പാകിസ്ഥാനെതിരായ ആദ്യ ടി-ട്വന്റി മത്സരത്തില്‍ ന്യൂസിലാന്‍ഡിന് 46 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം. ഈഡന്‍ പാര്‍ക്കില്‍ ടോസ് നേടിയ പാകിസ്ഥാന്‍ ന്യൂസിലാന്‍ഡിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 226 റണ്‍സാണ് ന്യൂസിലാന്‍ഡ് നേടിയത്. മറുപടി ബാറ്റിങ്ങില്‍ 18 ഓവറില്‍ 180 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു മെന്‍ ഇന്‍ ഗ്രീന്‍. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ കിവീസ് മുന്നിലാണ്.
കെയ്ന്‍ വില്യംസണും ഡാരിയില്‍ മിച്ചലും ചേര്‍ന്നുള്ള തകര്‍പ്പന്‍ കൂട്ടുകെട്ടിലാണ് ന്യൂസിലാന്‍ഡ് മികച്ച സ്‌കോറില്‍ എത്തിയത്. ഡാരിയല്‍ മിച്ചല്‍ 27 പന്തില്‍ നിന്നും നാല് സിക്‌സറുകളും നാല് ബൗണ്ടറികളും അടക്കം 61 റണ്‍സ് ആണ് സ്വന്തമാക്കിയത്. 225.93 എന്ന മിന്നും സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റെ പ്രകടനം. 2024 ഐ.പി.എല്‍ സീസണില്‍ 14 കോടി രൂപ മുടക്കിയാണ് താരത്തെ ചെന്നൈ സൂപ്പര്‍ കിങ്‌സ് റാഞ്ചിയത്. ഇതോടെ ഐ.പി.എല്ലില്‍ താരത്തിന്റെ വെടിക്കെട്ട് പ്രകടനം കാണാന്‍ കാത്തിരിക്കുകയാണ് ആരാധകരും.
ഡാരിയലിന് പുറമേ ഓപ്പണര്‍ ഫിന്‍ അലന്‍ 15 പന്തില്‍ നിന്ന് മൂന്ന് സിക്‌സറുകളും മൂന്നു ബൗണ്ടറികളും അടക്കം 34 റണ്‍സ് സ്വന്തമാക്കിയിരുന്നു. ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ 42 പന്തില്‍ നിന്നും ഒമ്പത് ബൗണ്ടറികള്‍ അടക്കം 57 റണ്‍സ് നേടിയാണ് മാസ്റ്റര്‍ ക്ലാസ് പ്രകടനം നടത്തിയത്.
പാകിസ്ഥാന്‍ ബൗളിങ് നിരയില്‍ ക്യാപ്റ്റന്‍ ഷഹീന്‍ അഫ്രിദി മൂന്നു വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ അബ്ബാസ് അഫ്രിദിയും മൂന്നു വിക്കറ്റുകള്‍ നേടി. ഹാരിസ് റൗഫിന് രണ്ട് വിക്കറ്റുകളും ഉണ്ട്.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ പാകിസ്ഥാന്‍ ബാറ്റര്‍മാര്‍ ടോപ്പ് ഓര്‍ഡറില്‍ ഭേദപ്പെട്ട റണ്‍സ് സ്‌കോര്‍ ചെയ്‌തെങ്കിലും ബാബര്‍ അസം മാത്രമാണ് ടീമിന് അര്‍ധ സെഞ്ച്വറി നേടിക്കൊടുത്തത്. 35 പന്തില്‍ നിന്നും രണ്ട് സിക്‌സറുകളും ആറ് ബൗണ്ടറികളും അടക്കം 57 റണ്‍സ് ആണ് താരം നേടിയത്. എന്നാല്‍ പാക്ക് ഓപ്പണര്‍ സൈം അയ്യൂബ് എട്ട് പന്തില്‍ നിന്ന് മൂന്ന് സിക്‌സറുകളും രണ്ട് ബൗണ്ടറുകളും അടക്കം 27 റണ്‍സ് നേടി മിന്നും പ്രകടനം കാഴ്ചവെച്ചിരുന്നു. പക്ഷേ ഒരു റണ്‍ ഔട്ടില്‍ താരത്തിന് തന്റെ വെടിക്കെട്ട് പ്രകടനം അവസാനിപ്പിക്കേണ്ടിവന്നു. 337.50 എന്ന സ്‌ട്രൈക്ക് റേറ്റ് ആണ് അയ്യൂബ് സ്വന്തമാക്കിയത്.
ടിം സൗത്തിയുടെ നാല് വിക്കറ്റിന്റെ ബലത്തിലാണ് പാകിസ്ഥാന്‍ ബാറ്റര്‍മാരെ കിവീസ് തളച്ചത്. ആദം മില്‌നിക്കും ബെന്‍ സീര്‍സിനും രണ്ടു വിക്കറ്റുകള്‍ വീതം സ്വന്തമാക്കാനും കഴിഞ്ഞു.
Content Highlight: Darryl Mitchell has done well against Pakistan