കോഴിക്കോട്: സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം പങ്കാളിയെ വീണ്ടും വിവാഹം കഴിച്ച നടനും സാമൂഹ്യ പവര്‍ത്തകനുമായ ഷുക്കൂര്‍ വക്കീലിന്റെ നടപടി നാടകമാണെന്ന് സമസ്തയുടെ കീഴിലുള്ള ദാറുല്‍ ഹുദ യൂണിവേഴ്‌സിറ്റിയുടെ ഫത്വ കൗണ്‍സില്‍.
ഇസ്‌ലാം മതവിശ്വാസിയെന്ന് അവകാശപ്പെടുന്നയാള്‍ വിവാഹം രജിസ്റ്റര്‍ ചെയ്തത് വിരോധാഭാസമാണെന്നും ഷുക്കൂര്‍ വക്കീലിന്റെ നീക്കങ്ങളെ വിശ്വാസികള്‍ പ്രതിരോധിക്കുമെന്നും ഫത്വ കൗണ്‍സില്‍ പറഞ്ഞു.
‘മരണാനന്തരം മുഴുവന്‍ സമ്പാദ്യങ്ങളും തന്റെ മൂന്ന് പെണ്‍മക്കള്‍ക്ക് മാത്രം ലഭിക്കാനാണ് വക്കീല്‍ ഈ വിവാഹ നാടകം നടത്താനിരിക്കുന്നത്. ഇസ്‌ലാമിക നിയമങ്ങള്‍ ജീവിതത്തില്‍ മുറ പോലെ കൊണ്ട് നടക്കുന്നു എന്ന് സ്വയം പ്രഖ്യാപിക്കുന്ന വ്യക്തി, സ്‌പെഷ്യല്‍ മാര്യേജ് ആക്ട് അനുസരിച്ചാണ് രണ്ടാം വിവാഹം നടത്തുന്നത് എന്നത് വിരോധാഭാസമാണ്.
ഇസ്‌ലാമിലെ അനന്തരാവകാശ നിയമമനുസരിച്ച് മരണപ്പെട്ട പിതാവിന് പെണ്‍മക്കള്‍ മാത്രമാണെങ്കില്‍ സ്വത്തിന്റെ മൂന്നില്‍ രണ്ട് ഭാഗമേ ലഭിക്കൂ. ശേഷിക്കുന്നത് പിതാവിന്റെ സഹോദരീ സഹോദരന്മാര്‍ക്കിടയില്‍ വിഭജിക്കണം. ഈ വ്യവസ്ഥ മറികടക്കാനും സ്വത്തില്‍ നിന്ന് ഒരംശം പോലും തന്റെ സഹോദരന്മാര്‍ക്ക് ലഭിക്കരുതെന്ന സങ്കുചിത ചിന്തയുമാണ് വക്കീലിനെ പുതിയ വിവാഹത്തിന് നിര്‍ബന്ധിക്കുന്നത്.
സാമ്പത്തിക വ്യവസ്ഥിതിയെ സംബന്ധിച്ച് ഇസ്‌ലാം മുന്നോട്ട് വെക്കുന്ന കാഴ്ചപ്പാടുകളെ സമഗ്രമായി മനസിലാകാത്തതിന്റെ ദുരന്തമാണ് ഇത്തരം ആലോചനകള്‍. നമ്മുടെ സമ്പത്തിന്റെ യഥാര്‍ഥ ഉടമസ്ഥന്‍ അള്ളാഹുവാണ്. അതിന്റെ സമ്പാദനവും വിനിയോഗവുമെല്ലാം അവന്‍ നിശ്ചയിച്ച വ്യവസ്ഥകള്‍ക്കനുസരിച്ച് മാത്രമേ നടത്താവൂ.
സ്രഷ്ടാവില്‍ വിശ്വസിക്കുകയും അവന്റെ നിയമങ്ങളുടെ പൂര്‍ണത അംഗീകരിക്കുകയും ചെയ്യുന്നവര്‍ക്ക് ഇതില്‍ ഒട്ടും പരിഭവമുണ്ടാകില്ല,’ ഫത്വ കൗണ്‍സില്‍ പ്രസ്താവനയില്‍ പറഞ്ഞു.
മത നിയമങ്ങളെ അവഹേളിക്കാനും വിശ്വാസികളുടെ ആത്മവീര്യം തകര്‍ക്കാനുമുള്ള കുത്സിത നീക്കങ്ങളെ വിശ്വാസികള്‍ ശക്തമായി പ്രതിരോധിക്കുക തന്നെ ചെയ്യുമെന്നും പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.
‘ഇസ്‌ലാമിക നിയമം മറികടക്കാന്‍ രജിസ്റ്റര്‍ വിവാഹം എന്ന സാഹസികത തങ്ങളുടെ സ്വാര്‍ത്ഥതക്ക് വേണ്ടി മാത്രം മതത്തെ ഉപയോഗിക്കുന്നവരുടെ ഇത്തരം നാടകങ്ങളിലൊന്നും വിശ്വാസികള്‍ വഞ്ചിതരാകില്ല. ഒരാളുടെ മരണത്തോടെ തന്റെ സ്വത്ത് അതിന്റെ യഥാര്‍ഥ ഉടമസ്ഥന്‍ തിരിച്ചെടുക്കുകയും കുറ്റമറ്റ രീതിയില്‍ പുനര്‍ വിഭജനം നടത്തുകയും ചെയ്യുന്നതാണ് ഇസ്‌ലാമിലെ അനന്തരാവകാശ നിയമം.
മരിച്ച വ്യക്തിയുമായുള്ള ബന്ധം, അവകാശിയുടെ ജീവിത പ്രതീക്ഷ, ഉത്തരവാദിത്തങ്ങള്‍ എന്നീ മൂന്ന് മാനദണ്ഡങ്ങളാണ് യഥാക്രമം ഈ വിഭജനത്തിന് പരിഗണിക്കുന്നത്. ഇതിലെ അന്തരങ്ങള്‍ ഒരുപക്ഷേ, അവകാശികള്‍ക്കിടയില്‍ സ്വത്ത് കൂടാനും കുറയാനും തീരെ ലഭിക്കാതിരിക്കാനും വരെ കാരണമാകും.
ഇസ്‌ലാം മുന്നോട്ട് വെക്കുന്ന ഈ മാനദണ്ഡങ്ങളെല്ലാം അനന്തരസ്വത്തുമായി മാത്രം ബന്ധപ്പെട്ടതാണ്. അള്ളാഹുവും ദൂതനും ഒരു വിഷയത്തില്‍ വിധി പ്രസ്താവിച്ചാല്‍ സ്വേച്ഛാനുസൃതമുള്ള മറ്റൊരു തീരുമാനമെടുക്കാന്‍ ഒരു സത്യവിശ്വാസിക്കും പാടില്ല,’ ഫത്വ കൗണ്‍സില്‍ പ്രസ്താവനയില്‍ പറഞ്ഞു.
Content Highlights: Darul Huda Fatwa Council Says Shukur Vakeel’s marriage drama; Believers defend