| Monday, 5th December 2022, 8:07 pm

എന്റെ ചവിട്ട് ബേസിലിന്റെ മുഖത്തുകൊണ്ട് വായില്‍ നിന്നും ചോര വന്നു, ഷൂട്ട് നിര്‍ത്തുമോയെന്ന് ഞാന്‍ പേടിച്ചു: ദര്‍ശന രാജേന്ദ്രന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജയ ജയ ജയ ജയഹേ എന്ന് ചത്രത്തിലെ ഫൈറ്റ് സീനിനെപ്പറ്റി സംസാരിക്കുകയാണ് നടി ദര്‍ശന രാജേന്ദ്രന്‍. ഷൂട്ടിന് മുമ്പുള്ള പ്രാക്ടീസ് സെക്ഷനില്‍ തന്റെ ചവിട്ടുകൊണ്ട് ബേസില്‍ ജോസഫിന് പരിക്ക് പറ്റിയെന്നും താരം പറഞ്ഞു. സൈന മൂവീസിലൂടെ ഷൂട്ടിങ് വിശേഷങ്ങള്‍ പങ്കുവെക്കുകയായിരുന്നു ദര്‍ശന. തിയേറ്ററിലെ വലിയ വിജയത്തിന് ശേഷം ഒ.ടി.ടിയില്‍ ചിത്രത്തിന്റെ സ്ട്രീമിങ് ആരംഭിച്ചിരിക്കുകയാണ്.

‘ആദ്യം ഞാന്‍ ജയഹേയുടെ സ്‌ക്രിപ്റ്റ് കേള്‍ക്കാന്‍ പോയപ്പോള്‍ തന്നെ ഇത് എങ്ങനെ ചെയ്യും എന്ന തോന്നല്‍ എനിക്കുവന്നിരുന്നു. ഇത് എന്താണ് പരിപാടി ഞാന്‍ ഇതെങ്ങനെ ചെയ്യും തുടങ്ങി ഒരുപാട് ചിന്തകള്‍ അന്ന് തൊട്ട് മനസിലുണ്ടായിരുന്നു. സ്‌ക്രിപ്റ്റ് കേട്ട് ഷൂട്ട് തുടങ്ങുന്നതുവരെ എനിക്ക് ടെന്‍ഷനായരുന്നു.

ഞാന്‍ ആദ്യമായിട്ടാണ് ഇങ്ങനെ ഫിസിക്കലി ഡിമാന്റിങ്ങായിട്ടുള്ള ഒരു സ്‌കില്‍ സിനിമക്കുവേണ്ടി പഠിക്കുന്നത്. ഷൂട്ട് ഇത്ര ദിവസത്തിനള്ളില്‍ തുടങ്ങും അതിന് മുമ്പ് പഠിക്കണം എന്നൊക്കെ പറഞ്ഞിട്ടുണ്ടായിരുന്നു. ഈ അറിയാത്ത പരിപാടി ചെയ്യുക എന്നത് എനിക്ക് ഭയങ്കര ബുദ്ധിമുട്ടുള്ള കാര്യമാണ്. ചിലപ്പോള്‍ ഇന്‍സ്ട്രമന്‍സ് പ്ലേ ചെയ്യേണ്ടി വരും, അപ്പോഴൊന്നും ആരും പറയരുത് അറിയാത്ത പണി ചെയ്യുകയാണെന്ന്.

പരിശീലനത്തിന്റെ രണ്ടാം ദിവസം എന്റെ കാലിന്റെ ആങ്കിള്‍ നേരെ തിരിഞ്ഞു. പിന്നെ ഞാന്‍ രണ്ടുമാസം റെസ്റ്റായിരന്നു. വീണ്ടും ഷൂട്ട് തുടങ്ങുന്നതിന് ഒരാഴ്ച മുമ്പ് എനിക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ വന്നു. പിന്നെയും ഒരാഴ്ച ബെഡ്ഡിലായി. അപ്പോള്‍ ഞാന്‍ ഉറപ്പിച്ചു ഷൂട്ട് തുടങ്ങുന്ന സമയമാകുമ്പോള്‍ ഞാന്‍ പഠിച്ചതൊക്കെ മറന്നുപോകുമെന്ന്.

എന്റെ ട്രെയിനേഴ്‌സ് രണ്ടുപേരും നല്ലരീതിയില്‍ കഷ്ടപ്പെട്ടിരുന്നു. സിനിമയില്‍ ബേസിലിന്റെ വയറ്റില്‍ ഞാന്‍ ഇടിക്കുന്ന സീനുണ്ട്, അപ്പോള്‍ ബേസില്‍ ആദ്യം ഒന്ന് കുനിയും എന്നിട്ട് എണീറ്റ് വരുമ്പോള്‍ ഞാന്‍ നെഞ്ചില്‍ ചവിട്ടും. ആ സീന്‍ ഞാനും ബേസിലും പ്രാക്ടീസ് ചെയ്തപ്പോള്‍ ടൈമിങ് തെറ്റിപ്പോയി. എന്റെ ആ ചവിട്ട് ബേസിലിന്റെ മുഖത്താണ് കൊണ്ടത്.

ഫൈറ്റ് തുടങ്ങുന്നതിന് മുമ്പ് തന്നെ അങ്ങനെയൊരു ചവിട്ട് കൊണ്ടപ്പോള്‍ ശരിക്കും ഞങ്ങള്‍ പേടിച്ചുപോയി. ബേസിലിന്റെ വായില്‍ നിന്നൊക്കെ ചോര വന്നു. ഞാന്‍ ശരിക്കും ദൈവത്തെ വിളിച്ചുപോയി. കാരണം ഇത്രയും കഷ്ടപ്പെട്ട് പഠിച്ചിട്ട് ഷൂട്ടിന് പാക്കപ്പൊക്കെ പറഞ്ഞ് വീട്ടില്‍ പോകേണ്ടി വരുമല്ലോയെന്ന് ഞാന്‍ ഓര്‍ത്തുപോയി.

അങ്ങനെ ഷൂട്ട് എല്ലാം കഴിഞ്ഞ് ആദ്യം ഡബ്ബ് ചെയ്യാന്‍ പോയത് ഞാനായിരുന്നു. എന്നാല്‍ അവിടെ എത്തിയപ്പോള്‍ എങ്ങനെ ഡബ്ബ് ചെയ്യണമെന്ന അറിയില്ലായിരന്നു. ഞാന്‍ എത്ര ചെയ്തിട്ടും അത് ശരിയായില്ല. അവസാനം ഞങ്ങള്‍ തീരുമാനിച്ചു ബേസിലും ഞാനുംകൂടി മൈക്കിന്റെ മുന്നില്‍ നിന്ന് മോക് ഫൈറ്റ് ചെയ്യാമെന്ന്. അത് നല്ലൊരു പരിപാടിയായിരുന്നു,’ ദര്‍ശന പറഞ്ഞു.

വിപിന്‍ ദാസിന്റെ സംവിധാനത്തില്‍ ഒക്ടോബര്‍ ഇരുപത്തിയെട്ടിനാണ് സിനിമ തിയേറ്ററിലെത്തിയത്. അജു വര്‍ഗീസ്, ഹരീഷ് പേരടി, അനില്‍ നെടുമങ്ങാട്, മഞ്ജു പിള്ള തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. തിയേറ്ററില് മികച്ച പ്രതികരണമാണ് സിനിമക്ക് ലഭിച്ചത്.

content highlight: darshana rajendhran talks about fight scene in jaya jaya jaya jayahe movie

We use cookies to give you the best possible experience. Learn more