വിപിന്‍ദാസിന്റെ സംവിധാനത്തില്‍ ബേസില്‍ ജോസഫും ദര്‍ശന രാജേന്ദ്രനും അഭിനയിച്ച് ഇന്‍ഡസ്ട്രി ഹിറ്റാക്കിയ ചിത്രമാണ് ജയ ജയ ജയ ജയഹേ. ദര്‍ശനയുടെ കരിയറിലെ തികച്ചും വ്യത്യസ്തമായ ഒരു വേഷം കൂടിയായിരുന്നു ജയഹേയിലെ ജയ എന്ന കഥാപാത്രം.
എന്നാല്‍ ജയഹേ എന്ന സിനിമയുടെ കഥ കേട്ടപ്പോള്‍ അത് താന്‍ ചെയ്യേണ്ട സിനിമയാണോ എന്ന് ഒരു സംശയം തോന്നിയെന്നും അഭിനയിക്കണോ എന്ന കാര്യത്തില്‍ തനിക്ക് സംശയമുണ്ടായിരുന്നെന്നും പറയുകയാണ് ദര്‍ശന. റെഡ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
ജയഹേയിലേക്ക് ബേസില്‍ നിര്‍ബന്ധിച്ചിട്ടാണ് വന്നതെന്ന് കേട്ടിട്ടുണ്ട് അതെന്താണ് ആ കഥാപാത്രത്തോട് ആദ്യം തന്നെ ഓക്കെ പറയാതിരുന്നത് എന്ന ചോദ്യത്തിനായിരുന്നു ദര്‍ശനയുടെ മറുപടി.
‘ജയഹേയില്‍ ജയ എന്ന കഥാപാത്രത്തിലേക്ക് എന്നെ ട്രൈ ചെയ്യാമെന്ന് ബേസിലാണ് പറയുന്നത്. ആ പോയിന്റില്‍ എന്തിനാണ് എന്നെ ട്രൈ ചെയ്യുന്നത് എന്ന് അറിയില്ലായിരുന്നു. അതിലേക്ക് ഞാനായിരിക്കില്ല പെര്‍ഫെക്ട് കാസ്റ്റ് എന്ന് ആ സമയത്ത് തോന്നിയിരുന്നു.
കാരണം എനിക്ക് ഫിസിക്കല്‍ ഫിറ്റ്‌നെസോ ഒന്നും ഉണ്ടായിരുന്നില്ല. അതൊക്കെ ഉണ്ടാക്കിയെടുക്കണം. എന്നെക്കൊണ്ട് പറ്റുമോ എന്ന ഒരു ധാരണയും ഇല്ല. പക്ഷേ സൈന്‍ ചെയ്ത് കഴിഞ്ഞാല്‍ ഞാന്‍ എന്നെ കൊണ്ട് ചെയ്യാവുന്നത് എല്ലാം ചെയ്യാം. നമ്മള്‍ എക്‌സൈറ്റഡ് ആവുന്ന ഒരു പ്രൊജക്ട് ആയാല്‍ ഞാന്‍ ചാടിക്കേറും. അതില്‍ സംശയമൊന്നുമില്ല,’ ദര്‍ശന പറയുന്നു.
എനിക്ക് വരുന്ന കഥാപാത്രങ്ങള്‍ എല്ലാം കരയുന്ന കഥാപാത്രങ്ങളായിരുന്നു. ആശുപത്രിയും കരച്ചിലുമൊക്കെയായുള്ള കഥാപാത്രം, പാവം തോന്നുന്ന മുഖമാണോ എനിക്കെന്ന് അറിയില്ല. കരയാനുള്ളത് കുറേയുണ്ടായിരുന്നു. കഥ കേള്‍ക്കാന്‍ പോകുമ്പോള്‍ തന്നെ അറിയാം. ക്ഷീണിച്ചിട്ടാണ് തിരിച്ചിവരിക. കഥ കേട്ട് വിഷമിച്ച് തിരിച്ചുവരും.
അങ്ങനെ തന്നെ പ്രതീക്ഷിച്ചാണ് ജയഹേയുടെ കഥയും കേള്‍ക്കാന്‍ പോകുന്നത്. പ്രതീക്ഷിച്ചതുപോലെ ഫസ്റ്റ് ഹാഫ് കരച്ചിലും കാര്യങ്ങളുമൊക്കെയാണ്. പെട്ടെന്നാണ് എന്റെ കഥാപാത്രം തിരിച്ചിടിക്കുമെന്ന് പറയുന്നത്. ആ കൊള്ളാലോ. ഞാനാണോ ഇടിക്കുന്നത് എന്ന് തോന്നി. ഇതുവരെ ചെയ്യാത്ത കാര്യമാണല്ലോ.
