാങ്കേതിക വിദ്യ കൈവരിച്ച മുന്നേറ്റവും അതിന്റെ ഗുണഫലങ്ങളും അളക്കാനാവാത്തതാണെന്നത് ശരി തന്നെ. എന്നാല്‍, ഇതേ സാേങ്കതികവിദ്യകളെ ഭരണകൂടങ്ങളും മുതലാളിത്ത ഏജന്‍സികളും ഒട്ടും നിഷ്‌കളങ്കമല്ലാതെ ഉപയോഗിക്കുന്നുവെന്നതിന് കൂടുതല്‍ തെളിവുകള്‍ ഉണ്ടാവുന്ന കാലത്ത് ആ വശത്തെ എങ്ങനെയാണ് അവഗണിക്കാനാവുക?

സ്വകാര്യത മൗലികാവകാശമാണെന്ന് പറഞ്ഞ അതേ നീതിപീഠത്തില്‍ നിന്നാണ് ആധാറിന് അനുകൂലമായ വിധിയും എന്നത് ഒരു ഐറണിയായി നിലനില്‍ക്കുന്നുവെങ്കിലും ആധാറിനോട് വിയോജിച്ച് ചില നിരീക്ഷണങ്ങള്‍ നടത്തിയ ജഡ്ജ് ചന്ദ്രചൂഢ് പറഞ്ഞ കാര്യങ്ങള്‍ ഓര്‍ത്തുവെക്കണം. മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് അറുത്തുമുറിച്ചു പറഞ്ഞതടക്കം. എന്നിട്ടും ആനിരയിലുള്ള ചര്‍ച്ചകള്‍ എന്തേ സ്പ്രിങ്‌ളര്‍ വിവാദം പോലെ കത്തിപ്പടരാതിരുന്നത്? അതിന് കാരണം ഈ പുകിലുകൂട്ടുന്ന ‘ഉഗ്ര’ രാഷ്ട്രീയക്കാരുടെ അജ്ഞതയും അലംഭാവവുമാണെന്നതില്‍ തര്‍ക്കമില്ല. ഇന്നിപ്പോള്‍ ഈവക കാര്യങ്ങള്‍ നേതാക്കള്‍ക്ക് സാധാരണക്കാര്‍ പഠിപ്പിച്ചു കൊടുക്കേണ്ട ഗതികേടാണ്.

നമ്മള്‍ കരാറിലേര്‍പ്പെട്ട കമ്പനികളില്‍ നിന്ന് ഡാറ്റ എങ്ങനെ ചോരും എന്ന സംശയമാണ് ചിലര്‍ക്ക്. അമേരിക്കന്‍ ചാര സംഘടനയായ സി.ഐ.എ ഇതിനകം തന്നെ ഇന്ത്യക്കാരുടെ മുഴുവന്‍ ആധാര്‍ വിവരങ്ങളും ചേര്‍ത്തിയെടുത്തതായി വിക്കിലീക്ക്‌സ് ഉന്നയിച്ചിരുന്നു. ഇക്കാര്യം ആധാരമാക്കി വാര്‍ത്താ പോര്‍ട്ടലായ ഗ്രേറ്റ് ഗെയിം ഇന്ത്യ ന്യൂസ് (ജി.ജി.ഐ ന്യൂസ്) റിപ്പോര്‍ട്ടും പുറത്തുവിട്ടിരുന്നു.’ക്രോസ്മാച്ച് ടെക്‌നോളജീസ്’ എന്ന യു.എസ് കമ്പനിയെ സൈബര്‍ സ്‌പൈയായി ഉപയോഗിച്ചായിരുന്നു സിഐ.എ ഇത് ചെയ്തതെന്നും വിക്കിലീക്ക്‌സിനെ ഉദ്ദരിച്ച് അവര്‍ പറഞ്ഞു. ആധാര്‍ വിവരങ്ങളുടെ മൊത്തം മേല്‍നോട്ട ചുമതലയുള്ള യു.ഐ.ഡി.എ.ഐ സര്‍ട്ടിഫൈ ചെയ്ത കമ്പനിയാണ് ‘ക്രോസ്മാച്ച് ടെക്‌നോളജീസ്’ എന്നു മനസ്സിലാക്കുക. അഥവാ ഈ അമേരിക്കന്‍ കമ്പനി ലഭ്യമാക്കിയ ഉപകരണങ്ങള്‍ ഉപയോഗിച്ചാണ് ആദ്യഘട്ടത്തില്‍ ഇന്ത്യന്‍ പൗരന്‍മാരുടെ ബയോമെട്രിക് വിവരങ്ങള്‍ ശേഖരിച്ചത്!

