ഫുട്ബോളിലെ എക്കാലത്തെയും മികച്ച ഇതിഹാസതാരങ്ങളാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണല്‍ മെസിയും. ഇവരില്‍ ആരാണ് മികച്ചത് എന്ന സംവാദം എല്ലാകാലത്തും സജീവമായി നിലനില്‍ക്കുന്ന ഒന്നാണ്. ഇപ്പോള്‍ മെസിയാണോ റൊണാള്‍ഡോയാണോ ഏറ്റവും മികച്ച താരമെന്ന ചോദ്യത്തിന് രസകരമായ മറുപടി നല്‍കിയിരിക്കുകയാണ് ലിവര്‍പൂളിന്റെ ഉറുഗ്വായ്ന്‍ താരം ഡാര്‍വിന്‍ ന്യൂനസ്. ലിവര്‍പൂളിലെ തന്റെ സഹതാരവും ഈജിപ്ഷ്യന്‍ സൂപ്പര്‍താരവുമായ മുഹമ്മദ് സലായുടെ പേരാണ് ഉറുഗ്വായ്ന്‍ താരം പറഞ്ഞത്. ആന്‍ഫീല്‍ഡ് എഡിഷന്‍ പങ്കുവെച്ച വീഡിയോയിലാണ് താരം ഇക്കാര്യം പറയുന്നത്.
2017ല്‍ ഇറ്റാലിയന്‍ വമ്പന്‍മാരായ എ.എസ് റോമയില്‍ നിന്നുമാണ് സലാ ലിവര്‍പൂളിന്റെ തട്ടകത്തിലെത്തുന്നത്. ലിവര്‍പൂളിനായി 349 മത്സരങ്ങളില്‍ ബൂട്ടുകെട്ടിയ താരം 211 ഗോളുകളും 89 അസിസ്റ്റുകളുമാണ് ഇതിനോടകം തന്നെ നേടിയിട്ടുള്ളത്. ലിവര്‍പൂളിനൊപ്പം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്, ചാമ്പ്യന്‍സ് ലീഗ് തുടങ്ങിയ കിരീടനേട്ടത്തില്‍ പങ്കാളിയാവാന്‍ സലാക്ക് സാധിച്ചിട്ടുണ്ട്.
ന്യൂനസ് 2022ലാണ് ലിവര്‍പൂളില്‍ എത്തുന്നത്. റെഡ്‌സിനൊപ്പം 96 മത്സരങ്ങളില്‍ നിന്നും 33 ഗോളുകളും 17 അസിസ്റ്റുകളുമാണ് താരം നേടിയത്. ഈജിപ്ഷ്യന്‍ സൂപ്പര്‍താരത്തിനൊപ്പം 78 മത്സരങ്ങളിലാണ് ന്യൂനസ് ഒരുമിച്ച് പന്തുതട്ടിയിട്ടുള്ളത്. ഇതില്‍ 12 സംയുക്ത ഗോളുകളും നേടാന്‍ ഇരുവര്‍ക്കും സാധിച്ചു.
നിലവില്‍ പുതിയ സീസണിലേക്കുള്ള തയ്യാറെടുപ്പിലാണ് ലിവര്‍പൂള്‍. കഴിഞ്ഞ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ സീസണില്‍ അത്ര മികച്ച പ്രകടനം നടത്താന്‍ ലിവര്‍പൂളിന് സാധിച്ചിരുന്നില്ല. 38 മത്സരങ്ങളില്‍ നിന്നും 24 വിജയവും 10 സമനിലയും നാല് തോല്‍വിയും അടക്കം 82 പോയിന്റോടെ മൂന്നാം സ്ഥാനത്തായിരുന്നു ലിവര്‍പൂള്‍ ഫിനിഷ് ചെയ്തിരുന്നത്.
കഴിഞ്ഞ സീസണില്‍ ലിവര്‍പൂളിന്റെ പരിശീലക സ്ഥാനത്ത് നിന്നും യര്‍ഗന്‍ ക്ളോപ്പ് പടിയിറങ്ങിയിരുന്നു. 2015ല്‍ ബ്രണ്ടന്‍ റോഡ്ജേഴ്സിന് പകരക്കാരനായാണ് ക്ളോപ്പ് ലിവര്‍പൂളിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കുന്നത്. ക്ലോപ്പിന്റെ വരവോടുകൂടി ലിവര്‍പൂള്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ പിന്നീട് മുന്നേറ്റം ആയിരുന്നു കാഴ്ചവെച്ചത്.
ടീമിനെ പുനര്‍നിര്‍മിക്കുകയും മികച്ച താരങ്ങളെ ടീമില്‍ എത്തിച്ചുകൊണ്ട് ലിവര്‍പൂളിനെ മികച്ച ടീം ആക്കി മാറ്റാന്‍ ക്ലോപ്പിന് സാധിച്ചിരുന്നു. ലിവര്‍പൂളിനെ പരിശീലന സ്ഥാനത്തുനിന്നും 491 മത്സരങ്ങളിലാണ് ക്ലോപ്പ് നിയന്ത്രിച്ചിട്ടുള്ളത്. ഇതില്‍ 299 മത്സരങ്ങളും വിജയിച്ചപ്പോള്‍ 83 മത്സരങ്ങള്‍ പരാജയപ്പെടുകയാണ് ചെയ്തത്. 109 മത്സരങ്ങള്‍ ക്ലോപ്പിന്റെ കീഴില്‍ ലിവര്‍പൂള്‍ സമനില പിടിക്കുകയും ചെയ്തു.
Content Highlight: Darwin Nunez talks His Opinion About Goat Debate