ദര്‍ശന രാജേന്ദ്രന്‍, കല്യാണി പ്രിയദര്‍ശന്‍, പ്രണവ് മോഹന്‍ലാല്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു ഹൃദയം.
ഹൃദയത്തില്‍ തന്നേക്കാള്‍ ഏറെ പ്രായം കുറവുള്ള ഒരു കോളേജ് സ്റ്റുഡന്റിന്റെ കഥാപാത്രത്തെ അവതരിപ്പിച്ചതിന്റെ അനുഭവവും അതിന് സംവിധായകന്‍ വിനീത് ശ്രീനിവാസന്‍ തന്ന സജഷന്‍സിനെ കുറിച്ചും സംസാരിക്കുകയാണിപ്പോള്‍ ദര്‍ശന.
വണ്ടര്‍വാള്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍, അഭിനയത്തിന്റെ കാര്യത്തില്‍ എവിടെ നിന്നാണ് അല്ലെങ്കില്‍ ആരില്‍ നിന്നാണ് തിരുത്തലുകളും വിമര്‍ശനങ്ങളും സജഷന്‍സും സ്വീകരിക്കാറുള്ളത്, എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം.
”ഷൂട്ടിങ്ങിന്റെ സമയത്ത് ഞാന്‍ ഭയങ്കരമായി ഡയറക്ടറെ ആശ്രയിക്കുന്ന ഒരു ആക്ടറാണ്. ചില ചെറിയ മൊമന്റുകളില്‍ നിന്ന് കുറേ ഇന്‍ഫര്‍മേഷന്‍ കിട്ടും.
ഹൃദയത്തില്‍ ഞാന്‍ അവതരിപ്പിച്ചത് 18ഓ 19ഓ വയസുള്ള കോളേജ് സ്റ്റുഡന്റിന്റെ വേഷമാണ്. ജീവിതത്തില്‍ എനിക്ക് ആ ഘട്ടം കഴിഞ്ഞിട്ട് കുറേയായി. എന്റെ ലൈഫിലെ എക്‌സ്പീരിയന്‍സ് ആ ദര്‍ശനയേക്കാളും ഒരുപാട് കൂടുതലാണ്.
അതുകൊണ്ട് തുടക്കത്തില്‍ ഞാന്‍ ആ കഥാപാത്രത്തിലേക്ക് പോയത് കുറച്ചുകൂടി മെച്വേഡായിട്ടായിരുന്നു. പക്ഷെ തിരക്കഥ വായിച്ചുകൊണ്ട് ഞാന്‍ കുറച്ചുകൂടി ചെറുപ്പമാവാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. പക്ഷെ അതിലേക്ക് കടക്കാന്‍ ചെറിയ ബുദ്ധിമുട്ടുണ്ടായിരുന്നു. ആദ്യത്തെ കുറച്ച് സീനുകള്‍ ഷൂട്ട് ചെയ്തപ്പോഴായിരുന്നു ഈ പ്രശ്‌നം.
‘അരുണിനോട് ഇഷ്ടമാണെന്ന് പറയാന്‍ പോവാണോ’ എന്ന് എന്റെ ഫ്രണ്ട് ചോദിക്കുന്ന ഒരു സീനുണ്ട്. ഓ സില്ലി, എന്നൊക്കെയാണ് ഞാന്‍ ഈ സീനിനെ കുറിച്ച് പുറത്തുനിന്ന് വിചാരിക്കുന്നത്. എന്റെ ആ ചിന്ത സീന്‍ ഷൂട്ട് ചെയ്യുമ്പോള്‍ എന്റെ മുഖത്തും പ്രകടമായി.
അപ്പോള്‍ വിനീതേട്ടന്‍ എന്നോട്, ‘നിനക്ക് ചിലപ്പോള്‍ ഇത് സില്ലിയായിട്ടായിരുക്കും ഇത് തോന്നുക, പക്ഷെ ഈ കുട്ടിക്ക് (ദര്‍ശന എന്ന കഥാപാത്രം) ആദ്യമായിട്ടായിരിക്കും ഇങ്ങനെയൊരു എക്‌സ്പീരിയന്‍സ്. അവള്‍ അത്രയും നെയ്‌വ് (naive) ആയ പെണ്‍കുട്ടിയാണ്. ഇതിനുമുമ്പ് ഇങ്ങനെയൊരു അനുഭവമുണ്ടായിക്കാണില്ല.
ആദ്യമായിട്ടായിരിക്കാം ഒരാണ്‍കുട്ടി അവളോട് ഇഷ്ടമാണെന്ന് പറയുന്നതും അവള്‍ക്ക് ഇങ്ങനെയൊരു പ്രണയം തോന്നുന്നതും. കഥാപാത്രമാവണമെങ്കില്‍ നീയും ഈ ഇന്നസെന്‍സിലേക്ക് തിരിച്ചുപോകണം,’ എന്ന് പറഞ്ഞു.
അങ്ങനെ ഒരു സീന്‍ ഷൂട്ട് ചെയ്തപ്പോള്‍ വിനീതേട്ടന്‍ അതിലെ ഒരു മൊമന്റിലെ എന്റെ കണ്ണുകള്‍ കാണിച്ചുതന്ന്, ‘നോക്ക്, ഈ സാധനം പിടിച്ചാല്‍ മതി, അതാണ് കാര്യം,’ എന്ന് പറഞ്ഞു.
ഇങ്ങനെയുള്ള ചെറിയ മൊമന്റുകളായിരിക്കും അടുത്ത കോളേജ് സീനുകളില്‍ എന്നെ ഹെല്‍പ് ചെയ്യുക.
അങ്ങനെ എന്റെ ഡയറക്ടേഴ്‌സിന്റെ അടുത്തുനിന്നാണ് ഞാനിങ്ങനെ കുറേ കാര്യങ്ങള്‍ എടുത്തിട്ടുള്ളത്. അവരെന്തെങ്കിലും പറഞ്ഞാല്‍ ചാടിയെടുക്കാന്‍ വേണ്ടി ഞാന്‍ നോക്കിയിരിക്കും,” ദര്‍ശന പറഞ്ഞു.
Content Highlight: Darshana Rajendran talks about acting as a college student in the movie Hridayam