‘എക്‌സ്പ്രസ് ലൈന്‍’ എന്ന പദ്ധതി വഴി നടത്തിയ ഗൂഢമായ ഒരു ഓപറേഷനിലൂടെയാണ് സി.ഐ.എ ഈ വിവരങ്ങളിലേക്ക് നുഴഞ്ഞു കയറിയതെന്നും വിക്കിലീക്ക്‌സ് പുറത്തുവിട്ടിരുന്നു. സി.ഐ.എക്കകത്തെ ഒരു ശാഖയായ ഒ.ടി.എസ്(ഓഫീസ് ഓഫ് ദ ടെക്‌നിക്കല്‍ സര്‍വീസസ്) വഴിയാണ് ഇത് സാധ്യമാക്കിയതത്രെ! ബയോമെട്രിക് ശേഖര സംവിധാനമുള്ള ഒ.ടി.എസിന് ലോകത്തുടനീളം ഇതിനായി രഹസ്യബാന്ധവങ്ങള്‍ ഉള്ളതായും വിക്കിലീക്‌സ് പറയുന്നുണ്ട്.

2017 ആഗസ്റ്റില്‍ പുറത്തുവന്ന ഈ വിവരം ഇന്ത്യ ഔദ്യോഗികമായി നിഷേധിച്ചിരുന്നുവെങ്കിലും അതിനുശേഷവും ആധാര്‍ വിവര ചോര്‍ച്ചയുടെ നിരവധി റിപ്പോര്‍ട്ടുകള്‍ പറുത്തുവന്നു. ‘ട്രായ്’ ചെയര്‍മാന്റെ അക്കൗണ്ട് തന്നെ ഹാക്കര്‍മാര്‍ മിനുട്ടുകള്‍ക്കകം ചേര്‍ത്തി പുറത്തുവിട്ടു. ഇത്രയൊക്കെയായിട്ടും വിവരങ്ങള്‍ അങ്ങനെയൊക്കെ ചോര്‍ത്താനാവുമോ എന്ന ‘നിഷ്‌കളങ്കമായ’ ചോദ്യം പിന്നെയും പിന്നെയും ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. ജസ്റ്റിസ് കഠ്ജു മുമ്പ് നല്‍കിയ മറുപടിയാണ് അവര്‍ക്ക് ഉചിതം. സിലിക്കന്‍ വാലിയില്‍ നിന്ന് രണ്ട് ഹാക്കര്‍മാരെ കൊണ്ടുവന്നാല്‍ തീരുന്ന പ്രശ്‌നമേയുള്ളു. ഏതു എന്‍ക്രിപ്റ്റഡ് കോഡും അവര്‍ക്ക് സുന്ദരമായി അടിച്ചുമാറ്റാന്‍ പറ്റും. ഇതില്‍ സുപ്രധാനമായ ഒരു കാര്യം, ബയോമെട്രിക് സംവിധാനങ്ങള്‍ കാലാകാലം സുരക്ഷിതമായിരിക്കും എന്ന ഭരണകൂടത്തിന്റെ വീമ്പു പറച്ചിലുണ്ടല്ലോ, ഈ ഉപകരണങ്ങള്‍ പുറത്തുനിന്ന് നിര്‍മിക്കുന്നിടത്തോളം കാലം എങ്ങനെ അവര്‍ക്കതില്‍ ഉറപ്പുനല്‍കാനാവും?

ഏതു കുട്ടിക്കും മനസ്സിലാവുന്ന യുക്തിയാണത്. കാരണം, ഇത് നിര്‍മിക്കുന്നവനാണ് അതിന്റെ യഥാര്‍ഥ യജമാനന്‍. കൈമാറപ്പെട്ടവരല്ല. അവരിട്ടു പൂട്ടിയ താഴിന്റെ താക്കോല്‍ അവരുടെ കയ്യില്‍ തന്നെ കാണും. അവിടെയാണ് മുമ്പ് കേരളത്തില്‍ ഇടതുപക്ഷം തന്നെ പ്രചാരം കൊടുത്തിരുന്ന ‘ഫ്രീ സോഫ്‌റ്റ്വെയര്‍’ വീണ്ടും പ്രസക്തമാവുന്നത്.

ആധാര്‍ എന്തുകൊണ്ട് ഇന്ത്യയില്‍ മാത്രം എന്ന ചോദ്യം സ്വാഭാവികമാണ്. നാലാം തലമുറ വ്യവസായ വിപ്ലവത്തോടെ അതിജീവനം സാധ്യമാവുന്നവരും അസാധ്യമാവുന്നവരും എന്ന കള്ളികളില്‍ ഭരണകൂടങ്ങള്‍ക്ക് തങ്ങളുടെ പൗരന്‍മാരെ /ജനവിഭാഗങ്ങളെ കൃത്യമായി അളന്നുതിരിക്കേണ്ടതായുണ്ട്. വിഭവ- ജനിതക വൈവിധ്യങ്ങളെയും അതോടൊപ്പം വൈരുധ്യങ്ങളെയും ഉള്‍കൊള്ളുന്ന വിശാല ഭൂമികയായ ഇന്ത്യയാണ് അതിനു പറ്റിയ ഏറ്റവും മുന്തിയ പരീക്ഷണശാല. അതിവികസിത രാജ്യമായ ഇംഗ്ലണ്ട് പോലും വേണ്ട എന്നു വെച്ച് വലിച്ചെറിഞ്ഞ ഒന്നാണിതെന്ന് ഓര്‍ക്കുക. സുരക്ഷാവീഴ്ച ഇല്ലാത്തതാണെന്ന് ഉറപ്പുണ്ടെങ്കില്‍ എന്തുകൊണ്ട് വികസിത മുതലാളിത്ത രാജ്യങ്ങള്‍ ആധാര്‍ നിര്‍ബന്ധമാക്കുന്നില്ല എന്ന സാമാന്യമായ ചോദ്യത്തെ എങ്ങനെ അവഗണിക്കാനാവും.

