ഐ.പി.എല്ലിലെ സകല ടീമുകളും ഇപ്പോള്‍ ഖേദിക്കുന്നുണ്ടാവും; ഇവന്‍ 12 പേര്‍ക്ക് ശേഷം ലങ്ക കണ്ടെത്തിയ മരതക ദ്വീപിന്റെ മാണിക്യം
Sports News
ഐ.പി.എല്ലിലെ സകല ടീമുകളും ഇപ്പോള്‍ ഖേദിക്കുന്നുണ്ടാവും; ഇവന്‍ 12 പേര്‍ക്ക് ശേഷം ലങ്ക കണ്ടെത്തിയ മരതക ദ്വീപിന്റെ മാണിക്യം
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 5th January 2023, 10:24 pm

ഇന്ത്യ-ശ്രീലങ്ക പരമ്പരയിലെ ആദ്യ രണ്ട് ടി-20 മത്സരങ്ങള്‍ കാണുമ്പോള്‍ ഐ.പി.എല്ലിലെ സകല ടീമുകളും നിരാശകൊണ്ട് മുഖം കുനിച്ച് നില്‍ക്കുന്നുണ്ടാകും. ഇത്രയും മികച്ച ഒരുവനെയാണോ കൈവിട്ടുകളഞ്ഞത് എന്നോര്‍ത്തുള്ള അതിയായ നിരാശയാവും അവര്‍ക്കുണ്ടാവുക.

അടിസ്ഥാന വില 50 ലക്ഷമായിട്ടുപോലും ഒരാള്‍ പോലും ടീമിലെടുക്കാതിരുന്ന ദാസുന്‍ ഷണകയുടെ ബ്രൂട്ടല്‍ ഹാര്‍ഡ് ഹിറ്റിങ് തന്നെയാണ് ഐ.പി.എല്‍ ടീമുകളെ ഒന്നടങ്കം നിരാശയിലാഴ്ത്തിയിരിക്കുന്നത്.

പരമ്പരയിലെ രണ്ട് മത്സരത്തിലും ബാറ്റിങ്ങില്‍ കസറിയ ഷണക തന്നെയായിരുന്നു ലങ്കന്‍ നിരയിലെ റോറിങ് ലയണ്‍. ആദ്യ മത്സരം അവസാന ഓവറിലെ അവസാന പന്ത് വരെ കൊണ്ടുപോയതിന്റെ പ്രധാന കാരണവും ഷണക തന്നെയായിരുന്നു.

ആദ്യ മത്സരത്തില്‍ 27 പന്തില്‍ നിന്നും 45 റണ്‍സാണ് താരം നേടിയത്. 166.67 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരം ആഞ്ഞടിച്ചത്.

ആദ്യ മത്സരത്തിലെ അതേ മികവ് രണ്ടാം മത്സരത്തിലും താരം ആവര്‍ത്തിച്ചപ്പോള്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ നിന്ന് വിയര്‍ത്തു. 22 പന്തില്‍ നിന്നും രണ്ട് ബൗണ്ടറിയുടെയും അറ് സിക്‌സറിന്റെയും അകമ്പടിയോടെ 56 റണ്‍സാണ് താരം സ്വന്തമാക്കിയത്. ക്ലാസ് എന്നെല്ലാതെ ഇതിനെ വിളിക്കാന്‍ വാക്കുകളില്ല.

 

ഫിനിഷറുടെ റോളില്‍ കത്തിക്കയറിയ ഷണക തന്നെയായിരുന്നു ലങ്കന്‍ നിരയില്‍ കരുത്ത് കാട്ടിയത്.

ഷണകയുടെ ഹാര്‍ഡ് ഹിറ്റിങ്ങിന് പിന്നാലെ മികച്ച സ്‌കോറിലേക്കാണ് ശ്രീലങ്ക നടന്നുകയറിയത്. നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സാണ് ലങ്കന്‍ ലയണ്‍സ് സ്വന്തമാക്കിയത്.

ഷണകക്ക് പുറമെ വിക്കറ്റ് കീപ്പര്‍ കുശാല്‍ മെന്‍ഡിസും അര്‍ധ സെഞ്ച്വറി നേടിയിരുന്നു. ഓപ്പണര്‍ പാതും നിസങ്കയും ചരിത് അസലങ്കയും സ്‌കോര്‍ബോര്‍ഡിലേക്ക് കാര്യമായ സംഭാവന നല്‍കിയതോടെയാണ് ലങ്കന്‍ സ്‌കോര്‍ ഉയര്‍ന്നത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് തുടക്കം പിഴച്ചിരുന്നു. എന്നാല്‍ നാലാമനായി ഇറങ്ങിയ സൂര്യകുമാര്‍ യാദവും ഏഴാമന്‍ അക്‌സര്‍ പട്ടേലും മികച്ച പ്രകടനം കാഴ്ചവെച്ചതോടെ ഇന്ത്യ മത്സരത്തിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ്. 15 ഓവര്‍ പിന്നിടുമ്പോള്‍ 139 റണ്‍സിന് അഞ്ച് വിക്കറ്റ് എന്ന നിലയാണ് ഇന്ത്യ.

 

Content Highlight: Dasun Shanaka’s brilliant knock in India vs Sri Lanka 2nd T20