നേരത്തെ ഞാന്‍ അങ്ങനെ ഒരു കഥാപാത്രം ചെയ്ത് പ്രൂവ് ചെയ്തിട്ടല്ല എന്നെ വിളിക്കുന്നത്. അവര്‍ക്ക് ഒരു വിശ്വാസം തോന്നി വിളിക്കുകയാണ്. അതുപോലെ ഹൃദയത്തില്‍ ഇതുവരെ കാണാത്ത ഞാനാണ് ഉള്ളത്. കുറച്ചുകൂടി ബ്യൂട്ടിയിലാണ് എന്നെ കാണിക്കുന്നത്.
ഒരു യൂത്ത്ഫുള്‍ കോളേജ് സ്‌പേസിലേക്ക് എന്നെ വിളിക്കുന്നു. എന്നെ നേരത്തെ അങ്ങനെ ഒരു കഥാപാത്രത്തില്‍ കണ്ടിട്ടല്ലല്ലോ വിനീതേട്ടന്‍ വിളിച്ചത്. അവര്‍ക്ക് ഇന്റലക്ച്വലി പ്ലേസ് ചെയ്യാന്‍ പറ്റിയതുകൊണ്ടാണ്.
ആണും പെണ്ണും എന്ന സിനിമയിലാണ് ഒരു ലീഡ് റോളിലേക്ക് എന്നെ ആദ്യമായി വിളിക്കുന്നത്. ഇതുവരെ ഞാന്‍ ചെയ്ത സിനിമകളില്‍ ഏറ്റവും ഫണ്ണായി ചെയ്തതും ആണും പെണ്ണുമാണ്. ക്യാരക്ടര്‍ വൈസാണെങ്കിലും എല്ലാം,’ ദര്‍ശന പറഞ്ഞു.
പടം വര്‍ക്കാവുമെന്നോ ഹിറ്റടിക്കുമെന്നോ എന്നൊരു ആലോചനയില്‍ ഞാന്‍ ഒരു പടത്തിലും ഇതുവരെ ജോയിന്‍ ചെയ്തിട്ടില്ല. ചില സിനിമകള്‍ നന്നായി വന്നു. എന്നെ സംബന്ധിച്ച് അത് സന്തോഷമാണ്. ദര്‍ശന ഉണ്ടെങ്കില്‍ പടം വര്‍ക്കാവും എന്ന് കേള്‍ക്കുന്നത് പേടിയാണ്.
പുരുഷപ്രേതം വന്ന സമയത്ത് ക്രിഷാന്തും ദര്‍ശനയും ജിയോ ബേബിയുമൊക്കെയുണ്ട് അത് വര്‍ക്കാവുമെന്ന് ചിലര്‍ പറയുന്നത് കേട്ടു. അതൊരു എക്‌സ്പിരിമെന്റല്‍ ഫിലിമാണ്. അത് എന്താവുമെന്ന് റിലീസ് ആയാലേ മനസിലാവുള്ളൂ. എനിക്ക് അങ്ങനത്തെ സിനിമകള്‍ ചെയ്യാന്‍ ഇഷ്ടമാണ്.
ആള്‍ക്കാര്‍ ദര്‍ശന ഉണ്ടെങ്കില്‍ സിനിമ കാണാമെന്ന് പറയുന്നത് കേള്‍ക്കുന്നതില്‍ സന്തോഷം മാത്രമേയുള്ളൂ. എനിക്ക് ചെയ്യണമെന്ന് തോന്നിയ പടങ്ങള്‍ മാത്രമേ ഇതുവരെ ചെയ്തിട്ടുള്ളൂ. അത്തരം സിനിമകളില്‍ മറ്റുള്ളവര്‍ക്കും താത്പര്യമുണ്ടെന്ന് കേള്‍ക്കുമ്പോള്‍ സന്തോഷം’, ദര്‍ശന പറഞ്ഞു.
Content Highlight: Darshana Rajendran About why she choose Jaya Jaya Jaya Jayahe Movie Character