ഗോളുകളിൽ സെഞ്ച്വറി; ഇംഗ്ലീഷ് പ്രിമീയർ ലീഗിൽ ഒന്നാമൻ ലിവർപൂൾ സൂപ്പർ താരം
Football
ഗോളുകളിൽ സെഞ്ച്വറി; ഇംഗ്ലീഷ് പ്രിമീയർ ലീഗിൽ ഒന്നാമൻ ലിവർപൂൾ സൂപ്പർ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 22nd January 2024, 3:33 pm

ഇംഗ്ലീഷ് പ്രിമീയർ ലീഗില്‍ ലിവര്‍പൂളിന് തകര്‍പ്പന്‍ ജയം. ബേണ്‍മൗത്തിനെ എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് ലിവര്‍പൂള്‍ പരാജയപ്പെടുത്തിയത്. മത്സരത്തില്‍ ലിവര്‍പൂളിനായി പോര്‍ച്ചുഗീസ് താരം ഡിഗോ ജോട്ട ഉറുഗ്വാൻ താരം ഡാര്‍വിന്‍ നൂനസും ഇരട്ടഗോള്‍ നേടി മികച്ച പ്രകടനം നടത്തി.

ഡാര്‍വിന്‍ നൂനസിന്റെ ഈ മികച്ച പ്രകടനത്തിന് പിന്നാലെ ഒരു റെക്കോഡ് നേട്ടമാണ് ഉറുഗ്വാൻ താരത്തെ തേടിയെത്തിയത്. ഈ സീസണില്‍ യൂറോപ്പിലെ എല്ലാ കോമ്പറ്റീഷനുകളിലും പത്ത് ഗോളുകളും പത്ത് അസിസ്റ്റുകളും നേടുന്ന ആദ്യ ഇംഗ്ലീഷ് പ്രിമീയർ ലീഗ് താരമെന്ന നേട്ടമാണ് നൂനസ് സ്വന്തമാക്കിയത്.

മറ്റൊരു തകര്‍പ്പന്‍ നേട്ടവും ഡാര്‍വിന്‍ നൂനസ് സ്വന്തമാക്കി. ക്ലബ്ബിനും രാജ്യത്തിനും വേണ്ടി 100 ഗോളുകള്‍ എന്ന നാഴികക്കല്ലിലേക്കും നൂനസ് നടന്നുകയറി.

ബേണ്‍മൗത്തിന്റെ തട്ടകമായ വൈറ്റാലിറ്റി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 4-2-3-1 എന്ന ഫോര്‍മേഷനിലാണ് ആതിഥേയര്‍ കളത്തിലിറങ്ങിയത്. മറുഭാഗത്ത് 4-3-3 എന്ന ശൈലിയുമായിരുന്നു ലിവര്‍പൂള്‍ പിന്തുടര്‍ന്നത്.

മത്സരത്തിന്റെ 49,90+3 മിനിട്ടില്‍ ആയിരുന്നു ഡാര്‍വിന്റെ ഗോളുകള്‍ പിറന്നത്. അതേസമയം 70, 78 മിനിട്ടുകളിലായിരുന്നു ജോട്ട ഇരട്ടഗോള്‍ നേടിയത്.

ജയത്തോടെ ഇംഗ്ലീഷ് പ്രിമീയർ ലീഗിൽ 21 മത്സരങ്ങളില്‍ നിന്നും 14 വിജയവും ആറ് സമനിലയും ഒരു തോല്‍വിയും അടക്കം 48 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് ലിവര്‍പൂള്‍.  അതേസമയം തോൽവിയോടെ 20 മത്സരങ്ങളിൽ നിന്നും ഏഴ് വിജയവും നാല് സമനിലയും ഒമ്പത് തോൽവിയും അടക്കം 25 പോയിന്റുമായി 12ാം സ്ഥാനത്താണ് ബേൺമൌത്ത്.

എഫ്.എ കപ്പില്‍ ജനുവരി 28ന് നോര്‍വിച്ച് സിറ്റിക്കെതിരെയാണ് ലിവര്‍പൂളിന്റെ അടുത്ത മത്സരം. ലിവര്‍പൂളിന്റെ ഹോം ഗ്രൗണ്ടായ ആന്‍ഫീല്‍ഡിലാണ് മത്സരം നടക്കുക. ജനുവരി 26ന് സ്വാൻസീയാണ് ബേൺമൗത്തിന്റെ എതിരാളികൾ.

Content Highlight: Darwin Nunez create a new record.