ഇതിനായി ന്യൂസിലാന്‍ഡ് കാത്തിരുന്നത് നീണ്ട 48 വര്‍ഷം; ഇതിഹാസത്തിന് ഇനി മിച്ചല്‍ പിന്‍ഗാമി
icc world cup
ഇതിനായി ന്യൂസിലാന്‍ഡ് കാത്തിരുന്നത് നീണ്ട 48 വര്‍ഷം; ഇതിഹാസത്തിന് ഇനി മിച്ചല്‍ പിന്‍ഗാമി
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 22nd October 2023, 9:36 pm

ലോകകപ്പിന്റെ ചരിത്രത്തിലെ മറ്റൊരു വാശിയേറിയ റൈവല്‍റിക്കാണ് ഹിമാചല്‍ പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയം സാക്ഷ്യം വഹിക്കുന്നത്. 2003ന് ശേഷം ഒരു ഐ.സി.സി ഇവന്റില്‍ പോലും ന്യൂസിലാന്‍ഡിനെ തോല്‍പിക്കാന്‍ സാധിച്ചിട്ടില്ല എന്ന നാണക്കേട് തിരുത്തി കുതിപ്പ് തുടരാന്‍ ഇന്ത്യയും തോല്‍വിയറിയാതെ മുന്നേറാന്‍ കിവികളും ഇറങ്ങിയിരിക്കുകയാണ്.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കിവികള്‍ക്ക് തുടക്കത്തിലേ പിഴച്ചിരുന്നു. ഒമ്പത് പന്തില്‍ റണ്ണൊന്നുമെടുക്കാതെ ഡെവോണ്‍ കോണ്‍വേയും 27 പന്തില്‍ 17 റണ്‍സുമായി വില്‍ യങ്ങും പുറത്തായി.

എന്നാല്‍ മൂന്നാം നമ്പറില്‍ ഇറങ്ങിയ രചിന്‍ രവീന്ദ്രയും ഡാരില്‍ മിച്ചലും ചേര്‍ന്ന് മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തി. ന്യൂസിലാന്‍ഡ് സ്‌കോര്‍ 19ല്‍ ഒന്നിച്ച ഇരുവരും സ്‌കോര്‍ ബോര്‍ഡില്‍ 178 റണ്‍സില്‍ നില്‍ക്കവെയാണ് പിരിയുന്നത്. 87 പന്തില്‍ 75 റണ്‍സ് നേടിയ രചിന്‍ രവീന്ദ്രയെ പുറത്താക്കി മുഹമ്മദ് ഷമിയാണ് കൂട്ടുകെട്ട് പൊളിച്ചത്.

രചിന്‍ പുറത്തായെങ്കിലും ഡാരില്‍ മിച്ചല്‍ തകര്‍ത്തടിച്ചു. ഒരു വശത്ത് വിക്കറ്റ് വീഴുമ്പോഴും മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്താന്‍ സാധിക്കാതെ വരുമ്പോഴും മറുവശത്ത് മിച്ചല്‍ സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചുകൊണ്ടിരുന്നു.

ഒടുവില്‍ 127 പന്തില്‍ 130 റണ്‍സ് നേടി നില്‍ക്കവെ മുഹമ്മദ് ഷമിയാണ് മിച്ചലിനെ പുറത്താക്കിയത്.

ഈ സെഞ്ച്വറിക്ക് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടവും ഡാരില്‍ മിച്ചല്‍ സ്വന്തമാക്കിയിരുന്നു. ലോകകപ്പിന്റെ ചരിത്രത്തില്‍ ഇന്ത്യക്കെതിരെ സെഞ്ച്വറി നേടുന്ന രണ്ടാമത് മാത്രം ന്യൂസിലാന്‍ഡ് താരം എന്ന റെക്കോഡാണ് മിച്ചല്‍ സ്വന്തമാക്കിയത്.

ലോകകപ്പിന്റെ ആദ്യ എഡിഷനില്‍, 1975ല്‍, ന്യൂസിലാന്‍ഡ് ലെജന്‍ഡ് ഗ്ലെന്‍ ടര്‍ണറാണ് ഇതിന് മുമ്പ് ലോകകപ്പില്‍ ഇന്ത്യക്കെതിരെ ആദ്യമായും അവസാനമായും സെഞ്ച്വറി നേടിയ കിവീസ് താരം.

1975 ജൂണ്‍ 14ന് മാഞ്ചസ്റ്ററില്‍ നടന്ന മത്സരത്തിലാണ് ടര്‍ണര്‍ ഇന്ത്യക്കെതിരെ സെഞ്ച്വറി നേടിയത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ സയ്യിദ് ആബിദ് അലിയുടെ അര്‍ധ സെഞ്ച്വറി കരുത്തില്‍ 230 റണ്‍സ് നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാന്‍ഡ് 59ാം ഓവറിലെ അഞ്ചാം പന്തില്‍ കളി ജയിക്കുകയായിരുന്നു. 117 പന്തില്‍ നിന്നും പുറത്താകാതെ 114 റണ്‍സ് നേടിയ ഗ്ലെന്‍ ടര്‍ണായിരുന്നു കിവീസിന്റെ വിജയശില്‍പി. മത്സരത്തിലെ താരമായി തെരഞ്ഞെടുത്തതും ടര്‍ണറിനെ തന്നെ.

 

അതേസമയം, ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ 274 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ 200 റണ്‍സ് മാര്‍ക് പിന്നിട്ടിരിക്കുകായണ്. നിലവില്‍ 39 ഓവറില്‍ 222 റണ്‍സിന് അഞ്ച് വിക്കറ്റ് എന്ന നിലയിലാണ് ഇന്ത്യ. 73 പന്തില്‍ 70 റണ്‍സുമായി വിരാട് കോഹ്ലിയും 22 പന്തില്‍ 15 റണ്‍സുമായി രവീന്ദ്ര ജഡേജയുമാണ് ക്രീസില്‍.

 

 

Content Highlight: Daryl Mitchell becomes the second New Zealand batter to score century against India in World Cup