| Tuesday, 25th January 2022, 6:10 pm

ബേസില്‍- ടൊവിനോ കോമ്പോയ്‌ക്കൊപ്പം ദര്‍ശന ഒന്നിക്കുന്നു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സോഷ്യല്‍ മീഡിയ ആകെ ‘ഹൃദയം’ ആണിപ്പോള്‍ ചര്‍ച്ച. ചിത്രത്തിന്റെ റിലീസിന് മുമ്പേ ഇറങ്ങിയ ‘ദര്‍ശനാ’ എന്ന ഗാനത്തോടെയായിരുന്നു എല്ലാത്തിനും തുടക്കം. പാട്ടില്‍ ‘ദര്‍ശന’ എന്ന പേര് ഹൈലൈറ്റ് ചെയ്തത് പോലെ ദര്‍ശന സിനിമയിലും സ്‌കോര്‍ ചെയ്തു.

പ്രതീക്ഷിക്കപ്പെട്ടത് പോലെ ‘ദര്‍ശന’യുടെ ആത്മസംഘര്‍ഷങ്ങളം, വിദ്യാര്‍ത്ഥി ജീവിതവുമൊക്കെ മനോഹരമായി തന്നെ ദര്‍ശന ആവിഷ്‌കരിച്ചു.

ഒരു പക്ഷേ മിന്നല്‍ മുരളിക്ക് ശേഷം മലയാളി പ്രേക്ഷകര്‍ ഏറ്റവും കൂടുതല്‍ കാത്തിരുന്ന സിനിമ ‘ഹൃദയ’മാകാം. 2021 ഡിസംബറില്‍ പുറത്തിറങ്ങിയ മിന്നല്‍ മുരളി ഇന്ത്യയാകെ വിജയമായിരുന്നു.

ഇപ്പോഴിതാ മറ്റൊരു സന്തോഷ വാര്‍ത്ത വെളിപ്പെടുത്തിയിരിക്കുകയാണ് ദര്‍ശന രാജേന്ദ്രന്‍. ബേസില്‍-ടൊവിനോ ജനപ്രിയകോമ്പോയ്‌ക്കൊപ്പം ഒന്നിക്കാന്‍ പോവുകയാണ് ദര്‍ശന.

ദര്‍ശന തന്നെയാണ് ഇക്കാര്യം കൗമുദി മൂവിസിന് നല്‍കിയ അഭിമുഖത്തിലൂടെ വെളിപ്പെടുത്തിയത്. ബേസിലും ടൊവിനോയും വീണ്ടും ഒന്നിക്കുന്ന പേരിടാത്ത ചിത്രം തന്റെ പുതിയ പ്രോജക്ടുകളിലൊന്നാണ് എന്നാണ് ദര്‍ശന പറഞ്ഞത്.

ചിത്രത്തെ പറ്റി കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. നിവിന്‍ പോളി നായകനാകുന്ന തുറമുഖമാണ് ദര്‍ശനയുടെ റിലീസ് ചെയ്യാനിരിക്കുന്ന പുതിയ ചിത്രം. ഒമിക്രോണ്‍ ഭീഷണിയെ തുടര്‍ന്ന് തുറമുഖത്തിന്റെ റിലീസ് മാറ്റിവെച്ചിരുന്നു. ആമസോണിന്റെ ഹിന്ദി സീരിസാണ് മറ്റൊരു പ്രോജക്ട്.

ആഷിക് അബു സംവിധാനം ചെയ്ത’നാരദനാ’ണ് ടൊവിനോയുടെ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം. ഒമിക്രോണ്‍ ഭീഷണിയെ തുടര്‍ന്ന് ഈ ചിത്രത്തിന്റെ റിലീസും മാറ്റിവെച്ചിരുന്നു. കീര്‍ത്തി സുരേഷ് നായികയായെത്തുന്ന ‘വാശി’യാണ് മറ്റൊരു ചിത്രം. കഴിഞ്ഞ 20 തിന് വാശിയുടെ ചിത്രീകരണം പൂര്‍ത്തിയായിരുന്നു.


Content Hilight: darsana joints with tovino and basil

We use cookies to give you the best possible experience. Learn more