| Thursday, 1st March 2018, 9:11 am

പരിണാമ സിദ്ധാന്തം മണ്ടത്തരമെന്ന് പറഞ്ഞ കേന്ദ്രമന്ത്രി ശാസ്ത്രദിനത്തില്‍ മുഖ്യാതിഥി; സംവാദത്തില്‍ പരിണാമത്തെ കുറിച്ച് ഒരക്ഷരം മിണ്ടാതെ മന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ചാള്‍സ് ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം തെറ്റാണെന്നും മണ്ടത്തരമാണെന്നും പറഞ്ഞ കേന്ദ്രമന്ത്രി സത്യപാല്‍ സിങ് ദേശീയ ശാസ്ത്രദിനത്തില്‍ മുഖ്യാതിഥിയായി. ഇന്ത്യന്‍ നാഷണല്‍ സയന്‍സ് അക്കാദമിയും (ഐ.എന്‍.എസ്.എ) ഇന്ത്യന്‍ അക്കാദമി ഓഫ് സയന്‍സ് ബെംഗളൂരുവും ചേര്‍ന്ന് സംഘടിപ്പിച്ച ശാസ്ത്രദിന പരിപാടിയിലാണ് മന്ത്രി മുഖ്യാതിഥിയായത്.

“പരിണാമം എന്തുകൊണ്ട് ജീവിതത്തിന്റേയും ജീവശാസ്ത്രത്തിന്റേയും കേന്ദ്രമാകുന്നു” എന്ന വിഷയത്തില്‍ നടന്ന സംവാദത്തില്‍ മുഖ്യപ്രഭാഷണവും മന്ത്രിയുടെ വകയായിരുന്നു. എന്നാല്‍ ഈ പ്രഭാഷണത്തില്‍ പരിണാമത്തെ കുറിച്ച് മന്ത്രി ഒരക്ഷരം മിണ്ടിയില്ല എന്നതും ശ്രദ്ധേയമായി.

സമൂഹത്തിന്റെ പുരോഗതിയ്ക്ക് ശാസ്ത്രം വലിയ പങ്കു വഹിച്ചുവെന്നും ശാസ്ത്രീയമായ അന്വേഷണങ്ങളെ പുരാതന ഇന്ത്യന്‍ സംസ്‌കാരം ഉള്‍ക്കൊണ്ടിരുന്നുവെന്നും സത്യപാല്‍ സിങ് പറഞ്ഞു. യൂറോപ്പിലേതു പോലെ ശാസ്ത്രവും മതവും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഇന്ത്യയില്‍ ഇല്ലായിരുന്നു. ജീവശാസ്ത്രനിയമങ്ങള്‍ക്കും പ്രകൃതിനിയമങ്ങള്‍ക്കും അനുസരിച്ച് ജീവിക്കാനാണ് നമ്മുടെ പാരമ്പര്യം നമ്മെ പഠിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരിണാമം സംബന്ധിച്ച ചോദ്യങ്ങളില്‍ നിന്നെല്ലാം അദ്ദേഹം ഒഴിഞ്ഞുമാറുകയും ചെയ്തു.

പരിണാമ സിദ്ധാന്തത്തെ കുറിച്ചും അതിന്റെ പ്രാധാന്യത്തെ കുറിച്ചുമുള്ള വിശാലമായ ചര്‍ച്ചയ്ക്ക് കേന്ദ്രമന്ത്രി സത്യപാല്‍ സിങ്ങിന്റെ സാന്നിദ്ധ്യം അവസരമൊരുക്കിയെന്ന് ഐ.എന്‍.എസ്.എ പ്രസിഡന്റ് അജയ് സൂഡ് പറഞ്ഞു.

സര്‍ സി.വി രാമന്‍ “രാമന്‍ പ്രഭാവം” കണ്ടുപിടിച്ചതിന്റെ സ്മരണയ്ക്കായി 1996 മുതലാണ് ഇന്ത്യയില്‍ ദേശീയ ശാസ്ത്രദിനം ആചരിച്ചു തുടങ്ങിയത്. പ്രകാശത്തിന്റെ വിസരണം (Scattering of Light) വിശദീകരിക്കുന്ന “രാമന്‍ പ്രഭാവ”ത്തിന് 1930-ല്‍ ഭൗതികശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ചിരുന്നു.

ഡാര്‍വ്വിന്റെ പരിണാമ സിദ്ധാന്തം തെറ്റാണെന്നും കുരങ്ങ് മനുഷ്യനാകുന്നതിന് സാക്ഷികളില്ലെന്നും ഇതു തെളിയിക്കാന്‍ രാജ്യാന്തര തലത്തില്‍ സംവാദം വേണമെന്നുമായിരുന്നു സത്യപാല്‍ സിങ് പറഞ്ഞിരുന്നത്. മനുഷ്യനെ ഭൂമുഖത്ത് കാണാന്‍ തുടങ്ങിയ കാലം മുതല്‍ മനുഷ്യനായിത്തന്നെയാണ് പ്രത്യക്ഷപ്പെട്ടതെന്നും മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ കൂടിയായ സത്യപാല്‍ സിങ് പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more