വിനീത് ശ്രീനിവാസന്‍ രചനയും സംവിധാനവും ചെയ്ത് 2022ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു ഹൃദയം. കൊവിഡിന് ശേഷം തിയേറ്ററുകളില്‍ യൂത്ത് ഘോഷമാക്കി മാറ്റിയ ചിത്രം കൂടിയായിരുന്നു ഇത്. ജനപ്രിയ ചിത്രത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ ഹൃദയത്തില്‍ പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, ദര്‍ശന രാജേന്ദ്രന്‍ എന്നിവരാണ് പ്രധാന വേഷത്തില്‍ എത്തിയത്. സിനിമക്ക് ശേഷം തനിക്ക് വന്നിട്ടുള്ള നെഗറ്റീവ് കമന്റുകളെ കുറിച്ച് പറയുകയാണ് ദര്‍ശന. റെഡ് എഫ്.എം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
‘മെന്റലി ഓക്കെയാണെന്നും ഒരു സ്‌പേസിട്ട് നില്‍ക്കാന്‍ പറ്റുമെന്നും ഉറപ്പുള്ള സമയത്ത് മാത്രമാണ് ഞാന്‍ കമന്റുകള്‍ നോക്കുന്നത്. ആ സമയത്ത് ഞാന്‍ എല്ലാ കമന്റുകളും നോക്കാറുണ്ട്. ഞാന്‍ ഓക്കെയായ സമയമായത് കൊണ്ട് ഒരു കമന്റുകളും എന്നെ ബാധിക്കാറില്ല. ഹൃദയം സിനിമയുടെ സമയത്ത് എനിക്ക് കിട്ടുന്ന കമന്റുകളൊക്കെ കോമഡിയായിരുന്നു. എങ്ങനെയുള്ള നടിയായിരിക്കണം ലീഡ് റോളില്‍ വരേണ്ടതെന്ന ചിന്ത പൊതുവെ ഉണ്ടല്ലോ. എന്നെ പോലെയുള്ള ഒരാളെ നായികയായി കണ്ടതോടെ ആളുകളൊക്കെ ശരിക്കും അണ്‍കംഫേര്‍ട്ടായിരുന്നു.
പക്ഷെ എനിക്ക് അതില്‍ ഒരുപാട് സന്തോഷം തോന്നി. എന്നെ പോലെയുള്ള ആളുകള്‍ക്കും സ്‌നേഹിക്കപ്പെടാമെന്നും, സ്ലോമോഷനില്‍ നടന്ന് മുടി പറത്താമെന്നും മനസിലാക്കി കൊടുക്കാന്‍ സാധിച്ചു. പക്ഷെ എന്നെ പൂരത്തെറി ആയിരുന്നു. ഇതിനെയൊക്കെ എന്തിനാണ് പ്രണവ് മോഹന്‍ലാലിന്റെ നായികയാക്കിയത് എന്നായിരുന്നു അവരൊക്കെ ചോദിച്ചത്. ആ സമയത്ത് രാജേഷ് മാധവനും റോഷന്‍ മാത്യുവുമൊക്കെ ആ കമന്റുകള്‍ എനിക്ക് സ്‌ക്രീന്‍ഷോട്ടെടുത്ത് അയച്ചു തരുമായിരുന്നു. അവരൊക്കെ ഈ കമന്റുകള്‍ കളക്ട് ചെയ്യുന്ന ഒരു ടീമായിരുന്നു. എന്നിട്ട് എല്ലാം എനിക്ക് അയച്ചു തരുമായിരുന്നു.
ആ സമയത്ത് മെന്റലി ഒരു ഡിസ്റ്റന്‍സ് വെച്ച് വായിക്കാന്‍ പറ്റുന്ന അവസ്ഥയാണെങ്കില്‍ ഞാന്‍ വായിച്ച് എന്‍ജോയ് ചെയ്യാറുണ്ട്. മെന്റലി ഡൗണാണെങ്കില്‍ ഞാന്‍ അതിലേക്ക് പോകാറില്ല. അപ്പോള്‍ അവര്‍ക്കും അറിയാവുന്നത് കൊണ്ട് ആ സമയത്ത് സ്‌ക്രീന്‍ഷോട്ട് ഒന്നും അയക്കില്ല. കാണാന്‍ ഒരു ലുക്കും ഇല്ലെങ്കിലും ദര്‍ശനയുടെ ഒരു കോണ്‍ഫിഡന്‍സ് നോക്കണേ എന്നൊക്കെയാണ് ചില കമന്റുകള്‍ ഉണ്ടാവുക. അതിന്റെ സ്‌ക്രീന്‍ഷോട്ട് അയച്ച് തന്നിട്ട് അവര്‍ മെസേജില്‍ സ്റ്റാറിട്ട് വെച്ചിട്ടുണ്ട്. എനിക്ക് ഇടക്കിടെ കാണിച്ചു തരാന്‍ വേണ്ടിയാണ് അത്,’ ദര്‍ശന രാജേന്ദ്രന്‍ പറഞ്ഞു.