|

ഹൃദയത്തിലെ കഥാപാത്രത്തെ പറ്റി കേട്ടപ്പോള്‍ ഒരു കാര്യത്തില്‍ ടെന്‍ഷനുണ്ടായിരുന്നു; പക്ഷെ വിനീതേട്ടന്റെ തീരുമാനത്തില്‍ കാര്യമുണ്ടാകുമെന്ന് ഉറപ്പായിരുന്നു: ദര്‍ശന

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ദര്‍ശന രാജേന്ദ്രന്‍, കല്യാണി പ്രിയദര്‍ശന്‍, പ്രണവ് മോഹന്‍ലാല്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു ഹൃദയം. കൊവിഡിന് ശേഷം തിയേറ്ററുകളില്‍ യൂത്ത് ആഘോഷമാക്കി മാറ്റിയ ചിത്രം കൂടിയായിരുന്നു ഇത്.

ജനപ്രിയ ചിത്രത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ഹൃദയം നേടിയിരുന്നു.

ചിത്രത്തിലെ പാട്ടുകളെല്ലാം തന്നെ പ്രേക്ഷകര്‍ ഏറ്റെടുത്തതാണ്. ദര്‍ശന എന്ന് തുടങ്ങുന്ന ഗാനമായിരുന്നു യുവജനങ്ങള്‍ക്കിടയില്‍ ഏറ്റവും ട്രെന്റിങ്ങായി മാറിയത്.

ഹൃദയം എന്ന സിനിമയില്‍ ദര്‍ശന എന്ന് തന്നെ പേരുള്ള കഥാപാത്രത്തെ അവതരിപ്പിച്ചപ്പോള്‍ തനിക്കുണ്ടായ ആശങ്കകളെ കുറിച്ച് പറയുകയാണ് നടി ദര്‍ശന രാജേന്ദ്രന്‍.

തന്റെ ഏറ്റവും പുതിയ ചിത്രമായ ജയ ജയ ജയ ജയഹേയുടെ പ്രൊമോഷന്റെ ഭാഗമായി വണ്ടര്‍വാള്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി. ദര്‍ശന എന്ന സ്വന്തം പേരില്‍ തന്നെ ഒരു കഥാപാത്രം ചെയ്തപ്പോള്‍ അത് എത്രത്തോളം ചാലഞ്ചിങ്ങായിരുന്നു എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടിയായാണ് തനിക്കുണ്ടായിരുന്ന ആശങ്കകള്‍ താരം പങ്കുവെച്ചത്.

”സിനിമയിലുള്ള ദര്‍ശനയും ഞാനും വളരെ വ്യത്യസ്തമാണ്. പക്ഷെ ഞാന്‍ അവതരിപ്പിക്കുന്ന എല്ലാ കഥാപാത്രത്തിലും എന്റെ ഒരംശമുണ്ടായിരിക്കും. പക്ഷെ ഹൃദയം ചെയ്തപ്പോള്‍ എനിക്ക് സത്യം പറഞ്ഞാല്‍ ചെറിയ ടെന്‍ഷനുണ്ടായിരുന്നു.

ദര്‍ശന എന്ന പേരില്‍ തന്നെയാകുമ്പോള്‍ അത് ഞാനാണെന്ന് ചിലപ്പോള്‍ ആളുകള്‍ ചിന്തിക്കുമോ, എന്ന ചിന്തയുണ്ടായിരുന്നു. കഥാപാത്രത്തിന്റെ പേര് ദര്‍ശന എന്നാക്കാനാണ് ആലോചിക്കുന്നത്, ഓക്കെയാണോ എന്ന് അവര് ചോദിച്ചപ്പോള്‍ ചെറിയൊരു പേടിയുണ്ടായിരുന്നു.

ഞാനും ആ കഥാപാത്രവും തമ്മില്‍ ആളുകള്‍ക്ക് കണ്‍ഫ്യൂഷനുണ്ടാകുമോ, മിസ്‌റ്റേക്ക് പറ്റുമോ എന്ന് ചിന്തിച്ചിരുന്നു. പക്ഷെ, എനിക്ക് തോന്നുന്നു, ഈ കഥാപാത്രത്തിന് ഈ പേര് തന്നെ നല്‍കണമെന്നായിരുന്നു വിനീതേട്ടന്‍ തീരുമാനിച്ചത്.

വിനീതേട്ടന്‍ അങ്ങനെ ആലോചിക്കുന്നുണ്ടെങ്കില്‍ അതില്‍ എന്തെങ്കിലുമുണ്ടാകും, എന്ന് എനിക്ക് വിശ്വാസമുണ്ടായിരുന്നു,” ദര്‍ശന പറഞ്ഞു.

Content Highlight: Darshana Rajendran talks about her concerns while doing the film Hridayam