ഡാറ്റ, നവ വിപണിയിലെ ഇന്ധനം

ആധാര്‍ മാത്രമല്ല, ഇ.വി.എമ്മും, ഡിജിറ്റല്‍ സമ്പദ്ഘടനയും ബാങ്കുകളും അന്താരാഷ്ട്ര കണ്‍സള്‍ട്ടന്‍സികളും എന്തിന് നവ സമൂഹ മാധ്യമങ്ങള്‍ അടക്കം ആ ഗൂഢാലോചനയിലെ ഏറ്റവും നല്ല മൂലധന ഉരുപ്പടികള്‍ ആണെന്ന് നേരത്തെ തിരിച്ചറിയാതെ പോയത് ഇടതുപക്ഷത്തിനും ഇതര പാര്‍ട്ടികള്‍ക്കും പറ്റിയ തിരുത്താനാവാത്ത പിഴവാണെന്നതില്‍ തര്‍ക്കമില്ല. ഡാറ്റ സമാഹരിച്ചുകൊണ്ടുള്ള ഏതെങ്കിലും സന്നദ്ധ ഗ്രൂപ്പുകളുടെ ഗുണാത്മകമായ ഇടപെടലുകള്‍പോലും തങ്ങള്‍ക്കനുകൂലമാക്കി ഉപയോഗിക്കാന്‍ സാങ്കേതിക ഭീമന്‍മാരായ കോര്‍പറേറ്റുകള്‍ക്കും അവര്‍ക്ക് വേണ്ടി പണിയെടുക്കുന്ന ഏജന്‍സികള്‍ക്കും ഭരണകൂടങ്ങള്‍ക്കും ആവും എന്നിടത്താണ് ഏറ്റവും വലിയ പ്രതിസന്ധി ഒളിഞ്ഞുകിടക്കുന്നത്.

ദുരുപയോഗം ചെയ്യാന്‍ സാധ്യതയുള്ള സ്വകാര്യ ഏജന്‍സികള്‍ക്കെതിരില്‍ സുശക്തമായ നിയമം പോലും ഇല്ല. മാത്രമല്ല, അവരുടെ പക്കല്‍ എത്തിയ വിവരങ്ങളെ എങ്ങനെ തിരിച്ചു പിടിക്കും? പ്രത്യേകിച്ച് ഹെല്‍ത്ത് ഡേറ്റ. വിലമതിക്കാനാവാത്ത ഈ വിവരങ്ങള്‍ ആണ് ഇനിയങ്ങോട്ട് നവ വിപണിയിലെ ഇന്ധനമെന്നിരിക്കെ അതിന്റെ ഭയാനകമായ പ്രത്യാഘാതങ്ങള്‍ അനുഭവിക്കാനിരിക്കുന്നതേയുള്ളൂ. ഹാക്കിങ് മേഖലയില്‍ ഏറ്റവും അധികം വിലപിടിപ്പുള്ളത് മറ്റെന്തിനേക്കാളും ഹെല്‍ത്ത് ഡാറ്റക്കാണെന്ന് ഈ രംഗത്തെ വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തുന്നു.

ഏജന്‍സികള്‍ക്ക് ഹെല്‍ത്ത് ഡാറ്റ ഹാക്കിങ്ങിന്റെ ചാകരക്കാലമാണ് മുന്നില്‍. അതിന് അനുകൂലമായ സാഹചര്യങ്ങള്‍ ഒത്തിണങ്ങിയ രാജ്യമാണ് നമ്മുടേത്. ജാഗ്രതയുള്ള സമൂഹം എന്ന വിശേഷണമുള്ള കേരളത്തിന്റെ കാര്യം തന്നെ എടുക്കാം. കേരള ആരോഗ്യവകുപ്പിന്റെ ‘ഹൃദ്യം’ പദ്ധതിയുടെ വെബ്‌സൈറ്റിലൂടെ 3800 പേരുടെ രോഗവിവരങ്ങള്‍ പുറത്തായെന്ന ഫ്രഞ്ച് സൈബര്‍ സുരക്ഷാ വിദഗ്ധന്‍ ഇലിയറ്റ് ആന്‍ഡേഴ്‌സെന്റെ വെളിപ്പെടുത്തല്‍ പുറത്തുവന്നിരുന്നു.

