Entertainment
നാനിയും ഷൈന്‍ ടോം ചാക്കോയും നേര്‍ക്കുന്നേര്‍, ഒരു നാടന്‍ ആക്ഷന്‍ പടം; ദസറ ട്രെയ്‌ലര്‍ പുറത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Mar 14, 02:39 pm
Tuesday, 14th March 2023, 8:09 pm

നാനിയെ നായകനാക്കി നവാഗതനായ ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ദസറ’ . ശ്രീ ലക്ഷ്മി വെങ്കിടേശ്വര സിനിമാസിന്റെ ബാനറില്‍ സുധാകര്‍ ചെറുകുരി നിര്‍മിക്കുന്ന ചിത്രം നാനിയുടെ ഏറ്റവും വലിയ പ്രോജക്റ്റുകളില്‍ ഒന്നാണ്. ചിത്രത്തില്‍ നാനിക്ക് എതിരാളിയായെത്തുന്നത് ഷൈന്‍ ടോം ചാക്കോയാണ്.

നാടന്‍ ആക്ഷന്‍ ഡ്രാമ എന്ന ഴോണറില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കുന്ന ചിത്രമാണിതെന്നാണ് ട്രെയ്‌ലര്‍ സൂചിപ്പിക്കുന്നത്. എസ്.എല്‍.വി സിനിമാസാണ് ട്രെയ്‌ലര്‍ പുറത്ത് വിട്ടിരിക്കുന്നത്. ഇതിനോടകം തന്നെ പുറത്തുവന്ന ക്യാരക്ടര്‍ പോസ്റ്ററുകള്‍ക്കും ഗാനങ്ങള്‍ക്കും ടീസറിനുമെല്ലാം മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ദസറയില്‍ നായികയായെത്തുന്നത് കീര്‍ത്തി സുരേഷാണ്.

തെലങ്കാനയിലെ പെദ്ദപ്പള്ളി ജില്ലയിലെ ഗോദാവരികാനിയിലെ സിങ്കരേണി കല്‍ക്കരി ഖനിയില്‍ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമത്തിലാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. നാനി തെലുങ്കാന ഭാഷയാണ് കൈകാര്യം ചെയ്യുന്നത് എന്നും ശ്രദ്ധേയമാണ്. സിനിമയിലെ നാനിയുടെ ലുക്കും വ്യത്യസ്തമാണ്. ഈ ഗെറ്റപ്പ് ചേഞ്ച് നേരത്തെ തന്നെ ചര്‍ച്ചയാവുകയും ചെയ്തിരുന്നു.

താരത്തിന്റെ ആദ്യ ബിഗ് ബജറ്റ് പാന്‍ ഇന്ത്യന്‍ ചിത്രം കൂടിയാണ് ദസറ. സമുദ്രക്കനി, സായ് കുമാര്‍, സറീന വഹാബ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സത്യന്‍ സൂര്യന്‍ ഐ.എസി ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ സംഗീതം സന്തോഷ് നാരായണനാണ്. ചിത്രം തെലുങ്ക്, തമിഴ്, കന്നട, മലയാളം, ഹിന്ദി എന്നീ ഭാഷകളിലായിട്ടാണ് റിലീസ് ചെയ്യുന്നത്.

ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റാണ് ചിത്രം കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നത്. മാര്‍ച്ച് 30നാണ് ദസറ റിലീസ് ചെയ്യുന്നത്. മികച്ച പ്രകടനങ്ങള്‍ക്കായി പ്രേക്ഷകര്‍ക്ക് കാത്തിരിക്കാം എന്നാണ് ട്രെയ്‌ലര്‍ നല്‍കുന്ന സൂചന. എഡിറ്റര്‍: നവീന്‍ നൂലി. പ്രൊഡക്ഷന്‍ ഡിസൈനര്‍: അവിനാഷ് കൊല്ല. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: വിജയ് ചഗന്തി. സംഘട്ടനം: അന്‍ബറിവ്. പിആര്‍ഒ: ശബരി.

content highlight: dasara movie trailer