ആഷിഖ് അബുവിന്റെ സംവിധാനത്തില്‍ എത്തിയ ഏറ്റവും പുതിയ ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് റൈഫിള്‍ ക്ലബ്. ശ്യാം പുഷ്‌കരന്‍, ദിലീഷ് കരുണാകരന്‍, സുഹാസ് എന്നിവര്‍ ചേര്‍ന്ന് കഥ എഴുതിയ സിനിമയില്‍ വന്‍ താരനിരയാണ് ഒന്നിച്ചത്.
റൈഫിള്‍ ക്ലബില്‍ കുഞ്ഞുമോള്‍ എന്ന കഥാപാത്രമായി എത്തിയത് ദര്‍ശന രാജേന്ദ്രന്‍ ആയിരുന്നു. കുഞ്ഞുമോളുടെ നാത്തൂനായ സിസിലിയായി അഭിനയിച്ചത് ഉണ്ണിമായ പ്രസാദ് ആയിരുന്നു. റൈഫിള്‍ ക്ലബിന്റെ ട്രെയ്‌ലറില്‍ ഇരുവരും തമ്മില്‍ കൊഞ്ഞനം കുത്തുന്ന സീനുണ്ടായിരുന്നു. അതിനെ കുറിച്ച് പറയുകയാണ് ദര്‍ശന.
താന്‍ ഉണ്ണിമായയുമായുള്ള സീനുകളൊക്കെ ഒരുപാട് എന്‍ജോയ് ചെയ്തിരുന്നെന്നും ആഷിഖ് അബുവിന്റെ പടത്തിലാകും കൊഞ്ഞനം കുത്തുന്ന നായികമാര്‍ ഉണ്ടാവുകയെന്നും ദര്‍ശന പറയുന്നു. സിനിമയില്‍ കൊഞ്ഞനം കുത്തുന്ന സീനുണ്ടെന്ന് അറിഞ്ഞപ്പോള്‍ തന്നെ തനിക്ക് വലിയ സന്തോഷമായിരുന്നെന്നും നടി പറഞ്ഞു.
സിനിമയുടെ ട്രെയ്‌ലര്‍ കണ്ടിട്ട് പലരും കൊഞ്ഞനം കുത്തിയിട്ട് കുറേ കാലമായെന്ന് പറഞ്ഞ് തനിക്ക് മെസേജ് അയച്ചിരുന്നെന്നും കൊഞ്ഞനം കുത്തുന്ന വീഡിയോ വരെ അയച്ചു തന്നെന്നും ദര്‍ശന കൂട്ടിച്ചേര്‍ത്തു. റേഡിയോ മാങ്കോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.
‘ഞാന്‍ ഉണ്ണിമായയുമായുള്ള സീനുകളൊക്കെ ഒരുപാട് എന്‍ജോയ് ചെയ്തിരുന്നു. ഞാനും മുമ്പ് പറഞ്ഞ ഒരു കാര്യമുണ്ട്. ആഷിക്കേട്ടന്റെ പടത്തിലാകും കൊഞ്ഞനം കുത്തുന്ന നായികമാര്‍ ഉണ്ടാവുക. സിനിമയില്‍ കൊഞ്ഞനം കുത്തുന്ന സീനുകള്‍ ഉണ്ടെന്ന് അറിഞ്ഞപ്പോള്‍ തന്നെ എനിക്ക് വലിയ സന്തോഷമായിരുന്നു.
കുറേ ആക്ഷന്‍ സീക്വന്‍സുകളില്‍ ഞങ്ങള്‍ രണ്ടുപേരും ഒരുമിച്ചായിരുന്നു ഉണ്ടായിരുന്നത്. അതിലൊക്കെ ചെറിയ കൊറിയോഗ്രഫി ടൈമിങ്ങിലാണ് എല്ലാം ചെയ്യുന്നത്. ആ ആക്ഷന്‍ സീക്വന്‍സൊക്കെ ഉണ്ണിമായയുടെ കൂടെ ചെയ്യാന്‍ വളരെ ഈസിയായി തന്നെ സാധിച്ചു. വളരെ നല്ല അനുഭവമായിരുന്നു അത്.
സത്യത്തില്‍ കൊഞ്ഞനം കുത്തിയിട്ട് കുറേ കാലമായെന്ന് പറഞ്ഞ് എനിക്ക് ചിലര്‍ മെസേജ് അയച്ചിരുന്നു. കുറച്ച് ദിവസം മുമ്പ് ട്രൈ ചെയ്‌തെന്നും പറഞ്ഞ് എനിക്ക് കൊഞ്ഞനം കുത്തുന്ന വീഡിയോ വരെ അയച്ചു തന്നു (ചിരി). ഞങ്ങള്‍ സെറ്റില്‍ പിന്നെ ഇടക്കിടെ കൊഞ്ഞനം കുത്താറുണ്ടായിരുന്നു,’ ദര്‍ശന രാജേന്ദ്രന്‍ പറഞ്ഞു.
Content Highlight: Darshana Rajendran Talks About Rifle Club