എന്നാലിതിന് കാര്യമായ വാര്‍ത്താപ്രാധാന്യം ഇല്ലാതെ പോയത് ഇക്കാര്യങ്ങളിലുള്ള നമ്മുടെ ഉദാസീനതയുടെ ഉദാഹരണമാണ്. സങ്കീര്‍ണമായ ഹൃദയ രോഗങ്ങളുമായി ജനിക്കുന്ന കുട്ടികള്‍ക്ക് സൗജന്യ ചികില്‍സ ലഭ്യമാക്കുന്നാതിരുന്നു ‘ഹൃദ്യം’ പദ്ധതി. അതിനും മുമ്പ് കേരളത്തിന്റെ ഇ- ഹെല്‍ത്ത് പദ്ധതിക്കുവേണ്ടി ആരോഗ്യ വകുപ്പ് ശേഖരിച്ച വ്യക്തിഗത വിവരങ്ങളും ചോര്‍ന്നിരുന്നുവെന്ന കാര്യം എത്രപേരുടെ ഓര്‍മയിലുണ്ട്?

സംസ്ഥാനത്തെ മൂന്നരക്കോടി ജനങ്ങളുടെ സമ്പൂര്‍ണ വിവരങ്ങളായിരുന്നു വെബ്‌സൈറ്റില്‍ ശേഖരിച്ചുകൊണ്ടിരുന്നത്.
ഹാക്കര്‍മാര്‍ എന്തിനാണ് മനുഷ്യന്റെ ആരോഗ്യ സംബന്ധമായ വിവരങ്ങളില്‍ കണ്ണുവെക്കുന്നത്? അതിന്റെ മറുപുറം മറ്റൊന്നാണ്. ഡാറ്റക്ക് വേണ്ടി വായില്‍ വെള്ളമൂറ്റി കാത്തുകിടക്കുന്ന മരുന്നു കമ്പനികള്‍ മുതലങ്ങോട്ടുള്ള മറ്റൊരു ലോകം നമുക്കു മുന്നില്‍ അപ്രത്യക്ഷരാക്കപ്പെട്ടിരിക്കുന്നു. ആഗോളതലത്തിലുള്ള മരുന്നുവിപണികള്‍ക്ക് മരുന്നുപരീക്ഷണത്തിനും വില്‍പന എന്ന
പേരിലുള്ള അടിച്ചേല്‍പിക്കലിനും അതിരുകളില്ലാത്ത മനുഷ്യവിപണിയെയാണ് ഹാക്കര്‍മാരും ഏജന്റുമാരും വലവീശിപ്പിടിച്ച് വിലപേശി വില്‍ക്കുന്നത്. അതിലേക്ക് വഴിയൊരുക്കിക്കൊടുത്തതാവട്ടെ, ആരോഗ്യം എന്ന പേരില്‍ അനാരോഗ്യം വിലക്കു വാങ്ങാന്‍ പ്രേരിപ്പിക്കുന്ന ഒരു ചികില്‍സാവ്യവസ്ഥയും.

ചികില്‍സ വ്യവസായത്തിന്റെ അപകടം

ചികില്‍സ ഒരു വ്യവസായമായി മാറ്റപ്പെട്ട കാലത്ത് ആ വ്യവസ്ഥയുടെ ഗുണത്തെപ്പോലെ തന്നെ തുറന്നുപരിശോധിക്കേണ്ടതാണ് ദോഷ വശങ്ങളും. ലോക്ക്ഡൗണ്‍ കാലത്ത് കിലോമീറ്ററുകളുടെ മാത്രം ദൂരപരിധിയിക്കുള്ളില്‍ തുറന്നുവെച്ചിരിക്കുന്ന എണ്ണമറ്റ മരുന്നുഷാപ്പുകള്‍ നമ്മുടെ മരുന്നുതീറ്റയുടെ ഊറ്റം കൃത്യമായി കാണിച്ചുതരുന്നുണ്ട്. ഈ മരുന്ന് തീറ്റ എത്രമാത്രം അപകടകരമായ ഒന്നായി തിരിച്ചടിക്കും എന്നത് പതിറ്റാണ്ടുകള്‍ക്കു മുമ്പു തന്നെ ആസ്ട്രിയന്‍ ചിന്തകനായ ഇവാന്‍ ഇല്ലിച്ച് പ്രവചിച്ചിട്ടുണ്ട്.

ഏറെ ശാസ്ത്രീയമായ വിശകലനങ്ങളിലൂടെ സഞ്ചരിച്ചതിനുശേഷം അദ്ദേഹം എത്തിച്ചേര്‍ന്ന കാര്യങ്ങള്‍ ഇവയാണ്. ‘ചികില്‍സ വല്ലാതെ വീര്‍ത്ത് വികസിച്ച ഒരു വ്യവസായമായിത്തീര്‍ന്നിരിക്കുന്നു. അതിന്റെ തൊഴില്‍ശാലകള്‍, ഉദ്യോഗസ്ഥവൃന്ദം, മേധാവികള്‍, എഞ്ചിനീയര്‍മാര്‍, സൂപ്പര്‍വൈസര്‍മര്‍ ഇവയെല്ലാം ചേര്‍ന്ന് ആരോഗ്യവും രോഗവുമായി ബന്ധപ്പെട്ട എല്ലാ സംഗതികളിലും പിടിമുറുക്കിയിരിക്കുന്നു.

