ശ്രീലങ്കയുടെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ടാം മത്സരത്തില്‍ ക്യാപ്റ്റന്‍ ദാസുന്‍ ഷണക ലങ്കയെ മുന്നില്‍ നിന്നും നയിച്ചപ്പോള്‍ തോല്‍ക്കാന്‍ മാത്രമായിരുന്നു ഇന്ത്യക്ക് സാധിച്ചത്. ലങ്കയുടെ പോരാട്ട വീര്യത്തിനൊപ്പം ഇന്ത്യയുടെ പിഴവുകളും തിരിച്ചടിയായപ്പോള്‍ സ്വന്തം കാണികള്‍ക്ക് മുമ്പില്‍ ഇന്ത്യ തോല്‍വിയറിഞ്ഞു.
ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ രണ്ട് മത്സരങ്ങള്‍ക്ക് ശേഷം 1-1ന് സമനില പിടിക്കാനും ലങ്കന്‍ സിംഹങ്ങള്‍ക്കായി.
ക്യാപ്റ്റന്‍ ദാസുന്‍ ഷണകയുടെ അപരാജിത ഇന്നിങ്‌സാണ് ലങ്കയുടെ വിജയത്തില്‍ നിര്‍ണായകമായത്. ടി-20 ഫോര്‍മാറ്റില്‍ ഒരു ശ്രീലങ്കന്‍ താരത്തിന്റെ ഏറ്റവും വേഗതയേറിയ അര്‍ധ സെഞ്ച്വറിയാണ് ഷണക കഴിഞ്ഞ ദിവസം കുറിച്ചത്. 22 പന്തില്‍ നിന്നും പുറത്താകാതെ 56 റണ്‍സാണ് ഷണക നേടിയത്.
കഴിഞ്ഞ മത്സരത്തിലെ താരത്തിന്റെ പ്രകടനത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു. ഡിസംബറില്‍ കൊച്ചിയില്‍ വെച്ച് നടന്ന മിനി ലേലത്തില്‍ ഷണകയെ ടീമിലെത്തിക്കാന്‍ ഒരു ഐ.പി.എല്‍ ടീമും ശ്രമിക്കാത്തതാണ് ചര്‍ച്ചയായത്.
അടിസ്ഥാന വില 50 ലക്ഷം മാത്രമായിരുന്ന ഷണകക്കായി ഒരു ടീമും മുന്നോട്ട് വന്നിരുന്നില്ല. ഇതോടെ താരം അണ്‍ സോള്‍ഡാവുകയായിരുന്നു.
രണ്ടാം മത്സരത്തില്‍ മാത്രമല്ല, ആദ്യ മത്സരത്തിലും ഷണക തകര്‍ത്തടിച്ചിരുന്നു. ആദ്യ മത്സരം അവസാന പന്ത് വരെയെത്തിച്ചതില്‍ പ്രധാന കാരണവും ഷണക തന്നെയായിരുന്നു.
കഴിഞ്ഞ മത്സരത്തിന് പിന്നാലെ ഒരു തകര്‍പ്പന്‍ റെക്കോഡും താരം സ്വന്തമാക്കിയിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇതുവരെ ആരും സ്വന്തമാക്കാത്ത നേട്ടമാണ് ഷണക നേടിയിരിക്കുന്നത്.
താന്‍ ഒരു വിശ്വസ്തനായ ഫിനിഷറാണെന്ന് അടിവരയിടുന്നതാണ് ഈ റെക്കോഡ്. ടി-20 ഫോര്‍മാറ്റില്‍ ഡെത്ത് ഓവറില്‍ മള്‍ട്ടിപ്പിള്‍ ഫിഫ്റ്റിയുള്ള ഏക താരമായാണ് ഷണക മാറിയിരിക്കുന്നത്.
ഇന്ത്യക്കെതിരെ ഷണകയുടെ രണ്ടാം ഫിഫ്റ്റിയായിരുന്നു ഡെത്ത് ഓവറില്‍ പിറന്നത്. നേരത്തെ കഴിഞ്ഞ വര്‍ഷവും ഓസ്‌ട്രേലിയക്കെതിരെ ഷണക ഡെത്ത് ഓവറില്‍ അമ്പതടിച്ചിരുന്നു.
മൂന്നാം മത്സരത്തിലും ഇതേ പ്രകടനം തന്നെ കാഴ്ചവെച്ച് ലങ്കയെ വിജയത്തിലേക്ക് നയിക്കാന്‍ സാധിക്കുകയാണെങ്കില്‍ പരമ്പരയിലെ താരം ഷണകയാകുമെന്ന കാര്യത്തില്‍ സംശയമില്ല.