| Monday, 4th May 2020, 4:09 pm

'റംസാന്‍ മാസമായിട്ടാണ് ഇവര്‍ ഞങ്ങളെ കണ്ണീര് കുടിപ്പിക്കുന്നത്' ദര്‍ശന ടി.വിക്കെതിരെ വീണ്ടും ആരോപണവുമായി ജീവനക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ലോക്ഡൗണ്‍ സമയത്ത് പിരിച്ചു വിടല്‍ ദര്‍ശന ടിവിയിലെ ജീവനക്കാരുടെ പ്രശ്‌നത്തില്‍ പരിഹാരമായില്ല. ലോക്ഡൗണ്‍ കാലയളവില്‍ മാധ്യമസ്ഥാപനങ്ങളില്‍ നിന്ന് ജീവനക്കാരെ പിരിച്ചു വിടരുതെന്ന് കേന്ദ്ര സംസ്ഥാന നിര്‍ദ്ദേശവും ലേബര്‍ ഓഫീസിന്റെ മുന്നറിയിപ്പും നിലനില്‍ക്കെയാണ് ഒരു വിഭാഗം ജീവനക്കാരെ ജോലിയില്‍ തിരിച്ചെടുക്കാത്തത്. ടെര്‍മിനേഷന്‍ ലെറ്റര്‍ കൈപ്പറ്റാത്തവര്‍ക്ക് പോസ്റ്റലായി കത്ത് അയച്ചിരിക്കുകയാണെന്നാണ് ജീവനക്കാര്‍ പറയുന്നത്.

മാനേജ്‌മെന്റുമായി അസ്വാരസ്യത്തിലുള്ള ഒരു കൂട്ടം ജീവനക്കാരെയാണ് തിരിച്ചെടുക്കാത്തത്. കുറച്ചുപേരെ പുതുതായി തുടങ്ങിയ ദര്‍ശന വെബ്ബിലേക്കാണ് വിളിച്ചിട്ടുണ്ട്. ബാക്കി കുറച്ചു പേരെ ജൂണ്‍ മാസത്തോടെ തിരിച്ചു വിളിക്കും എന്ന് അറിയിച്ചിട്ടുണ്ട്. എന്നാല്‍ മാനേജ്‌മെന്റിന് താല്‍പര്യമില്ലാത്തവരെ ഈ സാഹചര്യം മുതലെടുത്ത് പുറത്താക്കുകയാണെന്നാണ് ഇവര്‍ ആരോപിക്കുന്നത്. മൂന്ന് മാസത്തെ ശമ്പളക്കുടിശ്ശിക ടെര്‍മിനേഷന്‍ ലെറ്റര്‍ കൈപ്പറിയാല്‍ മാത്രമേ നല്‍കൂ എന്നാണ് മാനേജ്‌മെന്റ് അറിയിച്ചിരിക്കുന്നത്. ലോക്ഡൗണ്‍ സമയത്ത് തൊഴില്‍ നഷ്ടപ്പെടുന്നത് വലിയ പ്രതിസന്ധിയിലായിരിക്കുകയാണ് ഒരു കൂട്ടം ജീവനക്കാര്‍.

‘ ഒന്നുമില്ലെങ്കിലും റംസാന്‍ കാലമാണ്. അതിനിടയിലാണ് സ്വന്തം സ്ഥാപനത്തിലെ ഒരു വിഭാഗം ജീവനക്കാരെ ശമ്പളം തരാതെ കണ്ണീരു കുടിപ്പിക്കുന്നത്. ഇവര്‍ പിന്നെ എന്തു കാരുണ്യ പ്രവര്‍ത്തനം ചെയ്തിട്ടെന്താണ് കാര്യം? സാദിഖലി ശിഹാബ് തങ്ങളുടെ സ്വന്തം സ്ഥാപനത്തിലെ ജീവനക്കാര്‍ ഒരു നേരത്തെ അരി പോലും വാങ്ങാതെ കഷ്ടപ്പെടുകയാണ്. ഇന്ന് സുഹൃത്തുക്കളോടു പോലും കടം വാങ്ങാന്‍ പറ്റാത്ത സ്ഥിതിയാണ്. എന്നെ സംബന്ധിച്ച് ഒരു കിറ്റ് കിട്ടിയതു കൊണ്ടാണ് ഞാനിങ്ങനെ കഴിഞ്ഞുപോവുന്നത്. ഇതൊന്നും അവര്‍ ഗൗനിക്കുന്നില്ല,’

പിരിഞ്ഞു പോവാന്‍ നോട്ടീസ് ലഭിച്ച ദര്‍ശന ടിവിയിലെ സീനിയര്‍ ക്യാമറാമാന്‍ സാജന്‍ പള്ളൂര്‍ ഡൂള്‍ ന്യൂസിനോട് പറഞ്ഞു. ഒപ്പം ലോക്ഡൗണിനു ശേഷം നിരാഹാര സമരത്തിലേക്ക് ജീവനക്കാര്‍ നീങ്ങുമെന്നും ഇദ്ദേഹം പറഞ്ഞു.

