Entertainment news
ഒറ്റ ദിവസം കൊണ്ട് ബോക്‌സ് ഓഫീസ് തകര്‍ത്ത് ദസറ; കോടികളുടെ നേട്ടം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Mar 31, 08:53 am
Friday, 31st March 2023, 2:23 pm

നാനിയുടെ മാസ് ആക്ഷന്‍ എന്റര്‍ടെയ്‌നര്‍ ദസറക്ക് ആഗോളതലത്തില്‍ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. വ്യാഴാഴ്ച റിലീസ് ചെയ്ത ചിത്രം ഒറ്റ ദിവസം കൊണ്ട് ആഗോള തലത്തില്‍ നേടിയത് 38 കോടിക്കുമേല്‍ കളക്ഷനാണ്.

ചിത്രം ഇതിനോടകം തന്നെ ബ്ലോക്ക്ബസ്റ്റര്‍ ലിസ്റ്റിലേക്ക് ഇടംപിടിക്കാന്‍ തയ്യാറെടുത്തു കഴിഞ്ഞു. ഇന്ത്യയില്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ ഓപ്പണിങ് കളക്ഷന്‍ നേടുന്ന തെന്നിന്ത്യന്‍ ചിത്രമായി മാറുകയാണ് ദസറ.

നാനി നായകനാകുന്ന ആദ്യ ചിത്രമാണ് ഇങ്ങനെയൊരു നേട്ടം കൈവരിക്കുന്നത്. പ്രീമിയറുകള്‍ ഉള്‍പ്പെടെ യു.എസ്.എയില്‍ മാത്രം ആദ്യ ദിവസം തന്നെ ചിത്രം 10 ലക്ഷം ഡോളറിലേക്കാണ് കുതിച്ചിരിക്കുകയാണ്.

നാനിയുടെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് സിനിമയിലേത് എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. ഫീമെയില്‍ ലീഡ് റോളില്‍ എത്തിയ കീര്‍ത്തി സുരേഷിന്റെ പ്രകടനത്തിനും ഏറെ പ്രശംസ ലഭിക്കുന്നുണ്ട്.

ശ്രീകാന്ത് ഒഡെലയാണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോ വില്ലന്‍ വേഷമാണ് കൈകാര്യം ചെയ്തിരിക്കുന്നത്. കല്‍ക്കരി ഖനികളില്‍ ജോലി ചെയ്യുന്ന ആളുകളുടെ ഇടയില്‍ നടക്കുന്ന സംഭവങ്ങളാണ് സിനിമയുടെ കഥ.

ഷൈന്‍ ടോമിനെ കൂടാതെ സായ് കുമാറും ദസറയിലെ മറ്റൊരു വില്ലനാണ്. ധീക്ഷിത് ഷെട്ടി, സമുദ്രക്കനി, സറീന വഹാബ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ശ്രീ ലക്ഷ്മി വെങ്കിടേശ്വര സിനിമാസിന്റെ ബാനറില്‍ സുധാകര്‍ ചെറുകൂരിയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

content highlight: dasara movie box office collection