വിന്‍ഡീസിനായി രണ്ട് ലോകകപ്പ് സ്വന്തമാക്കിയവന്‍ ഒരുങ്ങുന്നു, ആ പഴയ വെസ്റ്റ് ഇന്‍ഡീസിനെ തിരിച്ചുകൊണ്ടുവരാന്‍
Sports News
വിന്‍ഡീസിനായി രണ്ട് ലോകകപ്പ് സ്വന്തമാക്കിയവന്‍ ഒരുങ്ങുന്നു, ആ പഴയ വെസ്റ്റ് ഇന്‍ഡീസിനെ തിരിച്ചുകൊണ്ടുവരാന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 28th August 2024, 1:50 pm

സൗത്ത് ആഫ്രിക്കയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലെ ടി-20 പരമ്പരയില്‍ സമ്പൂര്‍ണ ആധിപത്യം പുലര്‍ത്തിയാണ് ആതിഥേയര്‍ പ്രോട്ടിയാസിനെ ഞെട്ടിച്ചത്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഒന്നില്‍ പോലും വിജയിക്കാന്‍ സാധിക്കാതെയാണ് മര്‍ക്രമിന്റെ പോരാളികള്‍ കീഴടങ്ങിയത്.

ബുധനാഴ്ച നടന്ന പരമ്പരയിലെ അവസാന മത്സരത്തില്‍ എട്ട് വിക്കറ്റിനാണ് വിന്‍ഡീസ് വിജയിച്ചത്. ഡക്‌വര്‍ത്-ലൂയീസ്-സ്റ്റേണ്‍ നിയമപ്രകാരം പുതുക്കിയ വിജയലക്ഷ്യം 22 പന്ത് ബാക്കി നില്‍ക്കെ വിന്‍ഡീസ് മറികടക്കുകയായിരുന്നു.

വിന്‍ഡീസിന്റെ പരമ്പര വിജയത്തിന് പിന്നാലെ വിന്‍ഡീസ് പരിശീലകനും മുന്‍ സൂപ്പര്‍ താരവുമായ ഡാരന്‍ സമ്മി പറഞ്ഞ വാക്കുകള്‍ വീണ്ടും ചര്‍ച്ചയാവുകയാണ്. ഈ പരമ്പരക്ക് മുമ്പ് സമ്മി നടത്തിയ പ്രസ്താവനയാണ് ഒരിക്കല്‍ക്കൂടി ചര്‍ച്ചയാകുന്നത്.

‘തുടര്‍ച്ചയായി സ്വയം മെച്ചപ്പെടുത്താനും പരിവര്‍ത്തനപ്പെടുത്താനുമുള്ള വഴികള്‍ നമ്മള്‍ കണ്ടെത്തേണ്ടതുണ്ട്. വിന്‍ഡീസിനെ ഒരു ചാമ്പ്യന്‍ഷിപ്പ് വിന്നിങ് ടീമാക്കി മാറ്റാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.

നിലവില്‍ വെസ്റ്റ് ഇന്‍ഡീസ് ഒരു സീരീസ് വിന്നിങ് ടീമാണ്. ഒരു ടീമിനെതിരെ മൂന്നോ അഞ്ചോ മത്സരങ്ങളടങ്ങിയ പരമ്പര കളിക്കുന്നു, ആ പരമ്പരയില്‍ എന്ത് ചെയ്യണമെന്ന് ഞങ്ങള്‍ക്ക് വ്യക്തമായി അറിയാം. എന്നാല്‍ ഈ ടീമിനെ ഒരു ചാമ്പ്യന്‍ഷിപ്പ് വിന്നിങ് ടീമാക്കി മാറ്റാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.

ഒരു ടൂര്‍ണമെന്റില്‍ വിവിധ ടീമുകളോട് മത്സരിക്കുകയും ഓരോ മത്സരത്തിലും തങ്ങളുടെ മികച്ച പ്രകടനം കളത്തില്‍ പുറത്തെടുക്കുകയും വേണം,’ എന്നാണ് സമ്മി പറഞ്ഞത്.

ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥേയരാകുന്ന 2026 ടി-20 ലോകകപ്പാണ് സമ്മി ലക്ഷ്യമിടുന്നത് എന്ന കാര്യം വ്യക്തമാണ്. 2024 ലോകകപ്പിലെ മികച്ച പ്രകടനത്തിന് പിന്നാലെ ടീം 2026 ലോകകപ്പിനും യോഗ്യത നേടിയിരുന്നു.

വെസ്റ്റ് ഇന്‍ഡീസിനെ രണ്ട് തവണ ടി-20 ലോകകപ്പ് ചൂടിച്ച ഡാരന്‍ സമ്മിയുടെ വാക്കുകള്‍ ഏറെ ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

അതേസമയം, മഴ മൂലം ടോസ് വൈകിയ പരമ്പരയുടെ അവസാന മത്സരത്തില്‍ ഭാഗ്യം തുണച്ച വെസ്റ്റ് ഇന്‍ഡീസ് ബൗളിങ് തെരഞ്ഞെടുത്തു. സൗത്ത് ആഫ്രിക്ക പതിയെ ഇന്നിങ്‌സ് കെട്ടിപ്പടുക്കുന്നതിനിടെ വീണ്ടും മഴയെത്തിയതോടെ മത്സരം ഒരു മണിക്കൂറിലധികം നിര്‍ത്തി വെക്കേണ്ടി വന്നു.

മൊമെന്റം നഷ്ടപ്പെട്ട സൗത്ത് ആഫ്രിക്കക്ക് പിന്നീട് മത്സരത്തിലേക്ക് തിരിച്ചുവരാന്‍ സാധിച്ചില്ല. ഒടുവില്‍ 13 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 108ന് സന്ദര്‍ശകര്‍ ഇന്നിങ്‌സ് അവസാനിപ്പിച്ചു. 15 പന്തില്‍ 40 റണ്‍സ് നേടിയ ട്രിസ്റ്റണ്‍ സ്റ്റബ്‌സാണ് പ്രോട്ടിയാസ് നിരയിലെ ടോപ് സ്‌കോറര്‍.

മഴ നിയമപ്രകാരം 13 ഓവറില്‍ 116 റണ്‍സ് വിജയലക്ഷ്യവുമായി കളത്തിലിറങ്ങിയ വിന്‍ഡീസ് ഷായ് ഹോപ്, നിക്കോളാസ് പൂരന്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍ എന്നിവരുടെ മികച്ച പ്രകടനത്തില്‍ വിജയം സ്വന്തമാക്കി.

ഹോപ് 24 പന്തില്‍ പുറത്താകാതെ 42 റണ്‍സ് നേടിയപ്പോള്‍ 17 പന്തില്‍ പുറത്താകാതെ 31 റണ്‍സാണ് ഹെറ്റി നേടിയത്.

വെറും 13 പന്തില്‍ 35 റണ്‍സാണ് പൂരന്‍ അടിച്ചുകൂട്ടിയത്. നാല് സിക്‌സറും രണ്ട് ഫോറും ഉള്‍പ്പെടെ 269.23 സ്‌ട്രൈക്ക് റേറ്റിലായിരുന്നു വിക്കറ്റ് കീപ്പര്‍ ബാറ്ററുടെ വെടിക്കെട്ട്.

ഇതോടെ സ്വന്തം മണ്ണില്‍ ടെസ്റ്റ് പരമ്പര പരാജയപ്പെട്ടതിന് മറുപടി നല്‍കാനും വിന്‍ഡീസനായി. രണ്ട് മത്സരങ്ങളടങ്ങിയ പരമ്പര 1-0നാണ് സൗത്ത് ആഫ്രിക്ക വിജയിച്ചത്.

 

Content highlight: Darren Sammy says he want to make West Indies to be a championship-winning team