ജീവിക്കണമെങ്കില്‍, അതിജീവിക്കണമെങ്കില്‍ ഒരുതരം ചികില്‍സാകുമിളക്കകത്ത് മരുന്ന് തിന്നും രോഗാണുനാശനം വരുത്തിയും ഉറക്ക ഗുളിക കഴിച്ചും ഉത്തേജക ഔഷധങ്ങള്‍ കഴിച്ചും പഥ്യം പാലിച്ചും ശാശ്വതമായ നിയന്ത്രണത്തിന്റെ കീഴില്‍ കഴിഞ്ഞുകൊള്ളണമെന്നാണ് ഈ ചികില്‍സാ ഇടപെടലിന്റെ ചുമതലക്കാര്‍ ജനങ്ങളെ പറഞ്ഞ് വശപ്പെടുത്തിയിരിക്കുന്നത്.

ചികില്‍സാ വ്യവസ്ഥയ്ക്ക് എല്ലാവരെയും അതിന്റെ ആശ്രിതരാക്കി മാറ്റാന്‍ കഴിഞ്ഞിട്ടുണ്ട്. കാരണം, മൗലികമായിത്തന്നെ രോഗകാരണമാകുന്ന ഈ സമൂഹം, രോഗികളായ ഒരു ജനതയെയാണ് മൗലികമായും ഉല്‍പാദിപ്പിക്കുക. ചികില്‍സ എന്നത് ആളുകളുടെ മേല്‍ ഒരു തരത്തിലുള്ള നിയന്ത്രണമേര്‍പ്പെടുത്താനുള്ള ഒരു സാങ്കേതിക അനുഷ്ഠാനമായിത്തീരുകയാണ്. ചികില്‍സയിലൂടെ രോഗം ഭേദമാക്കുന്നതില്‍ എത്രയോ കൂടുതല്‍ ആളുകളെ ചികില്‍സാവ്യവസ്ഥ രോഗികളാക്കി മാറ്റുന്നു എന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ ഇന്നിപ്പോള്‍ യാഥാര്‍ത്ഥ്യമായി നമുക്കു മുന്നിലുണ്ട്.

‘രോഗം, ആരോഗ്യം, ജനനം എന്നിവയോടൊപ്പം മരണത്തെയും നമ്മള്‍ ഇപ്രകാരം വൈദ്യവല്‍കരിച്ചുകഴിഞ്ഞു. ആശുപത്രിയില്‍ കിടന്ന് മരിക്കാത്തവര്‍ ക്രമം തെറ്റിയ ഒരു മരണമാണ് വരിക്കുന്നത്. നിയമം പാലിക്കണമെന്നുണ്ടെങ്കില്‍ നിങ്ങള്‍ ആശുപത്രിയില്‍ തന്നെ മരിക്കണം. ആശുപത്രിയില്‍ ആണെങ്കില്‍ ഡോക്ടറുടെ അനുവാദത്തോടുകൂടി മാത്രമേ നിങ്ങള്‍ക്ക് മരിക്കാനാവൂ. നിങ്ങളുടെ രോഗങ്ങളും ആരോഗ്യവും പോലെ നിങ്ങളുടെ മരണവും പ്രൊഫഷണനലുകളുടെ ഒരു വ്യാപാരമായി മാറുകയാണ്. അത് നിങ്ങളുടേതല്ലാതാവുന്നു.

മരിക്കുക എന്ന കലയ്ക്ക്,( പ്രിയപ്പെട്ടവരുടെയും ബന്ധുമിത്രാദകളുടെയും ഇടയില്‍ അവരുടെ സഹായത്തോടെ ജീവിതത്തെ സംഗ്രഹിക്കുകയും ജീവിച്ചതുപോലെ മരിക്കുകയും ചെയ്യുന്ന വിടവാങ്ങല്‍ ചടങ്ങ്) നമ്മുടെ സംസ്‌കൃതിയില്‍ പകരം നില്‍ക്കുന്നത് ഏകാന്തവും അപമാനകരവും അസംബന്ധവുമായ ആശുപത്രി മരണമാണ്. വൃത്തം ഇപ്പോള്‍ പൂര്‍ത്തിയാവുന്നു. ആധുനിക പുരുഷന്‍ അഥവാ സ്ത്രീ ആശുപത്രിയില്‍ തന്നെ ജനിക്കുന്നു. രോഗമുള്ളപ്പോള്‍ ആശുപത്രിയില്‍ ചികില്‍സിക്കപ്പെടുന്നു. സുഖമാണോ എന്നറിയാന്‍ ആശുപത്രിയില്‍ പരിശോധിക്കപ്പെടുന്നു. നിയമപ്രകാരം മരിക്കാന്‍ ആശുപത്രിയിലേക്ക് അയക്കപ്പെടുന്നു… സ്വയം നിര്‍ണയക്ഷമതയുടെ അവസാനത്തെ അടിത്തറകളും നമ്മളില്‍ നിന്ന് അപഹരിക്കപ്പെടുകയാണ്.’

