| Tuesday, 9th July 2024, 8:36 am

'ആണും പെണ്ണും' അധികമാരും കണ്ടിട്ടുണ്ടാവില്ല, പക്ഷെ എന്നെ സംബന്ധിച്ച് ആ ചിത്രത്തിന് ഒരു പ്രത്യേകതയുണ്ട്: ദർശന രാജേന്ദ്രൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചുരുങ്ങിയകാലം കൊണ്ട് മലയാള സിനിമയിൽ ശ്രദ്ധ നേടിയ നടിയാണ് ദർശന രാജേന്ദ്രൻ. ഹൃദയം, ജയ ജയ ജയ ഹേ, തുടങ്ങിയ ചിത്രങ്ങളിലൂടെ ഏറെ സ്വീകാര്യത നേടിയ ദർശനയുടെ വേറിട്ട ഒരു ചലച്ചിത്രമായിരുന്നു ആണും പെണ്ണും എന്ന ആന്തോളജി ചിത്രം. ചിത്രത്തിൽ ദർശനയും റോഷൻ മാത്യുവും അവതരിപ്പിച്ച ഭാഗം ആഷിഖ് അബുവായിരുന്നു സംവിധാനം ചെയ്തത്.

എന്നാൽ ആണും പെണ്ണും അധികം ആളുകൾ കണ്ടിട്ടുണ്ടാവില്ലെന്നും എന്നാൽ തനിക്ക് വളരെ സ്പെഷ്യലാണെന്നും ദർശന പറയുന്നു. എല്ലാ കഥാപാത്രവും തനിക്ക് സ്പെഷ്യൽ ആണെന്നും അത് കോമേഴ്‌ഷ്യൽ സക്സസ് നോക്കിയിട്ടല്ലെന്നും ദർശന പറഞ്ഞു. മാതൃഭൂമി സ്റ്റാർ ആൻഡ്‌ സ്റ്റൈലിനോട് സംസാരിക്കുകയായിരുന്നു താരം.

‘കഥയുടേയും കഥാപാത്രങ്ങളുടേയും തെരഞ്ഞെടുപ്പിൽ വലിയ ശ്രദ്ധപുലർത്താറുണ്ട്. അതുകൊണ്ടുതന്നെ ചെയ്യുന്ന എല്ലാ പ്രോജക്ടുകളും എനിക്ക് സ്പെഷ്യലാണ്. അത് ചിലപ്പോൾ കൊമേഴ്ഷ്യൽ സക്‌സസ് കൊണ്ടായിരിക്കില്ല. ചെയ്‌ത ഓരോ കഥാപാത്രവും എന്നെ സംബന്ധിച്ച് സക്‌സസാണ്.

കഥാപാത്രത്തിൻ്റെ പോപ്പുലാരിറ്റിയൊന്നുമല്ല അതിന് മാനദണ്ഡം. ഉദാഹരണത്തിന് ‘ആണും പെണ്ണും’ എന്നുള്ള പടം അധികമാരും കണ്ടിട്ടുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. പക്ഷേ, എനിക്ക് അതൊരു സ്പെഷ്യൽ പ്രോജക്ടാണ്. അതുപോലെത്തന്നെ ‘ജയ ജയ ജയ ജയ ഹേ’ പോലൊരു പടം എനിക്ക് തന്ന ക്യാരക്ടർ വേറെതലത്തിലുള്ളതാണ്.

ഓരോ പടവും ഹൃദയത്തോട് ചേർന്ന് നിൽക്കുന്നവയാണ് എനിക്ക്. വളരെ ബുദ്ധിമുട്ടുള്ള മേഖലയാണ് സിനിമ ഇത്തരത്തിലൊക്കെ ചെയ്താൽ ഇങ്ങനെ സംഭവിക്കുമെന്ന് പറയാൻ പറ്റുന്ന പോലുള്ള സ്ട്രക്ചറുള്ള മേഖലയല്ല സിനിമ.

സക്സസിന് ഒരു ഫോർമുലയില്ല ഇവിടെ. നമ്മൾ എത്രയൊക്കെ ചെയ്‌തു എന്തൊക്കെ ചെയ്തു‌ എന്നുള്ളതൊന്നും കാര്യമല്ല. ചെയ്യുന്ന ഒരു പടം വളരെ വലിയ ഹിറ്റായാലും അടുത്ത സിനിമയിലേക്ക് പോകുമ്പോൾ ആദ്യദിനം സ്‌കൂളിലേക്ക് പോകുന്ന അതേ ഫീൽ തന്നെയാണ് തരുന്നത്.

അതുകൊണ്ടുതന്നെ ഓരോ സിനിമയും ഓരോ വെല്ലുവിളിയാണ്. ഈ മേഖലയിൽ നിൽക്കുന്ന എല്ലാവർക്കും ബുദ്ധിമുട്ടുകളുണ്ടാകാറുണ്ട്. അതൊക്കെ പക്ഷേ, സിനിമയോട് അത്രയ്ക്കിഷ്ടമുള്ളതുകൊണ്ട് ആസ്വദിച്ച് മുന്നോട്ടുപോകുന്ന,’ദർശന രാജേന്ദ്രൻ പറയുന്നു.

Content Highlight: Darshana Rajendran Talk About Her Characters

We use cookies to give you the best possible experience. Learn more