ഏപ്രില്‍ 17 നാണ് ഇദ്ദേഹമുള്‍പ്പെടുന്ന 54 ഓളം ജീവനക്കാര്‍ക്ക് പിരിച്ചു വിടല്‍ നോട്ടീസ് ലഭിച്ചത്. ഏപ്രില്‍ 20 ന് ഓഫീസില്‍ വന്ന് ടെര്‍മിനേഷന്‍ ലെറ്റര്‍ കൈപ്പറ്റണമെന്നും ഒരുമാസത്തെ ശമ്പളം മുന്‍കൂറായി നല്‍കാമെന്നും ഐ.ഡി കാര്‍ഡുള്‍പ്പെടയുള്ള കമ്പനിയുമായി ബന്ധപ്പെട്ട രേഖകളും മറ്റും തിരിച്ചേല്‍പ്പിക്കണമെന്നാണ് ഇവര്‍ക്കു ലഭിച്ച ഇ-മെയിലില്‍ പറയുന്നത്.

ഇപ്പോള്‍ ഈ 54 പേരില്‍ കുറച്ചു പേരെ തിരിച്ചു വിളിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. എന്നാല്‍ ശമ്പളക്കുടിശ്ശിക നല്‍കണെന്നും ശമ്പളത്തില്‍ നിന്നു പിടിക്കുന്ന പി.എഫ് വിഹിതം കൃത്യമായി സര്‍ക്കാരിലേക്ക് അടയ്ക്കണമെന്നും ആവശ്യപ്പെടുന്ന ചിലരെ മനഃപൂര്‍വ്വം പുറത്താക്കുകയാണ് എന്നാണ് ഇവര്‍ ആരോപിക്കുന്നത്.

നേരത്തെ പിരിച്ചു വിടല്‍ നടപടി ഉടന്‍ പിന്‍വലിക്കാനും ജീവനക്കാര്‍ക്കുള്ള ശമ്പളക്കുടിശ്ശിക കൊടുത്തു തീര്‍ക്കാനും ദര്‍ശന ടി.വി മാനേജ്മെന്റ് തയ്യാറാവണമെന്ന് കെ.യു.ഡബ്ല്യു.ജെ ആവശ്യപ്പെട്ടിരുന്നു. കൊവിഡ് പ്രതിസന്ധിക്കിടയില്‍ തൊഴില്‍ രഹിതരാക്കപ്പെട്ട മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്ക് നീതി ഉറപ്പാക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ പ്രസിഡന്റ് എം.ഫിറോസ് ഖാനും, സെക്രട്ടറി പി.എസ് രാകേഷും ആവശ്യപ്പെട്ടിരുന്നു.

സത്യധാര കമ്യൂണിക്കേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള ദര്‍ശന ടി.വി 2010 ജൂണ്‍ 21 മുതല്‍ കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയത്തിന്റെ ലൈസന്‍സോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ്. ‘മലബാര്‍ ആസ്ഥാനമായ ആദ്യ ചാനല്‍’ എന്നതായിരുന്നു പരസ്യവാചകം. സാദിഖലി ശിഹാബ് തങ്ങളുടെയും ഇസ്മയില്‍ കുഞ്ഞു ഹാജിയുടെയും സിദ്ദീഖ് ഫൈസി വാളക്കുളത്തിന്റെയും നേതൃത്വത്തിലാണ് ചാനല്‍ തുടങ്ങിയത്.

മാനേജ്മെന്റ് വലിയ സാമ്പത്തിക പ്രതിസന്ധിയിലാണെന്നും കൊവിഡ് പ്രതിസന്ധി ചാനലിന്റെ സാമ്പത്തിക ബാധ്യതകളെ ഇരട്ടിയാക്കിയെന്നുമാണ് സത്യധാര കമ്മ്യൂണിക്കേഷന്‍ താല്‍ക്കാലിക സി.ഇ.ഒ മുഹമ്മദ് തയ്യിബ് ഹുദവി നേരത്തെ പറഞ്ഞത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

We use cookies to give you the best possible experience. Learn more