ചുരുങ്ങിയകാലം കൊണ്ട് മലയാള സിനിമയിൽ ശ്രദ്ധ നേടിയ നടിയാണ് ദർശന രാജേന്ദ്രൻ. ഹൃദയം, ജയ ജയ ജയ ഹേ, തുടങ്ങിയ ചിത്രങ്ങളിലൂടെ ഏറെ സ്വീകാര്യത നേടിയ ദർശനയുടെ ഏറ്റവും പുതിയ ചിത്രം പാരഡൈസാണ്.
സിനിമയിൽ തനിക്ക് പ്രചോദനം ആയിട്ടുള്ളവരെ കുറിച്ച് പറയുകയാണ് ദർശന. ഒരു അഭിനേതാവ് എന്ന നിലയിൽ തനിക്ക് പ്രചോദനമായവരിൽ ഒരാൾ ഉർവശിയാണെന്നും അവരുടെ അഭിനയം കാണുമ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത അനുഭവമാണെന്നും ദർശന പറയുന്നു.
ഉർവശിയെ പോലെ അഭിനയിക്കാൻ ഒരിക്കലും കഴിയില്ലെന്നും കണ്ടാൽ അഭിനയമാണെന്ന് തോന്നാത്ത രീതിയിലാണ് ഉർവശി അഭിനയിക്കാറെന്നും ദർശന പറഞ്ഞു. സ്റ്റാർ ആൻഡ് സ്റ്റൈൽ മാഗസിനോട് സംസാരിക്കുകയായിരുന്നു താരം.
‘ഒരു അഭിനേതാവ് എന്ന നിലയിൽ സിനിമയെ നോക്കിക്കാണുന്നതിന് വളരെ മുൻപുതന്നെ ഒരു പ്രേക്ഷക എന്ന നിലയിൽ സ്‌മിത പാട്ടീൽ, ഉർവശി ചേച്ചി എന്നിവരൊക്കെ എനിക്ക് ഒരുപാട് പ്രചോദനമായിരുന്നു. അവരുടെയൊക്കെ അഭിനയം കാണുമ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത അനുഭവമാണ് ഉണ്ടാകുന്നത്.
ആ കഥയിലേക്ക് നമ്മൾ കയറിപ്പോകുന്ന ഒരനുഭവം അവർ തരും. ഇപ്പോൾ അഭിനയിച്ച് തുടങ്ങിയപ്പോഴാണ് ഇത് എത്രയധികം ബുദ്ധിമുട്ടാണെന്ന് മനസിലാകുന്നത്. ‘ഉള്ളൊഴുക്ക്’ ഞാൻ കണ്ടിരുന്നു. വർഷങ്ങളായി എല്ലാപടത്തിലും നമ്മളെ ഞെട്ടിക്കുന്ന ഒരു ആർട്ടിസ്റ്റാണ് ഉർവശി ചേച്ചി. ചേച്ചി ചെയ്യുന്നതുപോലെ അഭിനയിക്കുക എന്നു പറയുന്നത് ഒട്ടും എളുപ്പമല്ല.
പക്ഷേ, കാണുമ്പോൾ ആ ബുദ്ധിമുട്ടൊന്നും നമ്മൾ അറിയുന്നില്ല. അത്രയ്ക്ക് ഈസി ആയിട്ടാണ് ചേച്ചി അഭിനയിക്കുന്നത്. ചേച്ചി അഭിനയിക്കുമ്പോൾ ആ കഥാപാത്രം കടന്നുപോകുന്ന മാനസികാവസ്ഥ നമുക്കും ഫീൽ ചെയ്യുന്നതായി തോന്നും. അങ്ങനെ പ്രേക്ഷകനെ തോന്നിപ്പിക്കുക എന്നുള്ളത് ഒട്ടും എളുപ്പമുള്ള കാര്യമല്ല എന്ന് അഭിനയിച്ചു തുടങ്ങിയതിനുശേഷം ഞാൻ മനസ്സിലാക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഉർവശിച്ചേച്ചിയൊക്കെ എൻ്റെ ഏറ്റവും വലിയ പ്രചോദനമാണ്,’ദർശന പറയുന്നു.
Content Highlight: Darshana Rajendran Talk About Urvashi