| Monday, 27th June 2022, 6:22 pm

92 വര്‍ഷങ്ങള്‍ക്ക് ശേഷം അങ്ങനെ ബ്രാഡ്മാനൊപ്പം എത്തി; ഓസീസ് ഇതിഹാസത്തിന്റെയൊപ്പം റെക്കോഡ് പങ്കിട്ട് ന്യൂസിലാന്‍ഡ് ബാറ്റര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച കളിക്കാരില്‍ മുന്‍പന്തിയിലുള്ള കളിക്കാരനായിരുന്നു സര്‍ ഡൊണാള്‍ഡ് ബ്രാഡ്മാന്‍ അഥവാ ഡോണ്‍ ബ്രാഡ്മാന്‍. ബാറ്റിങ്ങിനെ മറ്റൊരു തലത്തിലെത്തിച്ച കളിക്കാരനായിരുന്നു ബ്രാഡ്മാന്‍.

ടെസ്റ്റ് ക്രിക്കറ്റില്‍ ആര്‍ക്കും തകര്‍ക്കാന്‍ സാധിക്കാത്ത 99.94 എന്ന റെക്കോഡ് നേടിയ അദ്ദേഹത്തിന്റെ പേരില്‍ ഒരുപാട് മറ്റ് റെക്കോഡുകളുമുണ്ട്. ഇന്നും ഒരുപാട് താരങ്ങള്‍ അദ്ദേഹത്തിന്റെ റെക്കോഡുകളോട് മത്സരിക്കാറുണ്ട്.

ഇപ്പോഴിതാ അദ്ദഹത്തിന്റെയൊരു റെക്കോഡിനൊപ്പം എത്തിയിരിക്കുകയാണ് ന്യൂസിലാന്‍ഡ് ബാറ്റര്‍ ഡാരില്‍ മിച്ചല്‍. ഡോണ്‍ ബ്രാഡ്മാന്‍ 1930ല്‍ നേടിയ റെക്കോഡിനൊപ്പമാണ് മിച്ചലെത്തിയത്.

ഒരു യുറോപ്യന്‍ രാജ്യത്ത് നടക്കുന്ന പരമ്പരയിലെ ആദ്യ മൂന്ന് മത്സരത്തില്‍ തുടര്‍ച്ചയായി സെഞ്ച്വറിയടിക്കുന്ന താരമെന്ന റെക്കോഡാണ് മിച്ചല്‍ നേടിയത്. 1930ല്‍ ഡോണ്‍ ബ്രാഡ്മാന് ശേഷം ആദ്യമായാണ് ഒരു താരം ഈ റെക്കോഡ് കരസ്ഥമാക്കുന്നത്.

നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന ടെസ്റ്റില്‍ 109 റണ്‍സ് നേടിയ മിച്ചല്‍ നേരത്തെ ലോര്‍ഡ്സില്‍ നടന്ന മത്സരത്തില്‍ 108ഉം ട്രെന്റ് ബ്രിഡ്ജില്‍ 190ഉം റണ്‍സ് നേടിയിരുന്നു. 92 വര്‍ഷത്തിനിടെ മറ്റൊരു വിദേശ താരത്തിനും എത്തിപിടിക്കാന്‍ സാധിക്കാതിരുന്ന നാഴികക്കല്ല് കൈവരിക്കാന്‍ അദ്ദേഹത്തിന്റെ മൂന്ന് സെഞ്ച്വറികള്‍ സഹായിച്ചു.

ഈ പരമ്പരയില്‍ ആറ് ഇന്നിങ്‌സില്‍ നിന്നും 538 റണ്ണാണ് താരം അടിച്ചുകൂട്ടിയത്. 107.60 റണ്ണാണ് മിച്ചലിന്റെ ശരാശരി. പരമ്പരയില്‍ ന്യൂസിലാന്‍ഡ് ഏക ആശ്വസവും മിച്ചലിന്റെ പ്രകടനമാണ്.

പരമ്പരയിലുടനീളം ഇംഗ്ലണ്ടിന്റെ ആധിപത്യത്തിനായിരുന്നു ആരാധകര്‍ സാക്ഷിയായത്. എന്നാല്‍ ഡാരില്‍ മിച്ചലിന്റെ പ്രകടനം ന്യൂസിലാന്‍ഡിന് പോസിറ്റീവ് സൈനാണ്.

Content Highlights: Daryl Mitchell matches Don Bradman’s Record

We use cookies to give you the best possible experience. Learn more