തമിഴിലെ ശ്രദ്ധേയനായ സംഗീത സംവിധായകനാണ് സന്തോഷ് നാരായണന്‍. കബാലി, ജിഗര്‍തണ്ട, പിസ, ജിഗര്‍തണ്ട ഡബിള്‍ എക്‌സ്, സൂധുകാവും, ഇരൈവി, പരിയേറും പെരുമാള്‍, വട ചെന്നൈ, ജിപ്‌സി, കര്‍ണന്‍, സര്‍പാട്ട പരമ്പരൈ, മഹാന്‍, ദസറ, ചിത്ത തുടങ്ങിയ നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമാവാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു.
ടൊവിനോ തോമസ് പൊലീസ് വേഷത്തിലെത്തിയ ഏറ്റവും പുതിയ ചിത്രമായ അന്വേഷിപ്പിന്‍ കണ്ടെത്തും എന്ന സിനിമയിലും സന്തോഷ് നാരായണന്‍ ഭാഗമായിരുന്നു. ഡാര്‍വിന്‍ കുര്യാക്കോസ് സംവിധാനം ചെയ്ത ചിത്രം ഫെബ്രുവരി ഒമ്പതിനാണ് തിയേറ്ററുകളിലെത്തിയത്.
ഇപ്പോള്‍ സന്തോഷ് നാരായണന്‍ തന്റെ സിനിമയിലേക്ക് വന്നതിനെ കുറിച്ച് പറയുകയാണ് സംവിധായകന്‍ ഡാര്‍വിന്‍ കുര്യാക്കോസ്. പോപ്പര്‍ സ്റ്റോപ്പ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഡാര്‍വിന്‍.
‘അദ്ദേഹവുമായി സൂം മീറ്റിലാണ് ആദ്യം സംസാരിച്ചത്. പുള്ളി ആ മീറ്റിലേക്ക് വരുന്നത് നമ്മള്‍ അത്രയും ഫോളോ അപ്പ് ചെയ്ത് വിളിച്ചിട്ടാണ്. കാരണം ആള്‍ക്ക് നമ്മളെയറിയില്ല. നമുക്ക് അദ്ദേഹത്തെ അറിയാമെന്നേയുള്ളൂ.
ഞാന്‍ പുതിയ ഒരു സംവിധായകനാണ്. എനിക്ക് ആളുടെ മുന്നില്‍ കാണിക്കാന്‍ ഒരു പ്രൊഫൈല് പോലുമില്ല. ഒരുപാട് തവണ വിളിച്ച് കാര്യം പറഞ്ഞപ്പോഴാണ് ഒരു മനുഷ്യന്‍ പരിധിക്കപ്പുറം വിളിച്ചാലുണ്ടാകുന്ന കമ്മിറ്റ്‌മെന്റിന്റെ പുറത്ത് അദ്ദേഹം അഞ്ച് മിനിട്ടിന്റെ സൂം മീറ്റില്‍ വരുന്നത്.
അതില്‍ ആള്‍ കഥ കേട്ടു. രണ്ടര മണിക്കൂര്‍ സിനിമ അഞ്ച് മിനിട്ടില്‍ പറയുമ്പോള്‍ എന്താകും മനസിലാകുകയെന്ന് ഊഹിക്കാമല്ലോ. എന്നാല്‍ അദ്ദേഹം അന്ന് കഥകേട്ട് ഓക്കേ പറഞ്ഞു. ഞാന്‍ സിനിമ കഴിഞ്ഞ് ആളുടെ അടുത്ത് ചെന്നു.
ആ സമയത്താണ് ഞങ്ങള്‍ തമ്മില്‍ പരിചയപെടുന്നതും കുറച്ചുകൂടെ അടുപ്പമാകുന്നതും. ഞാന്‍ ഫൈനല്‍ സ്റ്റേജില്‍ സിനിമയുമായി ചെന്നപ്പോള്‍ അദ്ദേഹം പടം കണ്ടിട്ട് പറഞ്ഞത് ‘ഞാന്‍ നിന്റെ പടം കണ്ട ശേഷം നോ പറയാന്‍ വേണ്ടിയായിരുന്നു അന്ന് ഓക്കേ പറഞ്ഞിരുന്നത്’ എന്നാണ്.
പടം കഴിഞ്ഞ് നോ പറയാനായിരുന്നു അദ്ദേഹം കരുതിയത്. പക്ഷേ അപ്പോഴുള്ള അടുപ്പത്തിന് പുറത്തും സിനിമ കണ്ടത് കൊണ്ടും ആള്‍ക്ക് സിനിമ ചെയ്യാമെന്ന് തോന്നി. അങ്ങനെയാണ് അദ്ദേഹം നമ്മുടെ സിനിമയിലേക്ക് എത്തുന്നത്,’ ഡാര്‍വിന്‍ കുര്യാക്കോസ് പറഞ്ഞു.
Content Highlight: Darwin Kuriakose Talks About Santhosh Narayanan