ഭോപാല്‍: കേന്ദ്ര സര്‍ക്കാരിന്റെ ആരോഗ്യ സേതു ആപ്പിനെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ആശങ്കകള്‍ പ്രകടിപ്പിച്ചതിന് പിന്നാലെ വിവരങ്ങള്‍ ചോര്‍ന്ന് മധ്യപ്രദേശ് സര്‍ക്കാരിന്റെ സര്‍തക് ആപ്പ്. സംസ്ഥാനത്തെ ആയിരക്കണക്കിന് ആളുകളുടെ വ്യക്തി വിവരങ്ങളടക്കമാണ് ചോര്‍ന്നത്.
ലൊക്കേഷന്‍ വിവരങ്ങളടക്കം 5500 ആളുകളുടെ വ്യക്തിവിവരങ്ങള്‍ ചോര്‍ന്ന വിവരം ഫ്രഞ്ച് ഹാക്കര്‍ ട്വീറ്റിലൂടെ അറിയിക്കുകയായിരുന്നു. എലിയറ്റ് അള്‍ഡേര്‍സണ്‍ എന്ന ട്വിറ്റര്‍ അക്കൗണ്ടിലാണ് വിവരങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ആപ്പിന്റെ സ്‌ക്രീന്‍ ഷോട്ട് അടക്കമാണ് ഇദ്ദേഹം ട്വീറ്റ് ചെയ്തത്.
ഇന്ത്യയിലെ മധ്യപ്രദേശ് സര്‍ക്കാര്‍ കൊവിഡ് 19 ആപ്പ് നിര്‍മ്മിച്ചിരിക്കുന്നത് ഈ വിധമാണ് എന്ന് അടിക്കുറിപ്പിട്ടാണ് ഹാക്കര്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയത്. ആപ്പില്‍ ഉപയോഗിച്ചിരിക്കുന്ന വിവരങ്ങളുടെ സ്‌ക്രീന്‍ ഷോട്ടും ട്വീറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഒരു നിരീക്ഷണ സംവിധാനത്തിന്റെ അവസ്ഥ നോക്കൂ എന്ന പരിഹാസവും ട്വീറ്റിലുണ്ട്.
ആരോഗ്യ സേതു ആപ്പിലെ ഒരു ഭാഗവും ഹാക്ക് ചെയ്യാന്‍ കഴിയുമെന്ന് ഈ ഹാക്കര്‍ വ്യക്തമാക്കി. ക്വാറന്റീനില്‍ ഉള്ളവരുടെ വ്യക്തി വിവരങ്ങള്‍ പരസ്യപ്പെടുത്തരുതെന്നാണ് കേന്ദ്രസര്‍ക്കാര്‍ ഏപ്രില്‍ 18ന് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.
ആപ്പ് ഹാക്ക് ചെയ്തതിന് പിന്നാലെ ഇദ്ദേഹത്തിന് മറുപടിയായി ആപ്പ് നിര്‍മ്മിച്ച മധ്യപ്രദേശിലെ ഐ.ടി വിഭാഗം വിവരങ്ങള്‍ പരിശോധിക്കുന്നുണ്ടെന്നും തെറ്റുകള്‍ ചൂണ്ടിക്കാണിച്ചതിന് നന്ദി എന്നും അള്‍ഡേഴ്‌സണ് മറുപടി നല്‍കി.
കൊവിഡ് രോഗികളെ തിരിച്ചറിയാനാണ് സര്‍തക് ആപ്പും ആരോഗ്യ സേതുവും നിര്‍മ്മിച്ചിരിക്കുന്നത്. ആരൊക്കെ ക്വാറന്റീനില്‍ ഉണ്ട്, അവര്‍ ഏത് തരം ഫോണാണ് ഉപയോഗിക്കുന്നത്, അവരുടെ ലൊക്കേഷന്‍ എന്നീ വിവരങ്ങളും സര്‍തക് ആപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.