ഇത്തരത്തില്‍ സ്വതന്ത്ര പൗരന്‍മാര്‍ എന്നത് എല്ലാ അര്‍ത്ഥത്തിലും അപ്രസക്തമായ ആശയം മാത്രമായി മാറുകയാണ്. നിസ്സഹായരായ മനുഷ്യന്‍ ചൂഷണാധിഷ്ഠിതമായ ഒരു ലോകക്രമത്തിന് സമ്പൂര്‍ണമായി കീഴടങ്ങുന്ന വഴികള്‍ അതിവേഗം തുറക്കപ്പെടുകയാണ്. ഒരേ സമയം മനുഷ്യന്‍ വിശ്വ പൗരനാവുകയും കൂടുതല്‍ ഇടുക്കങ്ങളിലേക്ക് എടുത്തെറിയപ്പെടുകയും ചെയ്യുന്ന അസാധാരണമായ സാഹചര്യം. ഇതിന്റെ അടുത്ത ഘട്ടത്തില്‍ മനുഷ്യന്‍ മറ്റൊരു പരിണാമത്തിന് വിധേയമാക്കപ്പെടും. സര്‍വൈലന്‍സ് കാപിറ്റലിസത്തിന്റെ ഏറ്റവും ഭയാനകമായ രൂപമായിരിക്കും അതില്‍.

ചിപ്പുകള്‍ ചേക്കേറും കാലം

മുതലാളിത്തം കീഴടങ്ങുകയല്ല. പുതിയ രൂപങ്ങളിലേക്ക് കൂടുമാറ്റം നടത്തുകയാണ്. ഡിജിറ്റല്‍, ജനിറ്റിക് എഞ്ചിനീയറിങ്ങുകളുടെ അപാരമായ സാധ്യതകള്‍ ഉപയോഗിച്ചുകൊണ്ടായിരിക്കും അത്. ഇതിന്റെ അടുത്ത ഘട്ടത്തില്‍ ഡാറ്റ പോലും അപ്രസക്തമാവുകയും പകരം മനുഷ്യ ശരീരത്തില്‍ ഘടിപ്പിക്കുന്ന ചിപ്പുകള്‍ ലോകത്തെ മാറ്റിമറിക്കുകയും ചെയ്യും. ഇപ്പോള്‍ തന്നെ ചിപ്പ് അധിഷ്ഠിത പാസ്‌പോര്‍ട്ടുകള്‍ കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ് ഇന്ത്യന്‍ ഭരണകൂടം.

വന്‍കിട രാഷ്ട്രങ്ങള്‍ തങ്ങളുടെ ബജറ്റില്‍ കൂടുതല്‍ തുക നീക്കിവെക്കുന്നത് ഈ തരത്തിലുള്ള സാങ്കേതികവല്‍കരണത്തിനുവേണ്ടിയാണെന്ന് ശ്രദ്ധിച്ചാല്‍ മനസിലാവും. ഇത്തരം അവസ്ഥാ മാറ്റങ്ങളുണ്ടാക്കുന്ന പ്രതിസന്ധികളെ സൂക്ഷ്മമായി നിരീക്ഷിക്കുന്നതിലും പ്രതിരോധം തീര്‍ക്കുന്നതിലും പ്രദേശിക സര്‍ക്കാറുകള്‍ കൈകൊള്ളുന്ന അലംഭാവപൂര്‍ണമായ സമീപനം തന്നെയാണ് മുഖ്യ പ്രശ്‌നം.

അതിനൊരുദാഹരണമാണ് ഇന്ത്യയുടെ ടെലികോം നയം. ടെലികോം മേഖലയില്‍ സമഗ്രമാറ്റം ലക്ഷ്യമിടുന്ന ‘ദേശീയ ഡിജിറ്റല്‍ കമ്യൂണിക്കേഷന്‍സ് പോളിസി (എന്‍.ഡി.സി.പി) 2018’ ന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിക്കഴിഞ്ഞതാണ്. അതിന്റെ സ്വഭാവം വെച്ചുനോക്കിയാല്‍, കര്‍ഷകര്‍, ആദിവാസികള്‍, ന്യൂനപക്ഷങ്ങള്‍ തുടങ്ങി അതിജീവനത്തിന്റെ വഴിയില്‍ നിന്നുപിഴക്കാന്‍ കഴിയാത്തവരും ഏറ്റവും അടിസ്ഥാന ആവശ്യങ്ങള്‍ പോലും നിവൃത്തിക്കാന്‍ കഴിയാത്തവരുമായവരെ പരിഗണിക്കാത്തതും അത്യധികം വരേണ്യ കോര്‍പറേറ്റ് കേന്ദ്രിതവുമായ നവലോകക്രമത്തിലേക്ക് ഇന്ത്യയെ വിക്ഷേപിക്കാന്‍ തക്കവണ്ണമുള്ള നയങ്ങള്‍ ആണ് ഇവയെന്നാണ്.

