റാഫേല്‍ ഇടപാടില്‍ നിന്ന് പൊതുമേഖലാ സ്ഥാപനമായ എച്ച്.എ.എല്ലിനെ (ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡ്) അനില്‍ അംബാനിയുടെ കമ്പനിക്ക് വേണ്ടി അവസാനം നിമിഷം തഴഞ്ഞുവെന്നതിന്റെ തെളിവുകള്‍ പുറത്ത്.
108 റഫാല്‍ യുദ്ധവിമാനങ്ങള്‍ ഇന്ത്യയില്‍ നിര്‍മിക്കുന്നതിനായി ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്‌സ് ലിമിറ്റഡുമായി ധാരണയുണ്ടെന്ന് ദസോള്‍ട്ട് മേധാവി എറിക് ട്രാപ്പിയര്‍ 2015 മാര്‍ച്ച് 25ന് വ്യോമസേനാ, എച്ച്.എ.എല്‍ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ സംസാരിക്കുന്നതിന്റെ വീഡിയോയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
ഏപ്രില്‍ 10 ന് മോദി ഫ്രാന്‍സ് സന്ദര്‍ശിച്ചപ്പോള്‍ വിമാനങ്ങള്‍ വാങ്ങുന്നത് 36 ആയി ചുരുങ്ങുകയും എച്ച്.എ.എല്ലിന് പകരം റിലയന്‍സ് കയറി വരികയും ചെയ്തു.
മോദി ഫ്രാന്‍സില്‍ വെച്ച് പുതിയ കരാര്‍ പ്രഖ്യാപിക്കുന്നതിന് രണ്ടു ദിവസം മുമ്പ് വരെ എച്ച്.എ.എല്‍ ഇടപാടില്‍ ഉണ്ടായിരുന്നുവെന്നതിന്റെ തെളിവായി അന്നത്തെ വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കര്‍ മാധ്യമങ്ങളോട് സംസാരിച്ചതിന്റെ തെളിവുകളും പുറത്തു വന്നിട്ടുണ്ട്.
അപ്പോള്‍ ഈ പതിനേഴ് ദിവസങ്ങള്‍ക്കിടയില്‍ കരാര്‍ മാറ്റിയെഴുതപ്പെട്ടത് എങ്ങനെയാണെന്ന് സര്‍ക്കാര്‍ വിശദീകരിക്കേണ്ടതുണ്ട്.
എന്താണ് റാഫേല്‍ കരാര്‍
രാജ്യത്തിനാവശ്യമായ 126 യുദ്ധവിമാനങ്ങള്‍ക്കായി 2007ല്‍ യു.പി.എ സര്‍ക്കാരാണ് ഫ്രഞ്ച് കമ്പനിയായ റഫേലുമായി ചര്‍ച്ചകള്‍ ആരംഭിക്കുന്നത്. ദസോള്‍ട്ടില്‍ നിന്ന് 18 വിമാനങ്ങള്‍ നേരിട്ടു വാങ്ങാനും ബാക്കി 108 വിമാനങ്ങള്‍ സാങ്കേതികവിദ്യ സ്വന്തമാക്കി ഇന്ത്യയില്‍ നിര്‍മിക്കാമെന്നുമായിരുന്നു കമ്പനിയുമായി നടത്തിയ ചര്‍ച്ചയില്‍ ധാരണയായിരുന്നത്. പക്ഷെ കരാര്‍ ഒപ്പിട്ടിരുന്നില്ല.
എന്നാല്‍ ഫ്രാന്‍സ് സന്ദര്‍ശനത്തില്‍ യു.പി.എ സര്‍ക്കാര്‍ തുടങ്ങിവെച്ച കരാര്‍ റദ്ദാക്കുക പോലും ചെയ്യാതെയാണ് വിമാനങ്ങളുടെ എണ്ണം കുറച്ച് റിലയന്‍സിനെ പങ്കു ചേര്‍ത്ത് മോദി കരാറൊപ്പിട്ടത്.
എന്‍.ഡി.എ കരാര്‍ ഒപ്പിട്ടപ്പോള്‍ 126 വിമാനങ്ങള്‍ ആവശ്യമുള്ള സ്ഥാനത്ത് 36 വിമാനങ്ങള്‍ മാത്രമാവുകയും നിര്‍മാണ സാങ്കേതിക വിദ്യ ഇന്ത്യയ്ക്ക് നഷ്മാവുകയും ചെയ്തു. പകരം വിമാനഭാഗങ്ങള്‍ നിര്‍മിക്കാനുള്ള സാങ്കേതികവിദ്യ റിലയന്‍സിന് ലഭിച്ചു
റിലയന്‍സിന് നേട്ടം
മോദിയുടെ ഫ്രാന്‍സ് സന്ദര്‍ശനത്തിന് 13 ദിവസം മുമ്പ് മാത്രം രൂപീകരിച്ച റിലയന്‍സിന് ഡിഫന്‍സിനാണ് വിമാനഭാഗങ്ങള്‍ നിര്‍മിക്കാനുള്ള അനുബന്ധ കരാര്‍ ലഭിച്ചത്. സുഖോയ്, മിറാഷ് അടക്കം 4400 യുദ്ധവിമാനങ്ങള്‍ നിര്‍മിച്ച് പതിറ്റാണ്ടുകളുടെ പ്രവര്‍ത്തന പരിചയമുള്ള എച്ച്.എല്ലിനെ ഒഴിവാക്കിയാണ് ഇന്ത്യയുടെ പ്രതിരോധ ചരിത്രത്തിലെ ഏറ്റവും വലിയ അനുബന്ധ കരാര്‍ സ്വന്തമായി ഒരുതോക്കു പോലും ഉണ്ടാക്കിയിട്ടില്ലാത്ത റിലയന്‍സിന് മോദി സര്‍ക്കാര്‍ കരാറിലൂടെ വാങ്ങിക്കൊടുത്തത്.