ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന് അഞ്ചാം ജയം. കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ 78 റണ്‍സിനാണ് ചെന്നൈ പരാജയപ്പെടുത്തിയത്.
ഹൈദരാബാദിന്റെ തട്ടകമായ രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഹൈദരാബാദ് എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സ് ആണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഹൈദരാബാദ് 134 റണ്‍സിന് പുറത്താവുകയായിരുന്നു.
ഇതിനുപിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടമാണ് മിച്ചല്‍ സ്വന്തമാക്കിയത്. ഐ.പി.എല്ലില്‍ ഒരു മത്സരത്തില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചുകള്‍ നേടുന്ന താരമായി മാറാനാണ് മിച്ചലിന് സാധിച്ചത്.
ഇതോടെ അഫ്ഗാനിസ്ഥാന്‍ സൂപ്പര്‍ താരം മുഹമ്മദ് നബിയുടെ റെക്കോഡിനൊപ്പമെത്താനും മിച്ചലിന് സാധിച്ചു. 2021 മുംബൈ ഇന്ത്യന്‍സിനെതിരെ അഞ്ച് ക്യാച്ച് ആണ് താരം നേടിയത്.
സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ഡേവിഡ് വാര്‍ണര്‍, ജാക്ക് കാലിസ്, രാഹുല്‍ തിവാട്ടിയ, ഡേവിഡ് മില്ലര്‍, ഫാഫ് ഡ്യൂപ്ലസിസ്, രവീന്ദ്ര ജഡേജ, റിങ്കു സിങ്, റിയാന്‍ പരാഗ്, ടിം ഡേവിഡ് എന്നിവര്‍ നാല് ക്യാച്ചുകളാണ് ഒരു മത്സരത്തില്‍ നേടിയിട്ടുള്ളത്.
ബാറ്റിങ്ങിലും മികച്ച പ്രകടനമാണ് മിച്ചല്‍ നടത്തിയത്. 32 പന്തില്‍ 52 റണ്‍സ് ആണ് താരം നേടിയത്. ഏഴ് ഫോറുകളും ഒരു ന്യൂസിലാന്‍ഡ് കാലത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്.
54 പന്തില്‍ 98 റണ്‍സ് നേടിയ നായകന്‍ റിതുരാജ് ഗെയ്ക്വാദിന്റെ ഇന്നിങ്‌സും ഏറെ ശ്രദ്ധേയമായി. 10 ഫോറുകളും മൂന്ന് സിക്സുകളുമാണ് ചെന്നൈ നായകന്റെ ബാറ്റില്‍ നിന്നും പിറന്നത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ ചെന്നൈ ബൗളര്‍മാര്‍ എറിഞ്ഞു വീഴ്ത്തുകയായിരുന്നു. തുഷാര്‍ ദേശ്പാണ്ഡെ നാല് വിക്കറ്റും മതീഷ പാതിരാന, മുസ്തഫിസുര്‍ റഹ്‌മാന്‍ എന്നിവര്‍ രണ്ടു വീതം വിക്കറ്റും രവീന്ദ്ര ജഡേജ, ഷര്‍ദുല്‍ താക്കൂര്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി മികച്ച പ്രകടനം നടത്തി.
നിലവില്‍ ഒമ്പത് മത്സരങ്ങളില്‍ നിന്നും അഞ്ച് വിജയവും നാല് തോല്‍വിയും അടക്കം 10 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് ചെന്നൈ. മെയ് ഒന്നിന് പഞ്ചാബ് കിങ്സിനെതിരെയാണ് ചെന്നൈയുടെ അടുത്ത മത്സരം. സൂപ്പര്‍ കിങ്സിന്റെ തട്ടകമായ ചെപ്പൊക് സ്റ്റേഡിയമാണ് വേദി.
Content Highlight: Daryl Michel great performance against SRH