ഡിജിറ്റല്‍ പരമാധികാരം ഉറപ്പാക്കും എന്നതാണ് അതിലെ പ്രധാന അജണ്ട. ഇതിനു വേണ്ടി ഇന്റര്‍നെറ്റ് ഗതിവേഗം വര്‍ധിപ്പിക്കാനും രാജ്യത്തെ മൊത്തം ഇന്റര്‍നെറ്റ് ശൃംഖലയുമായി ബന്ധിപ്പിക്കാനും ലക്ഷ്യമിട്ടിരിക്കുന്നു. കൂടാതെ നിര്‍മിത ബുദ്ധി, റോബോട്ടിക്‌സ്, ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ് (ഐ.ഒ.ടി), ക്ലൗഡ് കമ്പ്യൂട്ടിങ്, മെഷീന്‍ ടു മെഷീന്‍ (എം.ടു.എം) തുടങ്ങിയ നൂതന സംരംഭങ്ങള്‍ക്ക് ഊന്നല്‍ നല്‍കുമെന്നും നയത്തില്‍ വ്യക്താക്കുന്നുണ്ട്.

ടെലികോം മേഖലയില്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ 100 ബില്യന്‍ ഡോളര്‍ നിക്ഷേപം പ്രതീക്ഷിക്കുന്നതായും പറയുന്നു. മനുഷ്യ വിഭവശേഷി ക്രമേണ കുറച്ചുകൊണ്ടുവന്ന്, അത് അനിവാര്യമല്ലാതാവുന്ന ഒരു വ്യവസ്ഥയായിരിക്കും അതിന്റെ ഫലം. ലക്ഷോപലക്ഷം തൊഴിലാളികള്‍ തൊഴില്‍ മേഖലയില്‍ നിന്ന് പുറന്തള്ളപ്പെടും. അതിന്റെ തുടക്കമാണ് തൊഴിലാളി വിരുദ്ധമായ പല തൊഴില്‍ നയങ്ങള്‍ക്കും മോദി സര്‍ക്കാര്‍ ജന്മം നല്‍കിയത്. ആ അര്‍ഥത്തില്‍ ഏറ്റവും ബൃഹത്തായ ഒരു നവ വിപണിയായി ഇന്ത്യയെ മോദി സര്‍ക്കാര്‍ മാറ്റിയെഴുതിക്കൊണ്ടിരിക്കുകയാണ്.

ഒറ്റക്കാര്യം നോക്കുക. എല്ലാവര്‍ക്കും ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ നല്‍കുന്നതിലൂടെ 40 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതുവഴി ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പാദനം (ജി.ഡി.പി) ആറ് ശതമാനത്തില്‍നിന്ന് എട്ടു ശതമാനമായി ഉയരുമെന്നാണ് ടെലികോം മന്ത്രാലയം അടിച്ചുവിട്ട വാണം. തൊഴിലവസരങ്ങളെ കുറിച്ച് പറഞ്ഞ് അധികാരത്തിലേറിയ മോദി സര്‍ക്കാര്‍ അഞ്ചുവര്‍ഷം കൊണ്ട് എത്ര പേര്‍ക്ക് തൊഴില്‍ കൊടുത്തു എന്നതും എത്ര കോടി യുവാക്കളുടെ തൊഴില്‍ ഇതിനകം കളഞ്ഞു എന്നതും നമ്മുടെ മുമ്പിലുണ്ട്. ഈ ജി.ഡി.പി വളര്‍ച്ച എന്നു പറയുന്നത് സാധാരണ ഇന്ത്യന്‍ പൗരന്റെ വളര്‍ച്ചയല്ലെന്നും അത് അദാനി അംബാനി ബാബാ രാംദേവുമാരുടെ വളര്‍ച്ചയാണെന്നത് ഇതിനകം നമുക്ക് വെളിപ്പെട്ട കാര്യമാണല്ലോ.

നിര്‍മിത ബുദ്ധിയുടെ കാലമാണ് ഇനിയങ്ങോട്ട്. നയങ്ങളും കരാറുകളും നിക്ഷേപങ്ങളും അതിനെ പരിേപാഷിപ്പിക്കുന്നതായിരിക്കും. ഈ ഡിജറ്റല്‍ വ്യവസ്ഥയുടെയും അതുമായി ബന്ധിതമായ ആഗോള സമൂഹത്തിന്റെയും ഏറ്റവും വലിയ പ്രായോജകര്‍ ആയിരിക്കും പുതിയ കാലത്തെ ധന ശക്തികള്‍. ഫേസ്ബുക്കും റിലയന്‍സും കൈകോര്‍ക്കുന്നതിന്റെ പിന്നിലും മറ്റൊന്നല്ല.

സംഭവിക്കാനിരിക്കുന്ന സര്‍വൈലന്‍സ് കാപിറ്റലിസത്തെക്കുറിച്ച് ഇവാന്‍ ഇല്ലിച്ച് എത്രയോ മുമ്പ് തന്നെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ”തങ്ങളെ ഭീഷണിപ്പെടുത്തുന്ന അപകടങ്ങള്‍ കൊണ്ട് സംഭീതരാക്കപ്പെടുന്ന ജനങ്ങള്‍ സാങ്കേതിക വിദഗ്ധര്‍ക്ക് സ്വയം സമര്‍പിക്കുന്ന സ്ഥിതി ഒരിക്കലും സംഭവിക്കാത്തതല്ല. ജീവനാശത്തിന്റെ പടിക്കിപ്പുറത്ത് സാമ്പത്തിക വളര്‍ച്ചയെ പരിപാലിച്ചുപോരേണ്ട ഉത്തരവാദിത്തം ഈ വിദഗ്ധര്‍ ഏറ്റെടുത്തുകൊള്ളും.

ഉത്പാദകര്‍, ഉപഭോക്താക്കള്‍ എന്ന നിലകളിലെല്ലാം തന്നെ ഉപകരണങ്ങള്‍ക്ക് പരമാവധി കീഴടങ്ങിക്കൊണ്ട് ജനങ്ങള്‍ കഴിഞ്ഞുകൊള്ളുമെന്ന് ഈ ‘ടെക്‌നോ ഫാഷിസം’ ഉറപ്പു വരുത്തും. ജനങ്ങള്‍ അതിജീവിച്ചു എന്നു വരാം. പക്ഷെ, ജീവിതത്തില്‍ നിന്ന് എല്ലാ മൂല്യവും ചോര്‍ത്തിക്കളയുന്ന സാഹചര്യങ്ങളില്‍ ആയിരിക്കും അവരുടെ ജീവിതം. ചൊട്ട മുതല്‍ ചുടല വരെ, നാമെല്ലാം ഒരാഗോള സ്‌കൂളിലും ഒരാഗോള ആശുപത്രിയിലുമായി (ഇവയെ ഓരാഗോള തടവറയെന്നു വേര്‍തിരിക്കാവുന്നത് അവയുടെ പേരു കൊണ്ടു മാത്രമാവുന്നു). ബന്ധനസ്ഥരാക്കപ്പെടും. ഈ സാങ്കേതിക വിദഗ്ധരുടെ ജോലി ഈ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്ന ഒരു വ്യക്തിയെ നിര്‍മിച്ചെടുക്കുക എന്നതായിരിക്കും”.

നമ്മള്‍ കൊണ്ടു നടക്കുന്ന ബന്ധങ്ങള്‍, വിശ്വാസം, ആഗ്രഹിക്കുന്ന സ്വാതന്ത്ര്യം, നീതി, അവകാശബോധം അങ്ങനെ സകലതും അപ്രസക്തമാവുന്ന ഒരു ലോകക്രമമാണ് നാലാം വ്യവസായ വിപ്ലവത്തിലൂടെ നവ മുതലാളിത്തം ലക്ഷ്യമിടുന്നത്. മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധങ്ങള്‍ക്കായിരിക്കില്ല അവിടെ മേല്‍ക്കൈ. ഇത് ഏറ്റവും നന്നായി തിരിച്ചറിയേണ്ടവരായിരുന്നു യഥാര്‍ത്ഥത്തില്‍ കേരളത്തിലെ ഇടതുപക്ഷം. നിയോലിബറല്‍ നയങ്ങള്‍ക്കും സര്‍വൈലന്‍സ് കാപിറ്റലിസത്തിനും മുകളില്‍ ശക്തമായ പ്രതിരോധം തീര്‍ക്കാന്‍ പ്രാപ്തരാവേണ്ട നേതാക്കള്‍ നിക്ഷിപ്ത താല്‍പര്യങ്ങളുടെ തടവുകാര്‍ ആവുന്നിടത്ത് പുറത്തേക്ക് രക്ഷപ്പെടാനുള്ള സാധ്യതയുടെ വാതിലാണ് അവരായി അടച്ചുകളയുന്നത്. ഇനി, ഇപ്പോള്‍ തൊണ്ട കീറുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെയടക്കം ഇക്കാര്യത്തിലുള്ള ആത്മാര്‍ത്ഥതയില്‍ ആരെങ്കിലും വശ്വാസമര്‍പിക്കുന്നുണ്ടെങ്കില്‍ അത് വെള്ളത്തില്‍ വരച്ച വര മാത്രമായിരിക്കും. ലോകത്തുടനീളം മൂല്യരഹിത വലതുപക്ഷത്തോട് ഏറ്റുമുട്ടാന്‍ കെല്‍പുള്ള മൂല്യാധിഷ്ഠിത ജനകീയ ഇടതുപക്ഷത്തെ ശക്തിപ്പെടുത്തുക എന്നതു തന്നെയാണ് മുന്നില്‍ അവശേഷിക്കുന്ന വഴി.

വി.പി റജീന

മാധ്യമപ്രവര്‍ത്തക

We use cookies to give you the best possible experience. Learn more